തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ഇന്ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ രാവിലെ 10 മണിക്കും, മുനിസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11.30 നും ചടങ്ങുകൾ ആരംഭിക്കും.ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ജില്ലാ കലക്‌ടർമാർ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കും.ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് വരണാധികാരികൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആദ്യം സത്യപ്രതിജ്ഞ ചെയ്‌ത മുതിർന്ന അംഗം തുടർന്ന് ബാക്കിയുള്ള അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സാധാരണഗതിയിൽ അവധി ദിവസങ്ങളിൽ ഇത്തരം യോഗങ്ങൾ ചേരാൻ പാടില്ലെങ്കിലും, നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 20-ന് അവസാനിക്കുന്നതിനാൽ അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഒഴിവാക്കാൻ സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് ഞായറാഴ്‌ച തന്നെ ചടങ്ങ് നടത്തുന്നത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം മുതിർന്ന അംഗത്തിൻ്റെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ (പ്രസിഡൻ്റ്/മേയർ) തെരഞ്ഞെടുപ്പ് ക്രിസ്‌മസിന് ശേഷം ഡിസംബർ 26, 27 തീയതികളിൽ നടക്കും.

കോട്ടയത്ത് സ്ഥാനാര്‍ഥി മരിച്ചു:

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച്, സത്യപ്രതിജ്ഞയ്ക്ക് തൊട്ടുതലേന്ന് സ്ഥാനാർഥി മരിച്ചു. കോട്ടയം മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ പ്രസാദ് നാരായണൻ (59) ആണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം ഏകദേശം 30 വർഷത്തോളം പഞ്ചായത്ത് അംഗമായിരുന്നു. ആറ് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും അദ്ദേഹം വിജയിച്ചിട്ടുണ്ട്.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. സംസ്ഥാനത്തെ ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളിൽ 649 എണ്ണത്തിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ, ഭരണകക്ഷിയായ എൽ.ഡി.എഫ് 439 സ്ഥാപനങ്ങളിലൊതുങ്ങി. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ 29 തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം ഉറപ്പിച്ചു.

കോർപ്പറേഷനുകൾ (ആകെ 6): യു.ഡി.എഫ് 4 കോർപ്പറേഷനുകളിൽ (കൊച്ചി, തൃശൂർ, കണ്ണൂർ, കൊല്ലം) വിജയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൻ.ഡി.എ ചരിത്ര വിജയം നേടി. കോഴിക്കോട് കോർപ്പറേഷൻ എൽ.ഡി.എഫ് നിലനിർത്തി.

നഗരസഭകൾ (ആകെ 87): യു.ഡി.എഫ് 54 നഗരസഭകളിലും എൽ.ഡി.എഫ് 28 എണ്ണത്തിലും വിജയിച്ചു. എൻ.ഡി.എ രണ്ട് നഗരസഭകളിൽ (പാലക്കാട്, തൃപ്പൂണിത്തുറ) ഭരണം നേടി.

ജില്ലാ പഞ്ചായത്തുകൾ (ആകെ 14): യു.ഡി.എഫും എൽ.ഡി.എഫും 7 വീതം ജില്ലാ പഞ്ചായത്തുകളിൽ മുന്നിലെത്തി.

ബ്ലോക്ക് പഞ്ചായത്തുകൾ (ആകെ 152): യു.ഡി.എഫ് 79 ബ്ലോക്ക് പഞ്ചായത്തുകളിലും എൽ.ഡി.എഫ് 63 എണ്ണത്തിലും വിജയിച്ചു.

ഗ്രാമപഞ്ചായത്തുകൾ (ആകെ 941): യു.ഡി.എഫ് 505 പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടിയപ്പോൾ എൽ.ഡി.എഫ് 340 എണ്ണത്തിൽ ഒതുങ്ങി. എൻ.ഡി.എ 26 പഞ്ചായത്തുകളിൽ ഭരണം ഉറപ്പിച്ചു.

വോട്ട് വിഹിതം:

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം യു.ഡി.എഫ് 38.81% വോട്ടും, എൽ.ഡി.എഫ് 33.45% വോട്ടും നേടി. എൻ.ഡി.എയുടെ വോട്ട് വിഹിതം 14.71% ആണ്.