തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലേയ്ക്ക്.

തദ്ദേശ തെരഞ്ഞെടുപ്പ്:  തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലേയ്ക്ക്.

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ സിപിഎം സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലേയ്ക്ക്. മൂന്ന് മുൻനിര നേതാക്കളെ രംഗത്തിറക്കി അധികാരം നിലനിർത്താനാണ് പാർട്ടിയുടെ ശ്രമം.ഏകദേശം 30 വാർഡുകളിലെ പാർട്ടി സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായതായാണ് വിവരം. മുൻ മേയർ പി ശ്രീകുമാർ, പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ വഞ്ചിയൂർ ബാബു, എസ്‌പി. ദീപക് എന്നിവരാണ് നഗരസഭയിലേക്കുള്ള സിപിഎമ്മിൻ്റെ പ്രധാന മുഖങ്ങൾ. വികെ പ്രശാന്ത് മേയറായിരുന്നപ്പോഴും പിന്നീട് ആര്യ രാജേന്ദ്രൻ്റെ കാലത്തും ഭരണസമിതിയിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർപേഴ്സൻ സ്ഥാനം വഹിച്ചിരുന്ന പാളയം രാജൻ, എസ്എസ് സിന്ധു, ഐപി ബിനു എന്നിവർ ഇത്തവണയും മത്സരരംഗത്തുണ്ടാകും. നിലവിലെ ഡെപ്യൂട്ടി മേയറായ പികെ രാജുവിൻ്റെ മകൾ തൃപ്തി രാജിനെയും കളത്തിലിറക്കാൻ ചർച്ചകൾ സജീവമാണ്.മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ വഴുതയ്ക്കാട് വാർഡിൽ വീണ്ടും ജനവിധി തേടാനാണ് സാധ്യത. കഴിഞ്ഞ തവണത്തെപ്പോലെ പൂർണമായും യുവജന സ്ഥാനാർഥികളെ ഇറക്കുന്നതിനോട് പല ഏരിയ കമ്മിറ്റികളും വിസമ്മതം പ്രകടിപ്പിക്കുന്നുണ്ട്. പുതുതായി രൂപീകരിച്ച വാർഡുകളിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾ സിപിഎം കഴിഞ്ഞ തവണ വിജയിച്ച പല വാർഡുകളിലും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ മുഴുവൻ വാർഡുകളിലും സ്ഥാനാർഥി നിർണയം അടുത്ത ആഴ്ചയോടെ തീർപ്പാക്കാനാണ് ജില്ലാ കമ്മിറ്റിയുടെ നിർദേശം. ഇതിൻ്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം വാർഡുകളിലും സ്ഥാനാർഥികളെ ഏരിയ കമ്മിറ്റികൾ തീരുമാനിച്ചിട്ടുണ്ട്.നഗര കേന്ദ്രീകൃതമായ പാളയം, വഞ്ചിയൂർ, പേരൂർക്കട, കഴക്കൂട്ടം ഏരിയ കമ്മിറ്റികൾ നാളെ ചേരുന്നതോടെ സ്ഥാനാർഥി നിർണയം അന്തിമമാകും. കഴക്കൂട്ടം ഉൾപ്പെടെയുള്ള പല വാർഡുകളിലും ഒന്നിലധികം പേരുകൾ ഉയരുന്നത് കൊണ്ടുതന്നെ അടുത്താഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിക്ക് മുൻപ് സ്ഥാനാർഥി നിർണയം പൂർത്തിയാകാനാണ് സാധ്യത.

  • ധാരണയായ സ്ഥാനാർഥികളും വാർഡുകളും:
  • മണ്ണന്തല-എന്‍.അനില്‍കുമാര്‍ -മുന്‍ കൗണ്‍സിലര്‍
  • ഇടവക്കോട്- ശാലിനി- മുന്‍ കൗണ്‍സിലര്‍
  • ചെറുവയ്ക്കല്‍-രഞ്ജു-ലോക്കല്‍ കമ്മിറ്റി സെക്രട്ടറി
  • പേട്ട-എസ് പി ദീപക് -ജില്ലാ കമ്മിറ്റി അംഗം
  • ഉള്ളൂര്‍-അനൂപ്
  • കേസവദാസപുരം -ഗീത ഗോപാലന്‍
  • മുട്ടട-അംശു വാമദേവന്‍-സിറ്റിങ് കൗണ്‍സിലര്‍
  • മെഡിക്കല്‍ കോളജ്-എസ് എസ് സിന്ധു -മുന്‍ കൗണ്‍സിലര്‍
  • ചാക്ക-കെ ശ്രീകുമാര്‍-മുന്‍ മേയര്‍
  • ചാല-എസ്എ സുന്ദര്‍ -ജില്ലാ കമ്മിറ്റി അംഗം
  • വഞ്ചിയൂര്‍-വഞ്ചിയൂര്‍ പി ബാബു-ഏരിയ സെക്രട്ടറി
  • മുടവന്‍മുഗള്‍-ഗോപന്‍
  • വെങ്ങാനൂര്‍-സിന്ധു വിജയന്‍ -സിറ്റിങ് കൗണ്‍സിലര്‍
  • പൂന്തുറ മേരി ജിപ്‌സി-സിറ്റിങ് കൗണ്‍സിലര്‍
  • പുന്നയ്ക്കാമുഗള്‍-ശിവജി-ഏരിയ സെക്രട്ടറി
  • പൗണ്ട്കടവ്-മേടയില്‍ വിക്രമന്‍ -സിറ്റിങ് കൗണ്‍സിലര്‍
  • വള്ളക്കടവ് -ഷാജില നാസര്‍-സിറ്റിങ് കൗണ്‍സിലര്‍
  • പട്ടം-തൃപ്തി രാജ് -ഡെപ്യൂട്ടി മേയര്‍ പികെ രാജുവിൻ്റെ മകള്‍
  • കഴക്കൂട്ടം-പ്രശാന്ത്
  • പാപ്പനംകോട്-ഉണ്ണികൃഷ്ണന്‍
  • പേരൂര്‍ക്കട-ശശാങ്കന്‍
  • കരമന -ശ്യാം മോഹന്‍
  • നന്ദന്‍കോട്-പാളയം രാജന്‍ സിറ്റിങ് കൗണ്‍സിലര്‍
  • കുന്നുകുഴി -ഐ പി ബിനു-മുന്‍ കൗണ്‍സിലര്‍
  • കരിയ്ക്കകം-അശ്വതി
  • വഴുതയ്ക്കാട്-രാഖി രവികുമാര്‍-മുന്‍ ഡെപ്യൂട്ടി മേയര്‍, സിറ്റിങ് കൗണ്‍സിലര്‍
  • ചെമ്പഴന്തി-ഷീല
  • പാങ്ങപ്പാറ- രേവതി
  • ചെല്ലമംഗലം-അരുണ്‍ പൗഡിക്കോണം
  • എസ്റ്റേറ്റ് ഷാജി- വെട്ടുംപുറം