"ഇടതുപക്ഷ സഹയാത്രികരും നല്ല കമ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്‌തു": വിഡി സതീശൻ.
എറണാകുളം: കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരും നല്ല കമ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികൾക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ജില്ലയിലെ പതിനാലിൽ പതിനാല് സീറ്റും നേടുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തെ കൈപിടിച്ചുയർത്താൻ യുഡിഎഫിന് കഴിയുമെന്ന് വിശ്വസിക്കുന്നതിനാലാണ് ജനങ്ങൾ വോട്ട് ചെയ്തത്. നിലവിലെ സാമ്പത്തിക കുരുക്കിൽ നിന്നും രക്ഷിച്ച് കേരളത്തിൻ്റെ ഖജനാവ് നിറയ്ക്കണം. വെൻ്റിലേറ്ററിലായ സംസ്ഥാനത്തെ ആരോഗ്യ മേഖലയെ അതിൽ നിന്നും പുറത്തെത്തിക്കണം. കൂടാതെ കേരളത്തെ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഡെസ്റ്റിനേഷനാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിരവധി വർഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട ബഹുഭൂരിപക്ഷം സഹയാത്രികരും ഇത്തവണ യുഡിഎഫിനൊപ്പം അണിചേർന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് എന്നത് ഒരു കൂട്ടം രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ലെന്നും ടീം യുഡിഎഫിൻ്റെ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ദൃശ്യമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎമ്മിലും എൽഡിഎഫിലും ഉള്ള പ്രതീക്ഷകൾ ജനങ്ങൾക്ക് നഷ്ടമായി. ഇനി യുഡിഎഫിന് മാത്രമേ കേരളത്തെ കൈപിടിച്ചുയർത്താനാകൂ എന്ന് ജനം ചിന്തിച്ചതിൻ്റെ കൂടി വിജയമാണിതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പരാജയം പഠിക്കുന്നതിനൊപ്പം വിജയവും പ്രത്യേകം പഠിക്കേണ്ടതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനായി രൂപം നൽകിയ മിഷൻ 25 പ്രവർത്തനങ്ങൾ പൂർണമായും പ്രാവർത്തികമായിട്ടില്ല. വിചാരിച്ചതുപോലെ വിജയം നേടാനായില്ലെങ്കിലും പദ്ധതിയുടെ എഴുപത് ശതമാനത്തോളം പൂർത്തീകരിക്കാനായെന്നും അദ്ദേഹം വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം സമ്മാനിച്ച എറണാകുളം ജില്ലയിലെ സ്ഥാനാർഥികളെയും പാർട്ടിയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച പ്രവർത്തകരെയും നേതാക്കളെയും പ്രതിപക്ഷ നേതാവ് നന്ദി അറിയിച്ചു.
പാർട്ടിയുടെ ജനപ്രതിനിധികൾ സംഘടനാ രംഗത്തും പൂർണമായും പാർട്ടിക്കൊപ്പം നിൽക്കണമെന്ന നിർദേശം അദ്ദേഹം പങ്കുവച്ചു. വിവിധങ്ങളായ പദ്ധതികളുമായി ജനുവരി മുതൽ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയും കൃത്യമായ പദ്ധതികളോടെയുമാണ് ഇത്തവണ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുന്ന സംഘടനാ ശക്തി ജില്ലയിലെ കോൺഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ആയിരത്തി അഞ്ഞൂറോളം ജനപ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്.