പുനലൂരിലും ചേലക്കരയിലും ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പുനലൂരിലും ചേലക്കരയിലും  ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കൊല്ലം: പുനലൂരിലും ചേലക്കരയിലും മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പുനലൂരിൽ നൗഷാദ് യൂനുസും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നുമാണ് ലീഗിന്റെ സ്ഥാനാർഥികൾ. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ നേതൃത്വത്തെ അറിയിച്ചു.കൊല്ലത്തെ മുസ്ലിംലീഗിന്റെ എം എൽ എയും പ്രമുഖ നേതാവുമായിരുന്ന യൂനുസ്‌ കുഞ്ഞിന്റെ മകനാണ് നൗഷാദ്. എം എസ് എഫിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച നൗഷാദ് യൂത്ത്ലീഗിന്റെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, വ്യാപാര മേഖലകളിലും പ്രശസ്തനാണ് നൗഷാദ്.നീണ്ട ചർച്ചകൾക്കൊടുവിലാണ് ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ യുഡിഎഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് പോരാട്ടത്തിന് ഇറങ്ങുന്നത്.അതേസമയം, നൗഷാദ് യൂനസിന്റെ സ്ഥാനാർഥിയാക്കിയതിൽ പുനലൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

1996-ന് ശേഷം പുനലൂരിൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചിട്ടില്ല. മണ്ഡലത്തിൽ ഘടകകക്ഷികൾ മത്സരിച്ച് പരാജയപ്പെടുന്നത് സ്ഥിരമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു.ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി വന്നാൽ സീറ്റ് നേടാൻ കഴിയുമെനന്നായിരുന്നു പ്രാദേശിക നേതാക്കളുടെ പ്രതീക്ഷ. എന്നാൽ ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ്. ഡിസിസി ട്രഷററും യുഡിഎഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെയാണ് റിബൽ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രാദേശിക നേതൃത്വം കൊണ്ട് വരുമെന്നാണ് സൂചന.