ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: ഒന്നാം പ്രതിയുടെ മാനസിക നില പരിശോധന 17-ന് നടക്കും

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്:  ഒന്നാം പ്രതിയുടെ മാനസിക നില പരിശോധന  17-ന് നടക്കും

തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിലെ 14 കോടിയുടെ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയുടെ മാനസിക നില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് തയാറെടുക്കുന്നു. കേസിൽ നിർണായകമായ ഈ പരിശോധന ഈ മാസം 17-ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് നടപടി. പരിശോധനയ്ക്കായി പ്രതി സംഗീതിനെ അന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി.

നേരത്തെ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന് കോടതി രണ്ടാമതും നോട്ടീസ് അയച്ചു. ഇതിന് മറുപടിയായി ഫെബ്രുവരി 11-നാണ് സൂപ്രണ്ട് പരിശോധനയ്ക്ക് തയാറാണെന്ന് കോടതിയെ രേഖാമൂലം അറിയിച്ചത്.ഒന്നാം പ്രതി സംഗീത്, ഇടനിലക്കാരനായ അനിൽ കുമാർ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിജിലൻസ് അപേക്ഷ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചപ്പോൾ സംഗീത് മാനസികരോഗിയാണെന്നും അതിനാൽ കസ്റ്റഡിയിൽ വിടരുതെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.

"തട്ടിപ്പ് നടത്തിയപ്പോൾ ഇയാൾക്ക് മാനസികരോഗം ഇല്ലായിരുന്നോ?" എന്ന് കോടതി രൂക്ഷമായാണ് ഈ വാദത്തോട് പ്രതികരിച്ചത്.സംഗീതിനെ കസ്റ്റഡിയിൽ ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം പ്രതി അനിൽ കുമാറിനെ മാത്രം കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസ് തയാറായില്ല. ഇതോടെയാണ് സംഗീതിനെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടത്.നേരത്തെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പരിശോധന നടത്തി സംഗീതിന് മാനസിക പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പ്രതിഭാഗം ഈ റിപ്പോർട്ടിനെ എതിർത്തതോടെയാണ് ഒരു പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്.

ലോട്ടറി തൊഴിലാളികൾക്ക് അടയ്ക്കാനുള്ള അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനിൽ കുമാറിൻ്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് 14 കോടി രൂപ തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് മാത്രം 45 രജിസ്ട്രേഷനുകൾ നടത്തിയിരുന്നു. അനിൽ കുമാർ നിർമാണ കമ്പനി ആരംഭിച്ച് പ്രവർത്തിക്കുകയും ബാക്കി തുക ബാങ്കിൽ സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്തു എന്നാണ് വിജിലൻസ് കേസ്. സംസ്ഥാനത്തെ പാവപ്പെട്ട ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനായി നീക്കിവച്ച പണമാണ് ഉദ്യോഗസ്ഥതലത്തിലുള്ള ഒത്താശയോടെ തട്ടിയെടുക്കപ്പെട്ടത് എന്നത് കേസിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ചികിത്സാ സഹായം, വിവാഹ ധനസഹായം, പെൻഷൻ എന്നിവയ്ക്കായി ലോട്ടറി തൊഴിലാളികൾ നൽകുന്ന അംശാദായമാണ് സംഗീത് സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയത്.ക്ഷേമനിധി ബോ‍ർഡിൻെറ സിഇഒമാരായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽപോലും വ്യാജരേഖയുണ്ടാക്കി ബാങ്കുകളിൽ നിന്നും പണം പിൻവലിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു.