ചാനൽ ചർച്ചകളിലെ 'ഇടത് നിരീക്ഷകൻ ' ഇനി ബിജെപിയുടെ 'കക്ഷ'ത്ത് ! റെജി ലൂക്കോസ് ബിജെപിയായി

തിരുവനന്തപുരം: മൂന്നര പതിറ്റാണ്ടിലേറെയായി ഇടതുപക്ഷവുമായി സഹകരിക്കുകയും കഴിഞ്ഞ 13 വർഷമായി ചാനൽ ചർച്ചകളിൽ ഇടത് നിരീക്ഷകനായി സജീവമായി നിൽക്കുകയും ചെയ്തിരുന്ന മാധ്യമ പ്രവർത്തകൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.കൈരളി ടിവി ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ ഇടതുപക്ഷ ആശയങ്ങളുടെ പ്രചാരണത്തിനായി താൻ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഈ നിമിഷം മുതൽ സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്നും റെജി ലൂക്കോസ് വ്യക്തമാക്കി. നിലവിൽ താൻ സിപിഎം അംഗമാണെന്നും ഇനി മുതൽ തൻ്റെ വാക്കും പ്രവൃത്തിയും ബിജെപിക്ക് വേണ്ടിയായിരിക്കുമെന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു.
വികസന നയങ്ങളിലുള്ള ആകർഷണം
നരേന്ദ്ര മോദി സർക്കാരിൻ്റെ വികസന നയങ്ങളും ആശയങ്ങളുമാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് റെജി ലൂക്കോസ് പറഞ്ഞു. ബിജെപി ദേശീയ നേതൃത്വം പകർന്നു നൽകുന്ന വികസനവും ആശയവും കുറച്ചു നാളായി തന്നെ ആകർഷിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും യാത്ര ചെയ്തപ്പോൾ കണ്ട വികസന മുന്നേറ്റങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ള നേതാക്കൾ മുന്നോട്ട് വയ്ക്കുന്ന വികസന കാഴ്ചപ്പാടുകളാണ് കേരളത്തിന് ആവശ്യം.
ബിജെപിയെ വർഗീയ പാർട്ടിയെന്ന് വിളിക്കുന്ന സിപിഎം കഴിഞ്ഞ കുറെ നാളുകളായി നടത്തുന്ന വർഗീയ പ്രചാരണം തന്നെ വല്ലാതെ ദുഃഖിപ്പിച്ചു. ബിജെപിയെ വർഗീയവാദികളായി ചിത്രീകരിച്ചിരുന്നവർ തന്നെ വർഗീയ വിഭജനത്തിന് ശ്രമിക്കുന്നത് ഖേദകരമാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഏതൊരു മനുഷ്യൻ്റെയും മനസിൽ ബിജെപി കുടിയേറിക്കഴിഞ്ഞെന്നും വരും നാളുകൾ ബിജെപിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തിൽ ഭരണം പിടിക്കുന്ന നിലയിലേക്ക് തൻ്റെ പ്രവർത്തനമുണ്ടാകുമെന്നും കേരളത്തിൽ ബിജെപിയിലേക്ക് ഇനിയൊരൊഴുക്ക് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ വിജയം
കേരളം വൃദ്ധസദനമായി മാറുന്നുവെന്ന റെജി ലൂക്കോസിൻ്റെ പരാമർശം സംസ്ഥാനത്തെ നിലവിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് ഇതിനകം തന്നെ തിരികൊളുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ യുവതലമുറ തൊഴിലിനായി വിദേശരാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കുടിയേറുന്ന സാഹചര്യം കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുവെന്ന വിമർശനം ബിജെപി നേരത്തെ തന്നെ ഉന്നയിക്കുന്നതാണ്. ഇതേ വാദം മുൻ ഇടത് സഹയാത്രികനെക്കൊണ്ട് തന്നെ പറയിപ്പിക്കാൻ സാധിച്ചത് ബിജെപിയുടെ രാഷ്ട്രീയ വിജയമായാണ് കണക്കാക്കപ്പെടുന്നത്. നരേന്ദ്ര മോദി സർക്കാരിൻ്റെ വികസന നയങ്ങളാണ് തന്നെ ആകർഷിച്ചതെന്ന് പറയുന്നതിലൂടെ കേരളത്തിലെ മധ്യവർഗ വോട്ടർമാരെ സ്വാധീനിക്കാനാണ് റെജി ലൂക്കോസ് ശ്രമിക്കുന്നത്.
തള്ളിപ്പറഞ്ഞ് സിപിഎം
എന്നാൽ റെജി ലൂക്കോസ് പാർട്ടി അംഗമല്ലെന്നും പാർട്ടിയുടെ ഒരു ഘടകത്തിലും പ്രവർത്തിക്കുന്നില്ലെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പറഞ്ഞു. ഇടതുപക്ഷ സഹയാത്രികനെന്നും വലതു സഹയാത്രികനെന്നുമൊക്കെ പലർക്കും പറഞ്ഞു നടക്കാമെങ്കിലും അവർക്ക് പാർട്ടിയിൽ അംഗത്വമുണ്ടാകണമെന്നില്ല. സ്വയം പ്രഖ്യാപിത ഇടത് സഹയാത്രികനായി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. റെജി ലൂക്കോസ് സിപിഎം അംഗമെന്നു പ്രചരിപ്പിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്നും മാധ്യമങ്ങളാണ് ഇദ്ദേഹത്തിന് ഇടത് സഹയാത്രികനെന്ന വിശേഷണം നൽകിയതെന്നും സിപിഎം വ്യക്തമാക്കി.
അമിത് ഷാ കേരളത്തിലേക്ക്
ജനുവരി 11ന് അമിത് ഷാ കേരളത്തിലെത്തുമെന്ന് രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കേരളത്തിൻ്റെ രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ആ മാറ്റം കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കാണ് വികസനത്തെ പറ്റി കാഴ്ചപ്പാടുള്ളത് എന്ന് ജനങ്ങളെ കൃത്യമായി മനസ്സിലാക്കി കൊടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.