ലിറ്റ്മസ് 2025: ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം കൊച്ചിയിൽ

ലിറ്റ്മസ് 2025: ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം കൊച്ചിയിൽ

മുംബൈ/എറണാകുളം: എസൻസ് ഗ്ലോബൽ (ESSENSE GLOBAL)സംഘടിപ്പിക്കുന്ന   ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസ് 2025,  ഒക്ടോബർ 19-ന് (ഞായർ) രാവിലെ 8:30 മുതൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഈ വർഷം ലിറ്റ്മസിന്റെ ഭാഗമായി 'എസൻസ് മഹാരാഷ്ട്ര'യുടെ അംഗങ്ങളും കൊച്ചിയിലേക്ക് യാത്ര തിരിച്ചിരിക്കയാണ്‌  എന്ന് പ്രവർത്തകർ പറഞ്ഞു.   മത-മതേതര അന്ധവിശ്വാസങ്ങളെയും, ദൈവവിശ്വാസത്തിന്റെ പേരിൽ നിലനിൽക്കുന്ന സാമൂഹിക അനീതികളെയും വിമർശനാത്മകമായി വിശകലനം ചെയ്യുന്ന സ്വതന്ത്രചിന്തകരുടെ ഈ വേദി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിന്തകരെയും ശാസ്ത്രപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒന്നിപ്പിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

പ്രതിവർഷം പതിനായിരത്തോളം പേർ പങ്കെടുക്കുന്ന ഈ സമ്മേളനം, യുക്തിചിന്ത, ശാസ്ത്രീയ അന്വേഷണബോധം, മാനവികത എന്നിവയുടെ മഹോത്സവമാണ്. ലിറ്റ്മസ് 2025-ൽ സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രധാന സാമൂഹിക-മാനസിക വിഷയങ്ങൾ ചർച്ചയാകും.വ്യത്യസ്ത കാഴ്ചപ്പാടുകളും ഉൾക്കാഴ്ചയുള്ള സംവാദങ്ങളും പങ്കുവെക്കപ്പെടുന്ന ഈ വേദി, സ്വതന്ത്രചിന്തയ്ക്കും വിമർശനാത്മക അന്വേഷണത്തിനും ധൈര്യം പകരുന്ന കൂട്ടായ്മയായി മാറുകയാണ് എന്ന് മഹാരാഷ്ട്ര ഘടകം അറിയിച്ചു.ദൈവം ഉൾപ്പെടെ അന്ധവിശ്വാസങ്ങളെ പിന്തുണയ്ക്കാത്തതിനാൽ സമൂഹത്തിൽ അംഗീകാരമില്ലാതെ നിൽക്കുന്ന സ്വതന്ത്രചിന്തകരുടെ നിലപാടുകൾക്ക് ശബ്ദമാകുകയും, അതിലൂടെ മറ്റുള്ളവർക്കും പ്രചോദനമാകുകയും ചെയ്യുകയാണ് ലിറ്റ്മസ് ലക്ഷ്യമിടുന്നത്.വിവിധ സെഷനുകൾ, ചിന്തോദീപക പ്രഭാഷണങ്ങൾ, ചര്‍ച്ചകള്‍, കലാപ്രകടനങ്ങൾ എന്നിവയിലൂടെ ലിറ്റ്മസ് 2025 സ്വതന്ത്രചിന്തയുടെ പുതിയ അധ്യായം രചിക്കാനൊരുങ്ങുകയാണ് എന്നും സംഘാടകർ പറഞ്ഞു.