ബസിലേക്ക് ലോറി ഇടിച്ചുകയറി തീപിടിച്ചു; പത്ത് യാത്രക്കാർക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്

ബസിലേക്ക് ലോറി ഇടിച്ചുകയറി തീപിടിച്ചു; പത്ത് യാത്രക്കാർക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ മർകപുരം ജില്ലയിൽ ലോറി സ്വകാര്യ ബസിലിടിച്ച് തീപിടിത്തമുണ്ടായി പത്ത് പേർ മരിച്ചു. 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന്  രാവിലെ 6.30ന് റായവാരത്തിന് സമീപമാണ് അപകടമുണ്ടായത്.ചരൽ നിറച്ച ലോറി എതിർദിശയിൽ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിൽ ലോറി വന്നിടിച്ചയുടൻ തന്നെ തീപിടിത്തമുണ്ടാവുകയും രണ്ട് വാഹനങ്ങളും പൊട്ടിത്തെറിക്കുകയും ചെയ്‌തു.

ലോറിയും ബസും പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് ബസിൽ 30 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ മുൻസീറ്റിൽ ഇരുന്ന ഏതാനും യാത്രക്കാർ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. മരിച്ചവരിൽ കൂടുതൽ പേരും ബസിൻ്റെ പിൻസീറ്റിലുണ്ടായിരുന്നവരാണ്. ഇടിയുടെ ആഘാതത്തിലും ബസിനുള്ളിൽ കുടുങ്ങി പൊള്ളലേറ്റുമാണ് പത്ത് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചത്. അപകടത്തിൻ്റെ ആഘാതത്തിൽ ബസിൻ്റെ വാതിലുകൾ തകർന്നത് യാത്രക്കാർക്ക് പുറത്ത് കടക്കാൻ തടസമായി.

മരിച്ചവരിൽ ഭൂരിഭാഗവും ആന്ധ്രാപ്രദേശിലെ കണിഗിരി പ്രദേശത്തുനിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിവരം ലഭിച്ചയുടൻ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർ ജീവനോടെ കത്തിക്കരിഞ്ഞുവെന്നും പരിക്കേറ്റ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെന്നും മർകപുരം ഡിഎസ്‌പി നാഗരാജു വ്യക്തമാക്കി.മൃതദേഹങ്ങൾ പൂർണമായി കത്തിക്കരിഞ്ഞ നിലയിലായതിനാൽ പലരെയും ഇനിയും തിരിച്ചറിയേണ്ടതുണ്ട്. ഇതിനായുള്ള ശാസ്ത്രീയ പരിശോധനകളും പോസ്റ്റ്‌മോർട്ടം നടപടികളും ഉടൻ പൂർത്തിയാക്കും.

അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ട യാത്രക്കാർക്ക് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. അപകടത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. യാത്രക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിനും നിർദേശമുണ്ട്. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.