ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ആൾ ദൈവം റാം റഹീം സിങ്ങിന് വീണ്ടും പരോൾ

 ജീവപര്യന്തം തടവുശിക്ഷ ലഭിച്ച  ആൾ ദൈവം  റാം റഹീം സിങ്ങിന്  വീണ്ടും പരോൾ

ചണ്ഡീഗഡ്: പീഡനക്കേസിൽ 20 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആൾ ദൈവം ഗുർമീത് റാം റഹീം സിങ്ങിന് വീണ്ടും പരോൾ. 40 ദിവസത്തെ പരോളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. 2020 ൽ കുറ്റാരോപിതനായി ജയിൽ ശിക്ഷ അനുഭവിച്ചതു മുതൽ 15-ാം തവണയാണ് ഇയാൾക്ക് പരോൾ ലഭിക്കുന്നത്. 2025 ആഗസ്റ്റിൽ 40 ദിവസത്തെ പരോളാണ് ഇയാൾക്ക് അവസാനമായി ലഭിച്ചത്.വനിതാ അനുയായികളെ മാനഭംഗം ചെയ്‌ത കേസിൽ ശിക്ഷിക്കപ്പെട്ട് ഹരിയാനയിലെ സുനരിയ ജയിലിലാണ്  ഇയാൾ കഴിഞ്ഞിരുന്നത്.2017 ല്‍ ഹരിയാന പഞ്ച്കുല കോടതി വിധി പ്രസ്‌താവിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വലിയ തോതിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിൽ 40 ലധികം പേർ കൊല്ലപ്പെട്ടു.2002 ൽ മാധ്യമ പ്രവർത്തകൻ റാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലും ഇയാൾക്ക്  ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. ഹരിയാനയിലെ സിര്‍സയിൽ ഗുർമീത് റാം റഹീമിൻ്റെ സ്ഥാപനമായ ദേരാ സച്ചാ സൗദയിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി കൊല്ലപ്പെട്ട ഛത്രപതി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് റാം ചന്ദർ ഛത്രപതിയെ ഗുര്‍മീത് റാം റഹീം വെടിവച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ് ആഴ്‌ചകളോളം ചികിത്സയിൽ കഴിഞ്ഞ ശേഷം 2003 ലാണ് ഛത്രപതി മരിച്ചത്. പൊലീസ് അന്വേഷണത്തെ തുടർന്ന് 2006 ല്‍ കേസ് സിബിഐയ്ക്ക് കൈമാറിയിരുന്നു.ഹരിയാന, പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു ലഭിച്ച ഊമക്കത്തിലൂടെയാണു ഗുര്‍മീത് റാം റഹീം എന്ന സ്വയം പ്രഖ്യാപിത ആൾദൈവം മാനഭംഗം നടത്തിയെന്ന വിവരം പുറത്തു വന്നത്. ഇതിനെ തുടർന്ന് റാം റഹിം സിങ്ങിനെതിരെ കേസെടുക്കാൻ 2002 ലാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ സിബിഐയോട് ആവശ്യപ്പെട്ടത്.

2022 ഫെബ്രുവരി ഏഴ് മുതൽ മൂന്ന് ആഴ്‌ചത്തെ പരോളാണ് ഗുര്‍മീത് റാം റഹീമിന് ലഭിച്ചത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്‌ച മുൻപായിരുന്നു ഇയാളുടെ പരോൾ. 2024 ഓഗസ്റ്റിൽ 21 ദിവസത്തെ പരോൾ അനുവദിച്ചതിന് മാസങ്ങൾക്ക് ശേഷമായിരുന്നു ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്. ഈ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി 2024 ഒക്ടോബർ ഒന്ന് മുതൽ 20 ദിവസത്തെ പരോളും ഇയാൾക്ക് ലഭിച്ചിരുന്നു.ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പോലുള്ള സിഖ് സംഘടനകൾ മുമ്പ് ഗുര്‍മീത് റാം റഹീമിന് പരോൾ നൽകുന്നതിന് എതിരെ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്. സിർസ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ദേര സച്ചാ സൗദ. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി അനേകം സംസ്ഥാനങ്ങളിൽ ഗുര്‍മീത് റാം റഹീമിന് നിരവധി അനുയായികളുണ്ടെന്ന് പറയപ്പെടുന്നു. ഹരിയാനയിലെ സിർസ, ഫത്തേഹാബാദ്, കുരുക്ഷേത്ര, കൈതാൽ, ഹിസാർ ഉൾപ്പെടെയുള്ള നിരവധി ജില്ലകളിലാണ് ഇയാൾക്ക് ഏറ്റവും അധികം അനുയായികൾ ഉള്ളതെന്നാണ് പറയപ്പെടുന്നത്.