കേരള കുംഭമേളയ്‌ക്ക്‌ നാളെ സമാപനം

കേരള കുംഭമേളയ്‌ക്ക്‌  നാളെ സമാപനം

മലപ്പുറം: തിരുനാവായ നാവ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്തുനടക്കുന്ന  മഹാമാഘ മഹോത്സവം(കുംഭമേള )നാളെ സമാപിക്കും . മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും.

മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്‌നാനത്തില്‍ നാഗസന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്‌നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തില്‍ നടത്തുന്ന പുണ്യസ്‌നാനം പാപമുക്തി നല്‍കുകയും ജന്മമരണചക്രത്തില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണര്‍വിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. അമൃതസ്‌നാനത്തിന് ശേഷം യതി പൂജ നടക്കും. സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പിനായി സര്‍വ്വതും ഉപേക്ഷിച്ച് ജീവിതം സമര്‍പ്പിച്ച സന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. ധര്‍മ്മത്തെ നയിക്കുന്ന ഇത്തരം യതി ആചാര്യന്മാരെ പൂജിക്കുന്നത് ഭക്തര്‍ക്ക് ഗുരുത്വബോധവും ജീവിതത്തില്‍ സല്‍മാര്‍ഗ്ഗഗതിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്ഞാനികളായ സന്യാസിമാരുടെ പാദപൂജയും അവര്‍ക്കുള്ള അന്നദാനവും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും മഹത്തായ പുണ്യം നല്‍കുമെന്നാണ് വിശ്വാസം.

മഹാമാഘ മഹോത്സവത്തിന്റെ ഉദ്ഘാടനം ജനു 19-ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് നിർവഹിച്ചത് .