ഉദയംപേരൂർ അപകടം : പരിക്കേറ്റ ലിനു മരണത്തിന് കീഴടങ്ങി...!

 ഉദയംപേരൂർ അപകടം : പരിക്കേറ്റ ലിനു മരണത്തിന് കീഴടങ്ങി...!

എറണാകുളം: സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ ഡോക്ടർമാർ നടുറോഡിൽ ശസ്ത്രക്രിയ നടത്തി ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശി ലിനു (30) യാത്രയായി. ഉദയംപേരൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലിനു ഇന്നാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിൽ ലിനുവിന്‍റെ ജീവൻ രക്ഷിക്കാൻ മൂന്ന് യുവ ഡോക്ടർമാർ നടത്തിയ അസാധാരണമായ ഇടപെടൽ കേരളം വലിയ ആദരവോടെയായിരുന്നു ചർച്ച ചെയ്തിരുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 8:30-ഓടെ ഉദയംപേരൂർ വലിയകുളത്തിന് സമീപമായിരുന്നു ലിനു സഞ്ചരിച്ചിരുന്ന സ്കൂട്ടറും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചത്. അപകടസ്ഥലത്ത് വീണ ലിനുവിന്‍റെ ശ്വാസനാളത്തിൽ രക്തവും മണ്ണും കട്ടപിടിച്ച് ശ്വസിക്കാൻ കഴിയാത്ത അതീവ ഗുരുതരാവസ്ഥയിലായി. ഈ സമയം വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആഘോഷിക്കാൻ പള്ളിയിലേക്ക് പോകുകയായിരുന്ന ഡോക്ടർ ദമ്പതികളായ തോമസ് പീറ്ററും ദിദിയയും അപകടം കണ്ട് വണ്ടി നിർത്തുകയായിരുന്നു.

പരിക്കേറ്റയാളുടെ കഴുത്ത് പ്രത്യേക രീതിയിൽ പിടിച്ച് പരിചരിക്കുന്നത് ശ്രദ്ധിച്ച ഇവർക്ക് അരികിലുണ്ടായിരുന്നത് മറ്റൊരു ഡോക്ടറാണെന്ന് (കോട്ടയം മെഡിക്കൽ കോലജിലെ ഡോ. ബി. മനൂപ്) മനസ്സിലായി. ആശുപത്രിയിൽ എത്തിക്കാൻ വൈകിയാൽ മരണം ഉറപ്പാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ, യാതൊരു സൗകര്യങ്ങളുമില്ലാത്ത നടുറോഡിൽ വെച്ച് ജീവൻ രക്ഷാ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.ഹോളിവുഡ് ചിത്രമായ 'നോബഡി', തമിഴ് ചിത്രം 'മെർസൽ' എന്നിവയിലൊക്കെ കണ്ടിട്ടുള്ള 'സർജിക്കൽ ക്രിക്കോതൈറോട്ടമി' എന്ന രീതിയാണ് ഡോക്ടർമാർ പ്രയോഗിച്ചത്. കയ്യിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാതിരുന്നതിനാൽ നാട്ടുകാർ നൽകിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ ദ്വാരമുണ്ടാക്കുകയും, ശ്വാസം നൽകാനായി ജ്യൂസ് കുടിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്ട്രോ ഉള്ളിലേക്ക് കടത്തുകയുമായിരുന്നു.

മൊബൈൽ ഫോൺ വെളിച്ചത്തിൽ നടത്തിയ ഈ സാഹസിക കൃത്യത്തിലൂടെ ലിനു ശ്വാസമെടുക്കാൻ തുടങ്ങുകയും ആംബുലൻസ് വരുന്നത് വരെ ജീവൻ നിലനിർത്തുകയും ചെയ്തു. കൊച്ചിയിലെ ആശുപത്രിയിൽ എത്തും വരെ ഡോക്ടർ മനൂപ് ആംബുലൻസിനുള്ളിൽ സ്ട്രോയിലൂടെ ശ്വാസം നൽകിക്കൊണ്ട് കൂടെയുണ്ടായിരുന്നു.

ഡോക്ടർമാരുടെ ഈ അസാധാരണ സേവനത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഐ.എം.എയും ഉൾപ്പെടെ പ്രമുഖർ അഭിനന്ദിച്ചിരുന്നു. ഡോക്ടർമാരുടെ പോരാട്ടത്തിനൊടുവിൽ ലിനുവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു എന്ന വാർത്തകൾക്കിടയിലാണ് ഏവരെയും സങ്കടത്തിലാഴ്ത്തി ലിനുവിന്‍റെ മരണം സംഭവിക്കുന്നത്. ഉപകരണങ്ങളുടെ പരിമിതികൾക്കിടയിലും ഒരു മനുഷ്യജീവൻ രക്ഷിക്കാൻ മൂന്ന് ഡോക്ടർമാർ നടത്തിയ ആ വലിയ ശ്രമം എന്നെന്നും ഓർമ്മിക്കപ്പെടും.