പ്രതിപക്ഷ പിന്തുണയില്ലാതെ 'ശാന്തി' ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: സുസ്ഥിര ആണവോർജ വികസനത്തിനായുള്ള 'ശാന്തി' (SHANTI) ബിൽ 2025 ലോക്‌സഭ പാസാക്കി. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിർദിഷ്ട നിയമത്തിലെ ബാധ്യതയുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
ചർച്ചയ്ക്കിടെ ഉന്നയിച്ച രണ്ട് പ്രധാന വിഷയങ്ങളിൽ സർക്കാർ തൃപ്തികരമായ മറുപടി നൽകാത്തതിനാലാണ് ഇറങ്ങിപ്പോകാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ബില്ലിലെ സുപ്രധാനമായ വിഷയങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് സംയുക്ത പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തിന് കാരണം.
ആണവ നിലയങ്ങളിലേക്കുള്ള ഉപകരണങ്ങൾ നൽകുന്ന വിതരണക്കാരുടെ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ടതാണ് ബില്ലിലെ ഏറ്റവും വലിയ തർക്കവിഷയം. ആണവ നിലയങ്ങളിൽ വിതരണക്കാർ നൽകുന്ന ഉപകരണങ്ങളുടെ തകരാർ മൂലം എന്തെങ്കിലും അപകടമുണ്ടായാൽ അതിൻ്റെ ബാധ്യതയിൽ നിന്ന് വിതരണക്കാരെ ഒഴിവാക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. ഒരു ആണവ അപകടത്തിന് കാരണമായേക്കാവുന്ന തകരാറുള്ള ഉത്പന്നം നൽകുന്ന വിതരണക്കാരനെ ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നത് വിചിത്രമായ നിലപാടാണെന്നും വിതരണക്കാരെ പൂർണമായും കുറ്റവിമുക്തരാക്കാൻ എവിടെ നിന്നാണ് സമ്മർദം വരുന്നതെന്ന് വ്യക്തമാക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. ആണവോർജം പോലെ ഗൗരവമേറിയ ഒരു വിഷയത്തിൽ വിതരണക്കാരെ പൂർണമായും ഒഴിവാക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.
ലാഭം സ്വകാര്യവത്കരിക്കുകയും ബാധ്യത സമൂഹത്തിൻ്റെ തലയിലിടുകയും ചെയ്യുന്ന വിചിത്രമായ തത്വശാസ്ത്രമാണ് ഈ സർക്കാരിനുള്ളതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്വകാര്യ കമ്പനികൾക്ക് അല്ലെങ്കിൽ വിതരണക്കാർക്ക് ലാഭമുണ്ടാക്കാൻ അവസരം നൽകുകയും എന്നാൽ അവരുടെ പിഴവുകൾ മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം സർക്കാർ അതുവഴി പൊതുസമൂഹം ഏറ്റെടുക്കുകയും ചെയ്യുന്ന രീതിയാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്വകാര്യ കമ്പനികളുടെ പ്രവൃത്തികൾക്ക് അവരെ ഉത്തരവാദികളാക്കാതെ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് കീഴ്വഴക്കമില്ലാത്തതാണെന്നും ജനാധിപത്യ ക്ഷേമ രാഷ്ട്രം എന്ന സങ്കൽപ്പത്തെത്തന്നെ മാറ്റിമറിക്കുന്നതാണെന്നും മനീഷ് തിവാരി കൂട്ടിച്ചേർത്തു.
എന്താണ് ശാന്തി ബിൽ?
ഇന്ത്യയുടെ ആണവോർജ മേഖലയുടെ വികസനവും വിപുലീകരണവും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമനിർമാണമാണ് സുസ്ഥിര ആണവോർജ വികസനത്തിനായുള്ള ശാന്തി ബിൽ. ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും വിദേശ കമ്പനികൾക്ക് ഉൾപ്പെടെ അനുകൂലമായ സാഹചര്യം ഒരുക്കുക എന്നതാണ് ഈ ബില്ലിൻ്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ തകരാറുള്ള ഉത്പന്നം നൽകിയാൽ പോലും വിതരണക്കാർക്ക് നിയമനടപടി നേരിടേണ്ടി വരില്ലെന്നത് ഉപകരണങ്ങളുടെ ഗുണനിലവാരത്തെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.ബില്ലിലെ വ്യവസ്ഥകൾ വിശദമായി പരിശോധിക്കാൻ പാർലമെൻ്ററി സമിതിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ ഇതിന് തയാറായില്ല. 'ശാന്തി' ബില്ലും 'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)' ബില്ലും വിശദമായ പരിശോധനയ്ക്കായി പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിക്കോ സംയുക്ത പാർലമെൻ്ററി സമിതിക്കോ (ജെപിസി) വിടണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.