പുതുവർഷത്തിൻ്റെ 'സമ്മാനം' !! ; എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി

ന്യുഡൽഹി : പുതുവർഷാരംഭത്തിൽ പൊതുജനത്തിന് 'വിലകൂടിയ സമ്മാന'വുമായി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ. വാണിജ്യ എൽപിജി 111 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്. അതേസമയം ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൻ്റെ (എടിഎഫ്) വില 7.3 ശതമാനമായി കുറച്ചു. ന്യൂഡൽഹി ഉൾപ്പെടെയുള്ള എല്ലാ നഗരങ്ങളിലും വിലയിൽ മാറ്റം വന്നിട്ടുണ്ട്.ഭക്ഷണശാലകൾ, ക്യാറ്ററിങ് സർവീസ്, ഇവൻ്റ് മാനേജ്മെൻ്റ് മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്ക് വാണിജ്യ സിലിണ്ടറുകളുടെ വില വർധനവ് കനത്ത തിരിച്ചടിയാകും. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർധനവ് ഉണ്ടായിട്ടില്ലെന്നത് സാധാരണക്കാർക്ക് ആശ്വാസമേകുന്നു. പൊതുമേഖലാ എണ്ണ വിതരണ കമ്പനികളുടെ പതിവ് പ്രതിമാസ പരിഷ്‌കരണത്തിൻ്റെ ഭാഗമായാണ് വർധനവ് ഉണ്ടായിരിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു.
രാജ്യാന്തര ക്രൂഡ് ഓയിൽ നിരക്ക് വിലയിരുത്തി എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ പാചകവാതക വില പരിഷ്‌കരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന 19 കിലോഗ്രാം ഭാരമുള്ള വലിയ സിലിണ്ടറാണ് വാണിജ്യ സിലിണ്ടറുകൾ. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഭാരമുള്ള ചെറിയ സിലിണ്ടറാണ് ഗാർഹിക സിലിണ്ടറുകൾ. ഇവയ്‌ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല.ഇന്ന് മുതൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 1691.50 രൂപയായിരിക്കും. പഴയ വില 1580.50 രൂപ ആയിരുന്നു. കൊൽക്കത്തയിൽ പുതിയ വില 1795 രൂപ ആയി ഉയർന്നു. നേരത്തെ അത് 1684 രൂപയായിരുന്നു. മുംബൈയിൽ 1642.50 രൂപയും ചെന്നൈയിൽ 1849.50 രൂപയുമാണ് പുതുക്കിയ വില.
2025 ഡിസംബറിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ദേശീയ തലസ്ഥാനത്ത് പത്ത് രൂപയും മുംബൈയിലും ചെന്നൈയിലും 11 രൂപയും കുറച്ചിരുന്നു. നവംബറിലും സമാനമായ വിലക്കുറവ് രേഖപ്പെടുത്തിയിരുന്നു.
പുതിയ എടിഎഫ് നിരക്കുകൾ:
ഇന്ന് ഡൽഹിയിൽ എടിഎഫ് വില കിലോ ലിറ്ററിന് 92,323.02 രൂപയാണ്. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് അവസാനമായി നിരക്ക് കിലോലിറ്ററിന് 5,133.75 രൂപയായി (5.4 ശതമാനം) വർധിപ്പിച്ചത്. അതിനുമുമ്പ് നവംബർ ഒന്നിന് വില ഏകദേശം ഒരു ശതമാനവും ഒക്ടോബർ ഒന്നിന് 3.3 ശതമാനവുമായി ഉയർന്നിരുന്നു. മുംബൈയിൽ എടിഎഫ് വില കിലോ ലിറ്ററിന് 86,352.19 രൂപയായി പരിഷ്‌കരിച്ചു. അതേസമയം ചെന്നൈയിലും കൊൽക്കത്തയിലും 95,770 രൂപയും 95,378.02 രൂപയാണ് കുറഞ്ഞ വില.