"ട്വൻ്റി 20യെ ഇല്ലാതാക്കാൻ ഇടത് വലതു മുന്നണികൾ തമ്മിൽ ധാരണ ": സാബു എം ജേക്കബ്

എറണാകുളം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ട്വൻ്റി20യെ ഇല്ലാതാക്കാൻ ഇടത് വലതു മുന്നണികൾ തമ്മിൽ ധാരണ ഉണ്ടാക്കിയെന്ന ആരോപണവുമായി പാർട്ടി പ്രസിഡൻ്റ് സാബു എം ജേക്കബ്. പഞ്ചായത്ത് ഭരണം യുഡിഎഫിനും കുന്നത്തുനാട് നിയമസഭ സീറ്റ് എൽഡിഎഫിനും ജയിക്കാനുള്ള അവസരം ഉണ്ടാക്കുക എന്നതാണ് യുഡിഎഫ്-എൽഡിഎഫ് ധാരണയെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ പ്രധാന നേതാക്കൾ കിഴക്കമ്പലത്ത് മത്സരിക്കാത്തതും ഇതുകൊണ്ടാണ്. 48 പഞ്ചായത്തുകളിലും, മൂന്നു മുനിസിപ്പാലിറ്റികളിലും ഒരു കോർപ്പറേഷനിലുമായി 880 സ്ഥാനാർഥികളാണ് ട്വൻ്റി20യ്‌ക്ക് വേണ്ടി മത്സരിക്കുന്നത്. കൊല്ലം ജില്ലയിലെ പത്തനാപുരത്തും പാലക്കാട് ജില്ലയിലെ മുതലമടയിലും ഉൾപ്പെടെ ട്വൻ്റി20 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. കൊച്ചി കോർപ്പറേഷൻ, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, തൃക്കാക്കര മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലും മത്സരം നടക്കുന്നുണ്ട്.1600 സ്ഥാനാർഥികളെ നിർത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സ്ഥാനാർഥികളെ കണ്ടെത്തിയെങ്കിലും പ്രതിപക്ഷനേതാവടക്കം ട്വൻ്റി20 സ്ഥാനാർഥികളെ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് സാബു എം ജേക്കബ് ആരോപിച്ചു. സിപിഎം നേതാക്കളും കോൺഗ്രസ് നേതാവായ ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളും ഇടപെട്ട് ട്വൻ്റി20 സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിച്ചു.
ഇവർ എത്രമാത്രം ട്വൻ്റി20യെ ഭയക്കുന്നു എന്നതിൻ്റെ ഉദാഹരണമാണിത്. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും ഭയക്കുന്നത് ട്വൻ്റി20യെ ആണെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു. പത്തുവർഷം കൊണ്ട് ട്വൻ്റി20 നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ മനസിൽ ആഴ്ന്നിറങ്ങിയെന്ന് ബോധ്യപ്പെട്ടതിനാലാണ് ട്വൻ്റി20യെ തോൽപ്പിക്കാൻ ഇരുമുന്നണികളും സഹകരിക്കുന്നത്. ട്വൻ്റി20 ഭരിക്കുന്ന പഞ്ചായത്തുകൾ 25 കോടി രൂപ പഞ്ചായത്ത് ഫണ്ട് നഷടമാക്കി എന്ന് ബെന്നി ബഹനാൻ ആരോപണമുന്നയിക്കുകയുണ്ടായി.
'പഞ്ചായത്ത് ഫണ്ടിൽ നഷ്‌ടമുണ്ടായിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് നോക്കിയാൽ ആർക്കും മനസിലാക്കാൻ കഴിയും. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പിൽ ട്വൻ്റി20യെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. കിഴക്കമ്പലം പഞ്ചായത്തിൽ 10 വർഷം പിന്നിടുമ്പോൾ 32 കോടി 96 ലക്ഷം രൂപ പഞ്ചായത്തിൽ മിച്ച ഫണ്ടുണ്ട്.പി വി ശ്രീനിജൻ എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടത് മുതൽ പഞ്ചായത്തുകളുടെ ഭരണം സ്‌തംഭിപ്പിച്ച് ട്വൻ്റി20യെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തീവ്ര ഇടതു നിലപാടുള്ള ഉദ്യോഗസ്ഥന്മാരെ തങ്ങൾ ഭരിക്കുന്ന പഞ്ചായത്തുകളിൽ നിയമിച്ച് ഭരണ സ്‌തംഭനം സൃഷ്‌ടിച്ചിരിക്കുകയാണ്. പഞ്ചായത്തുകളിൽ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും കോൺട്രാക്‌ടർമാരും കൂടിയ ഒരു കൂട്ടുകെട്ടാണ് പ്രവർത്തിക്കുന്നത്. ട്വൻ്റി20 മത്സരിക്കുന്ന എല്ലാ സീറ്റിലും ജനങ്ങൾ പാർട്ടിയെ വിജയിപ്പിക്കുമെന്നും' സാബു എം ജേക്കബ് പറഞ്ഞു.
കിഴക്കമ്പലം പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും ആക്രമണം നടത്താൻ സാധ്യതയുണ്ട്. അതിനാൽ ഹൈക്കോടതിയിൽ പോയി പ്രൊട്ടക്ഷൻ ഉത്തരവ് വാങ്ങിയിട്ടുണ്ട്. കഴിഞ്ഞതവണ കിഴക്കമ്പലം പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലുമായി 97 വാർഡുകളിൽ മത്സരിച്ച് 87 വാർഡുകളിൽ ട്വൻ്റി20 സ്ഥാനാർഥികൾ വിജയിച്ച് ചരിത്രം സൃഷ്‌ടിക്കുകയുണ്ടായി.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ മത്സരിച്ച് 15.3% വോട്ട് നേടാൻ കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിച്ച് പാർട്ടി സ്ഥാനാർഥികൾ നാലാം സ്ഥാനത്ത് എത്തി. പത്തുവർഷം മാത്രം പ്രായമുള്ള പാർട്ടിയുടെ വളർച്ചയാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. ഈയൊരു വളർച്ചയാണ് മുന്നണികളെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.