വന്‍ പ്രഖ്യാപനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക

വന്‍ പ്രഖ്യാപനങ്ങളുമായി എൽഡിഎഫ്  പ്രകടന പത്രിക

കോഴിക്കോട്: വന്‍ പ്രഖ്യാപനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടന പത്രിക. കേവല ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുതല്‍ അഭ്യസ്‌തവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്‌പ വരെയുള്ള വന്‍ പദ്ധതികളാണ് ഇടതുമുന്നണിയുടെ വാഗ്‌ദാനം. കോഴിക്കോട്ട് സി എച്ച് കണാരന്‍ സ്‌മാരക മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ക്ഷേമപെന്‍ഷനുകളുടെ തുക മൂവായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കും. സ്‌ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.രണ്ട് പുസ്‌തകമായാണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ക്യാമ്പസ് പ്ലേസ്മെന്‍റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ക്ഷേമപെൻഷൻ 3000 രൂപ ആക്കും എന്ന് വാ​ഗ്‌ദാനം ചെയ്യുന്നു. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കും. ഈ അധ്യയന വർഷം 60000 പേര്‍ക്ക് ജോലി ഉറപ്പാക്കും. സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്‌തവിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്‌പ തുടങ്ങിയവയും വാ​ഗ്‌ദാനം ചെയ്യുന്നുണ്ട്. അതിവേഗ തെക്ക് വടക്ക് റെയിൽപാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പത്രികയിൽ പറയുന്നു.വ്യവസായ മേഖലയിൽ അഞ്ച് വർഷം കൊണ്ട് രണ്ട് ലക്ഷം കോടി നിക്ഷേപം, സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി - പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യം ലഭ്യമാക്കും, പൊതുമേഖലയെ രക്ഷിക്കാൻ വൈവിധ്യവത്കരണം എന്നിവയും പത്രികയിലെ വാ​ഗ്‌ദാനങ്ങളാണ്. പൗരത്വ നിയമത്തിലെ ആശങ്കകൾ പരിഹരിക്കാൻ നേറ്റിവിറ്റി കാർഡ് നൽകും.ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കും. അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കും. 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ടും ഡിഎ കുടിശിക വിതരണവും സമയബന്ധിതമായി നടപ്പാക്കും. സ്ഥലം മാറ്റങ്ങൾ മാനദണ്ഡ പ്രകാരമായിരിക്കും. ഒഴിവുകൾ പൂർണ്ണമായും സമയബന്ധിതമായി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നെന്ന് ഉറപ്പുവരുത്തും. തൊഴിലവകാശങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള ആരാഗ്യകരമായ തൊഴിൽ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കും.

പ്രാദേശിക ചാനലുകളുടെ കൂട്ടായ്‌മ രൂപീകരിക്കും. മാധ്യമപ്രവർത്തക ക്ഷേമനിധി, പത്രപ്രവർത്തക പെൻഷൻ എന്നിവ കൂടുതൽ വിപുലവും ഫലപ്രദവുമാക്കും. മാധ്യമ സാക്ഷരതാ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് മീഡിയ മോണിറ്ററിങ്ങിനും ഫാക്‌ട്‌ ചെക്കിങ്ങിനും സ്വതന്ത്രമായൊരു സംവിധാനത്തിന് രൂപം നൽകും. ബദൽ ന്യൂസ് പോർട്ടലുകൾ സംഘടിതമായ സോഷ്യൽ മീഡിയ ഇടപെടലുകൾ തുടങ്ങിയവയെല്ലാം ഇന്നത്തെ കാലത്ത് പ്രധാനമായിത്തീർന്നിരിക്കുന്നു.

ശബരിമല മാസ്റ്റർ പ്ലാൻ അഞ്ച് വർഷത്തിനകം പൂർത്തിയാക്കും. ഇടുക്കി, വയനാട്, കാസർകോട്, കുട്ടനാട്, തീരദേശം പ്രത്യേക പാക്കേജുകൾ തുടരും. ഡിസൈൻഡ് സ്‌മാർട്ട് റോഡുകളും വാ​ഗ്‌ദാനത്തിലുൾപ്പെടുന്നു. കേരള ബാങ്ക് കേന്ദ്രസർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിന് പകരം പരമാവധി നാട്ടിലെ സംരംഭങ്ങൾക്ക് വായ്‌പ നൽകും.തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ. റീജിയണൽ റാപിഡ് ടാൻസിറ്റ് സിസ്റ്റം പോലുള്ള സംവിധാനങ്ങൾ നഗര മെട്രോയുടേയും പരമ്പരാഗത ദീർഘദൂര റെയിലിലെയും ഇടയിലുള്ള വിടവ് നികത്താൻ സഹായിക്കും. അങ്കമാലി - എരുമേലി ശബരി പാത സമയബന്ധിതമായി പൂർത്തീകരിക്കാൻ മുൻൈകെയടുക്കും. തലരി - മൈസൂർ, നിലമ്പൂർ - നഞ്ചങ്കോട് പാതകൾ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ മുൻകൈയെടുക്കും

