തിരുവനന്തപുരം കോർപ്പറേഷൻ: എൽഡിഎഫ് 93 വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിലേക്കുള്ള 93 വാർഡുകളിലെ സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചതോടെ മത്സരത്തിൻ്റെ ചിത്രം വ്യക്തമായിരിക്കുകയാണ്. കോർപറേഷൻ ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഇടതുമുന്നണി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്. കോൺഗ്രസും ബിജെപിയും നേരത്തെ തന്നെ തങ്ങളുടെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും
ബാക്കിയുള്ള എട്ട് വാർഡുകളിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള ഘടകകക്ഷികളുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് അറിയിച്ചു. ഈ ചർച്ചകൾ നാളെയോടെ പൂർത്തിയാക്കി മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് ശ്രമം. ആകെ 100 സീറ്റുകളുള്ള കോർപറേഷനിൽ സിപിഎം 70 സീറ്റുകളിലും സിപിഐ 17 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.ജനതാദൾ എസ്, എൻസിപി, കേരള കോൺഗ്രസ് ബി, ജെഎസ്എസ്, ജനാധിപത്യ കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കായി 31 സീറ്റുകൾ നൽകാൻ ധാരണയായി. ഇതിൽ ജനതാദൾ എസ് രണ്ട് സീറ്റുകളിലും കേരള കോൺഗ്രസ് എം മൂന്ന് സീറ്റുകളിലും ആർജെഡി മൂന്ന് സീറ്റുകളിലും മത്സരിക്കും; മറ്റ് ഘടകകക്ഷികൾ ഓരോ സീറ്റിലുമാണ് മത്സരിക്കുക.
പട്ടികയിലെ പ്രമുഖരും യുവജനങ്ങളും
മുൻ മേയർ കെ ശ്രീകുമാർ, സിപിഎം പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു, എസ്പി ദീപക് എന്നിവരെ മുൻനിർത്തിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൂടാതെ, തുടർച്ചയായി രണ്ടു തവണ മത്സരിച്ച ചിലർക്ക് ഇത്തവണയും അവസരം നൽകിയിട്ടുണ്ട്. 30 വയസിന് താഴെ 13 പേരും 40 വയസിന് താഴെ 12 പേരും സ്ഥാനാർഥി പട്ടികയിൽ ഇടം നേടി. എസ്പി ദീപക്, എസ് സുന്ദർ, ആർപി ശിവജി, പി ശ്രീകുമാർ എന്നീ നാല് ജില്ലാ കമ്മിറ്റി അംഗങ്ങളും മത്സരരംഗത്തുണ്ട്. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ വിഎസ് രശ്മിയും മത്സരിക്കുന്നു.
മൂന്നിലധികം തവണ മത്സരിക്കുന്നവരിൽ ഉൾപ്പെടുന്ന മുൻ ഡെപ്യൂട്ടി മേയറായ രാഖി രവികുമാറിന് പാർട്ടിയുൻ്റെ പ്രത്യേക അനുമതി വാങ്ങിയാണ് അവസരം നൽകിയതെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു. നിലവിലെ ഡെപ്യൂട്ടി മേയർ പികെ രാജുവിൻ്റെ മകളും എഐവൈഎഫിൻ്റെ പ്രമുഖ നേതാവുമായ തൃപ്തി രാജും മത്സര രംഗത്തുണ്ട്.
നിലവിലെ മേയർ ആര്യ രാജേന്ദ്രൻ ഈ തവണ തലസ്ഥാനത്തെ പോരാട്ടത്തിനില്ല എന്നതാണ് സിപിഎം പട്ടികയിലെ ശ്രദ്ധേയമായ കാര്യം. സ്ഥാനാർഥി പ്രഖ്യാപന വേദിയിൽ മേയർ പങ്കെടുക്കാത്തത് കോഴിക്കോട് ആയതിനാലാണ് എന്ന് ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ വ്യക്തമാക്കി.
മേയർ സ്ഥാനവും ആർ ശ്രീലേഖയുടെ സ്ഥാനാർഥിത്വവും
മേയറെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനിക്കുകയെന്ന് വി ജോയ് വ്യക്തമാക്കി. മുൻ ഡിജിപി ആർ ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വി ജോയ് പറഞ്ഞത് ഇങ്ങനെയാണ്: "അഞ്ചു ഡസൻ പൊലീസുകാരുടെ അകമ്പടിയോടെ ജീവിച്ച ഒരാൾ പട്ടി ചത്തു കിടന്നാൽ കുഴിച്ചിടാൻ വരുമോ". സിപിഎമ്മും പ്രമുഖരെ അണിനിരത്തി മത്സരത്തിനിറങ്ങുന്നതോടെ കോർപറേഷൻ തെരഞ്ഞെടുപ്പിൻ്റെ മത്സരം കൂടുതൽ ശക്തമാവുകയാണ്. യുഡിഎഫിനും എൻഡിഎക്കും പിന്നാലെയാണ് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
എൽഡിഎഫ് സ്ഥാനാർഥികളുടെ പട്ടിക
തിരുവനന്തപുരം കോർപറേഷനിലെ 93 വാർഡുകളിലെ എൽഡിഎഫ് സ്ഥാനാർഥികൾ താഴെ പറയുന്നവരാണ്:
കഴക്കൂട്ടം - പ്രശാന്ത് എസ്, സൈനീക് സ്‌കൂൾ - ബിജു എസ്എസ്, ചന്തവിള - എസ് ലതാകുമാരി, കാട്ടായിക്കോണം - സിന്ധു ശശി, ഞാണ്ടൂർക്കോണം - പി കൃഷ്ണകുമാർ, പൗഡിക്കോണം - അനന്തു സിഎസ്, ചേങ്കോട്ടുകോണം - മാാകുമാരി സിഐ, ചെമ്പഴന്തി - ഷീല മോഹനൻ.
കാര്യവട്ടം - ലക്ഷമി കൃഷ്ണ, പാങ്ങപ്പാറ - ദീപ ഒ, ശ്രീകാര്യം - കെഎസ് ഷീല, ചെല്ലമംഗലം - അരുൺ ആർ, കുഴിവിള - ബിജു കെവി, കുളത്തൂർ - ശുതി ഐഎം, ആറ്റിപ്ര - ശിവദത്ത്, പള്ളിത്തുറ - സുചിത്ര ടി.
മണ്ണന്തല - എൻ അനിൽകുമാർ, നാലാഞ്ചിറ - ജയകുമാരി, ഇടവക്കോട് - ശാലിനി വി, ഉള്ളൂർ - ലിജു എസ്, മെഡിക്കൽ കോളേജ് - എസ്എസ് സിന്ധു, പട്ടം - തൃപ്തിരാജ്, ഗൗരീശപട്ടം - സി പാർവ്വതി, പെരുന്താന്നി - അനുജൻ എൽ.
പേട്ട - എസ്പി ദീപക്, ചാക്ക - കെ ശ്രീകുമാർ, വെട്ടുകാട് - കിൻസി ഐവിൻ, കരിക്കകം - അശ്വതി എംഎസ്, കടകംപള്ളി - ജിഷചന്ദ്രൻ, അണമുഖം - ആർ വീണാകുമാരി, ആക്കുളം - ശ്രീജ എസ്, ചെറുവയ്ക്കൽ - അരുൺ എ.
അലത്തറ - മാഗ്ന ബി, പാതിരിപ്പള്ളി - ബി അജയകുമാർ, അമ്പലമുക്ക് - എംഎസ് കസ്തൂരി, കുടപ്പനക്കുന്ന് - സബിത, തുരുത്തുംമൂല - ബി മനു, നെട്ടയം - വികെ നന്ദിനികുമാരി, കാച്ചാണി - ആരോമൽ കെജി, വാഴോട്ടുകോണം - ഷാജി.
