കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ

തൃശൂർ: പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. വനംവകുപ്പിൻ്റെ ജീപ്പ് നാട്ടുകാർ തടഞ്ഞു. മയിലാടുംപാറ സ്വദേശി ഷിജോയാണ് (35) കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്നലെ വൈകിട്ട് ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോഴായിരുന്നു സംഭവം.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ഷിജോ ആടിനെ തീറ്റാൻ പോയത്. രാത്രിയായിട്ടും കാണാതായതോടെ ബന്ധുക്കൾ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജോ വനത്തിനുള്ളിൽ വച്ച് തന്നെ മരിക്കുകയായിരുന്നു.മൃതദേഹം തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വനമേഖലയിലാണ് കാട്ടാനാക്രമണം ഉണ്ടായത്. പീച്ചി പൊലീസും വനം വകുപ്പും ചേർന്നാണ് വനത്തിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. സംഭവം നടക്കുമ്പോൾ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ മറ്റുള്ളവർ ചിതറിയോടുകയും ഷിബുവിനെ ആന ആക്രമിക്കുകയുമായിരുന്നുവെന്നും ചില റിപ്പോർട്ടുകൾ വരുന്നുണ്ട്.