കെഎസ്ആർടിസിയിൽ ശമ്പള- പെൻഷൻ പരിഷ്‌കരണവും നടപ്പാക്കും. വാട്ടർ മെട്രോ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. എല്ലാ റേഷൻ കടകളും കെ സ്റ്റോറുകളാക്കാനും പദ്ധതിയുണ്ട്. എല്ലാ വാർഡുകളിലും 30 മിനിറ്റ് ഫിറ്റ്നസ് സർക്കിളുകൾ എൽഡിഎഫ് വാ​ഗ്‌ദാനം ചെയ്യുന്നു. ഇതിനായി 30 മിനിറ്റ് വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ കളിസ്ഥലമോ പാർക്കോ ജിമ്മോ കൊണ്ടുവരും.

2031 ആകുമ്പോൾ പേ വിഷബാധ മരണങ്ങൾ പൂർണമായും ഇല്ലാതാക്കും. കേന്ദ്രം വീണ്ടും അവഗണന തുടർന്നാൽ അന്തർ ദേശീയ തലത്തിൽ എയിംസിനേക്കാൾ മികച്ച മെഡിക്കൽ ഗവേഷണ ആശുപത്രി കൊണ്ടുവരുമെന്ന വമ്പൻ പ്രഖ്യാപനവും പ്രകടന പത്രികയിൽ ഉൾപ്പെടുന്നു. ഇത് ജനകീയ വിഭവ സമാഹരണത്തോടെയാകും സ്ഥാപിക്കുക.കുടുംബ ശ്രീയുടെ ബാങ്ക് ലിങ്കേജ് വായ്‌പകൾ 10,000 കോടി രൂപയിൽ നിന്ന് 20,000 കോടി രൂപയായി ഉയർത്തും. സമാന്തരമായി വളരെ ഉയർന്ന പലിശയ്‌ക്ക് സ്വകാര്യ ഏജൻസികളിൽ നിന്ന് കുടുംബശ്രീ അംഗങ്ങൾ വായ്‌പകൾ എടുക്കുന്നതിനു ക്രമീകരണം ഉണ്ടാക്കും. അന്യായ പലിശ അനുവദിക്കില്ല. കുടുംബ്രീ മൈകോ-നാനോ സംരംഭങ്ങളിൽ 50000 യൂണിറ്റുകളെയെങ്കിലും ചെറുകിട സംരംഭങ്ങളായി വിപുലപ്പെടുത്തും. കൃഷിക്കുള്ള ജെഎൽജി ഗ്രൂപ്പുകളുടെയും മൃഗ സംരക്ഷണ യൂണിറ്റുകളുടെയും എണ്ണം ഇരട്ടിയാക്കും.

വൈദ്യുതി മേഖലെയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളെ ചെറുക്കും. സൗരോർജ്ജ പദ്ധതികളിൽ ഇപ്പോഴുള്ള 1003 മെഗാവാട്ട് ഉൽപാദനശഷി 2030 ഓടെ4,000-5,000 മെഗാവാട്ടായി വർദ്ധിപ്പിക്കും.

സുപ്രധാന വാഗ്‌ദാനങ്ങൾ 

കേവല ദാരിദ്യം നിർമ്മാർജ്ജനം ചെയ്യും

ആരോഗ്യകരമായ വാർധക്യം, കിടപ്പു രാഗികൾക്ക് സമ്പൂർണ്ണ പരിരക്ഷ

കേരളത്തിൽ പഠിച്ചാല്‍ ജോലി ഉറപ്പ്

അഭ്യസ്‌തവിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്‌പ

സ്‌ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തും

ബാക്ക് ടു സ്‌കൂള്‍ തൊഴിൽ പരിശീലനം

തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും

വ്യവസായവൽക്കരണക്കുതിപ്പ്

പൊതു മേഖല വിപുലപ്പെടുത്തും

ടൂറിസം വളർച്ചയുടെ ചാലക ശക്തി

മിഷൻ 100000

പരമ്പരാഗത വ്യവസായങ്ങളുെട നവീകരണവും വൈവിധ്യവത്‌കരണവും

കാർഷിക ഉത്‌പാദന ക്ഷമത ദേശീയ ശരാരിയിലേക്ക്.

മൂല്യവർദ്ധന ശൃംഖലയിൽ കൃഷിക്കാരുടെ വിഹിതം ഉറപ്പാക്കും

തോട്ടവിളകള്‍ക്ക് പുതിയ കര്‍മ്മ പദ്ധതി

മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാനുള്ള പദ്ധതികള്‍

ജലസേചനം - പുതിയ കാഴചപ്പാട്

പാലിൽ സ്വയംപര്യാപ്‌തത

കടൽ കടലിന്‍റെ മക്കള്‍ക്ക്

പവർ കട്ട് ഇല്ലാത്ത കാലം തുടരും.