കൊടുങ്ങാനൂർ - വി സുകുമാരൻനായർ, പേരൂർക്കട - വിനീത് വി ജി, കുറവൻകോണം - സൗമ്യ, മുട്ടട - അംശുവാമദേവൻ, ചെട്ടിവിളാകം - സിഎൽ രാജൻ, കിണവൂർ - തോമസ് ചെറിയാൻ, കേശവദാസപുരം - വിഎസ് ശ്യാമ, വട്ടിയൂർകാവ് - വിനുകുമാർ എസ്.
കുന്നുകുഴി - ബിനു ഐപി, നന്തൻകോട് - പാളയം രാജൻ, വഴുതക്കാട് - രാഖി രവികുമാർ, ശാസ്തമംഗലം - അമൃത ആർ, പാങ്ങോട് - അഭിജിത് എ, വലിയവിള - ജി രാമചന്ദ്രൻ, ജഗതി - പൂജപ്പുര രാധാകൃഷ്ണൻ, തൈക്കാട് - ജി വേണുഗോപാലൻ.
വഞ്ചിയൂർ - വഞ്ചിയൂർ ബാബു, കണ്ണമ്മൂല - സതീഷ്‌കുമാർ, പുഞ്ചക്കരി - ഷൈലജാ ദേവി, പൂങ്കുളം - വണ്ടിത്തടം മധു, പോർട്ട് - പനിയടിമ, വിഴിഞ്ഞം - എൻ നൗഷാദ്, ഹാർബർ - അഫ്‌സ സജീന, വെള്ളാർ - ജിഎസ് ബിന്ദു.
തിരുവല്ലം - കരിങ്കട രാജൻ, പൂജപ്പുര - ആർച്ച എസ്എസ്, വലിയശാല - ബിന്ദു മേനോൻ എൽ ആർ, ആറന്നൂർ - രഞ്ജിത് ടികെ, മുടവൻമുഗൾ - വി ഗോപകുമാർ, നെടുങ്കാട് - അംബിക ടി, പൂന്തുറ - എസ്‌കിലൻ ടീച്ചർ, പുത്തൻപള്ളി - സോഫിയ.
അമ്പലത്തറ - എസ് ഗീതകുമാരി, ആറ്റുകാൽ - അശ്വതി വി, കളിപ്പാൻകുളം - റസിയാബീഗം ബി, കമലേശ്വരം - വി ഷാജി, വലിയതുറ - അയറിൻ ടീച്ചർ, വള്ളക്കടവ് - ഷാദിതാ നാസർ, ശ്രീവരാഹം - പ്രിയ സി നായർ, മണക്കാട് - രേഖ.
ചാല - എസ്എ സുന്ദർ, എസ്‌റ്റേറ്റ് - കെ സന്തോഷ്‌കുമാർ, നേമം - ബിജു ചിന്നത്തിൽ, പെണ്ണുമംഗലം - റജീല എസ്, പാപ്പനംകോട് - വിഎസ് വിജയകുമാർ, കരുമം - സി സിന്ധു, തിരുമല - ഗംഗ പിഎസ്, തൃക്കണ്ണാപുരം - അജിൻ എസ്എൽ, പുന്നയ്ക്കാമുകൾ - ആർപി ശിവജി.
ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം
ഇടതുമുന്നണിയിൽ സിപിഐ 17 സീറ്റുകളിലും, ജനതാദൾ എസ് 2 സീറ്റുകളിലും, ആർജെഡി 3 സീറ്റുകളിലും, കേരള കോൺഗ്രസ് എം 2 സീറ്റുകളിലും മത്സരിക്കും. ഐഎൻഎൽ, കേരള കോൺഗ്രസ് ബി, ജെഎസ്എസ്, കോൺഗ്രസ് എസ്, എൻസിപി, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾ ഓരോ സീറ്റിലാണ് മത്സരിക്കുന്നത്. ഇടതു മുന്നണി നേതാക്കൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്.