പ്രണയിതാക്കൾ ഹോട്ടൽ മുറിയിൽ ജീവനൊടുക്കി

കോട്ടയം: വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനെത്തുടർന്ന് പ്രണയിതാക്കൾ ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജിലാണ് പുതുപ്പള്ളി സ്വദേശി നന്ദകുമാർ (23), മര്യാത്തുരുത്ത് വരിശേരി സ്വദേശിനി ആസിയ തസനിം (19) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹം വീട്ടുകാരെ അറിയിച്ചെങ്കിലും ഇരു കുടുംബങ്ങളും ഈ നിർദ്ദേശത്തെ എതിർക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഒന്നിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന വിഷമത്തിലാണ് ഇവർ ഈ കടുംകൈ ചെയ്തതെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഇരുവരും ശാസ്ത്രി റോഡിലെ ലോഡ്ജിൽ മുറിയെടുത്തത്.വെള്ളിയാഴ്ച മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാത്തതിനെത്തുടർന്ന് ലോഡ്ജ് ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരേ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും.മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിനിടെ ആസിയയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നേരത്തെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.