തദ്ദേശതെരഞ്ഞെടുപ്പ്: പരസ്യപ്രചാരണംഅവസാനിച്ചു. രണ്ടാം ഘട്ടത്തിനൊരുങ്ങി ഏഴ് ജില്ലകള്‍

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം കോഴിക്കോട് ജില്ലയിൽ ആവേശകരമായി അവസാനിച്ചു. വാശിയേറിയ പ്രചാരണത്തിനൊടുവിൽ ഇന്ന് വൈകുന്നേരം കലാശക്കൊട്ട് മുഴങ്ങിയതോടെ ഇനി ഒരു ദിനം നിശബ്ദ പ്രചാരണത്തിനായി മാറ്റിവയ്ക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.കോഴിക്കോട് ജില്ലയിൽ കൊട്ടിക്കലാശം പൊതുവേ ശാന്തമായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വടകരയിൽ അഞ്ചുമണിക്ക് തന്നെ കൊട്ടിക്കലാശം അവസാനിപ്പിച്ചു. കോഴിക്കോട് നഗരത്തിൽ ഇടതുപക്ഷത്തിൻ്റെ മേയർ സ്ഥാനാർഥിയായി മത്സരിക്കുന്ന സിപി മുസാഫർ അഹമ്മദിൻ്റെ മീഞ്ചന്ത ഡിവിഷനിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പരസ്യപ്രചാരണത്തിൽ അണിചേർന്നു. ബിജെപി സ്ഥാനാർഥികൾ പാളയം കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം കളറാക്കിയത്. യുഡിഎഫ് പ്രവർത്തകരും കല്ലായി ഉൾപ്പെടെ നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തകർത്താടി.ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ആകെ 3097 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുക. ഗ്രാമപഞ്ചായത്ത് 2411, മുനിസിപ്പാലിറ്റി 290, കോര്‍പ്പറേഷന്‍ 396 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം. ആകെ 731 സെൻസിറ്റീവ് പോളിങ് സ്റ്റേഷനുകളാണുള്ളത്. സിറ്റി പരിധിയില്‍ 117 ഉം റൂറല്‍ പരിധിയില്‍ 614 ഉം ആണ്. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ 166 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിൽ സിറ്റി പരിധിയിൽ 29-ഉം റൂറൽ പരിധിയിൽ 137-ഉം ബൂത്തുകളാണുള്ളത്.
തെരഞ്ഞെടുപ്പ് ദിനത്തിനായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ജില്ലയിലുടനീളം വിന്യസിച്ചിട്ടുള്ളത്. സിറ്റി പരിധിയിൽ 2100 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 3000 സുരക്ഷാ ഉദ്യോഗസ്ഥരെയും റൂറൽ പരിധിയിൽ 3000 പൊലീസ് ഉദ്യോഗസ്ഥരും 1000 ആർആർആർഎഫും (RRRF) ഉൾപ്പെടെ 4500 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലെ 1343 വാർഡുകളിലും, 12 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 വാർഡുകളിലും, ജില്ലാ പഞ്ചായത്തിലെ 28 വാർഡുകളിലും, ഏഴ് നഗരസഭകളിലെ 273 വാർഡുകളിലും, കോഴിക്കോട് കോർപ്പറേഷനിലെ 76 വാർഡുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം ഏഴ് ജില്ലകളിലായി നടന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. 69.70 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 1,32,83,571 വോട്ടർമാരിൽ 92,58,122 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ട് ചെയ്തവരുടെ എണ്ണത്തിലും ശതമാനത്തിലും എറണാകുളം മുന്നിട്ടുനിൽക്കുന്നു.