മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു : വോട്ടിംഗ് മഷി ദുരുപയോഗം ചെയ്യുന്നതായി താക്കറെ സഹോദരന്മാർ

മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് വൈകുന്നേരം 5:30 വരെ വോട്ടെടുപ്പ് നടക്കും. 227 വാർഡുകളിലായി ആകെ 1,700 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്, 1.03 കോടിയിലധികം പൗരന്മാർ വോട്ടുചെയ്യാൻ അർഹരാണ്. സമാധാനപരമായ പോളിംഗ് ഉറപ്പാക്കാൻ മുംബൈ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട് , 

29 മുനിസിപ്പാലിറ്റികളിൽ മന്ദഗതിയിലുള്ള പോളിംഗ് പ്രവണത തുടരുകയാണെന്നാണ് റിപ്പോർട്ട് , രാവിലെ 11.30 വരെ 17.41% പോളിംഗ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 9:30 വരെ മുംബൈയിൽ 7.12 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. മുംബൈയിലെ 18-ാം വാർഡിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്, 11.57 ശതമാനം. വാർഡ് നമ്പർ 162-ൽ 1.68 ശതമാനം, ഏറ്റവും കുറഞ്ഞ പോളിംഗ്.ആകെയുള്ള 1,03,44,315 വോട്ടർമാരിൽ 7,36,996 പേർ വോട്ട് ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, സ്ത്രീകളേക്കാൾ ഇരട്ടി പുരുഷന്മാർ വോട്ട് ചെയ്തു. ബിഎംസി തിരഞ്ഞെടുപ്പിൽ 2,82,433 സ്ത്രീകൾ ഇതിനകം വോട്ടുചെയ്‍തപ്പോൾ  പുരുഷന്മാരുടെ കണക്ക് 4,54,539ആണ് .പലപ്രമുഖ നേതാക്കളും നേരത്തെതന്നെ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.മുൻ രാജ്യസഭാ എംപി സുഭാഷ് ചന്ദ്രയും വോട്ട് ചെയ്തതിനൊടൊപ്പം  "ഉയർന്ന വരുമാനമുള്ളവർ പരാതി പറയുന്നുണ്ടെങ്കിലും വോട്ടുചെയ്യാൻ അവർ വരുന്നില്ല " എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വിമർശിച്ചു.

വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടാൻ മാർക്കർ പേന ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടാൻ മാർക്കർ പേനകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് 2011 നവംബർ 19 നും 2011 നവംബർ 28 നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതിനുശേഷം, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടാൻ മാർക്കർ പേനകൾ ഉപയോഗിച്ചുവരുന്നതായും കമ്മീഷൻ വ്യക്തമാക്കി.

"ഈ ഉത്തരവുകൾ പ്രകാരം, വോട്ടറുടെ വിരലിൽ വ്യക്തമായി കാണുന്ന വിധത്തിൽ ഒരു മാർക്കർ പേന ഉപയോഗിച്ച് മഷി പുരട്ടണം. നഖത്തിലും നഖത്തിന് മുകളിലുള്ള ചർമ്മത്തിലും മൂന്ന് മുതൽ നാല് തവണ വരെ മഷി പുരട്ടണം. ഈ നിർദ്ദേശങ്ങൾ നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്, കൂടാതെ മാർക്കർ പേനകളിലും ഇത് അച്ചടിച്ചിട്ടുണ്ട്. അതിനാൽ മഷി മായ്ക്കുന്നതിനുള്ള ദുരുപയോഗത്തിന് ശ്രമിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്, ”മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ഉദ്ദവ് താക്കറെ 

മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി നടന്നുകൊണ്ടിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ  ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് ബാലാസാഹേബ് താക്കറെ ആരോപിച്ചു.  വോട്ടർമാരുടെ വിരലുകളിൽ പുരട്ടുന്ന മഷി നെയിൽ പോളിഷ് റിമൂവറും സാനിറ്റൈസറുകളും ഉപയോഗിച്ച് എളുപ്പത്തിൽ നീക്കം ചെയ്യപ്പെടുന്നുണ്ടെന്നും, ഇത് ചില ആളുകൾക്ക് ഒന്നിലധികം തവണ വോട്ട് ചെയ്യാൻ അനുവദിക്കുന്നുണ്ടെന്നും താക്കറെ ആരോപിച്ചു. ഭരണകക്ഷിയായ മഹായുതിയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും (എസ്ഇസി) തമ്മിലുള്ള 'കൂട്ടുകെട്ടിന്റെ' തെളിവാണ് ഇത്തരമൊരു സാഹചര്യം എന്ന് അദ്ദേഹം പറഞ്ഞു. "ഒരുപക്ഷേ, പ്രയോഗിച്ച മഷി ഉടനടി മാറുന്ന തരത്തിൽ ഇത്രയധികം പരാതികൾ വരുന്ന ആദ്യ തിരഞ്ഞെടുപ്പായിരിക്കാം ഇത്.

തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിയും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നത്. നിരവധി ക്രമക്കേടുകൾ നടക്കുന്നുണ്ട്," താക്കറെ  പത്രസമ്മേളനത്തിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, മഷി ഇത്ര എളുപ്പത്തിൽ നീക്കം ചെയ്യാൻ "ഒരു സാനിറ്റൈസർ ഏജൻസിയെ" നിയമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ട് പോളിംഗ് ബോഡിയെ പരിഹസിച്ചു.

"തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടപടിയെടുക്കണമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി അവർ എന്താണ് ചെയ്തത്? തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രാജാവല്ല, ഒരു സേവകനാണ്. ": ഉദ്ദവ് പറഞ്ഞു 

അധികാരം ഉപയോഗിച്ച് സർക്കാരിന് എന്തും ചെയ്യാം .ഇതൊരു തിരഞ്ഞെടുപ്പല്ല :രാജ്‌താക്കറെ  

"മുമ്പ് ഉപയോഗിച്ചിരുന്ന മഷി പുതിയ പേന ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു, ഈ പുതിയ പേനയെക്കുറിച്ച് പരാതികളുണ്ട്. നിങ്ങൾ ഒരു ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചാൽ മഷി അപ്രത്യക്ഷമാകും. ഇനി, മഷി പുരട്ടുക, പുറത്തുപോയി തുടയ്ക്കുക, തുടർന്ന് അകത്ത് പോയി വീണ്ടും വോട്ട് ചെയ്യുക എന്നതാണ് നടക്കുന്നത്.അധികാരത്തിൽ തുടരാൻ സർക്കാരിന് എന്തും ചെയ്യാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു. ഇത്തരം വഞ്ചനാപരമായ മാർഗങ്ങളിലൂടെ ആരെങ്കിലും അധികാരത്തിൽ വരുമ്പോൾ ഞങ്ങൾ ഇതിനെ ഒരു തിരഞ്ഞെടുപ്പായി വിളിക്കില്ല . ജനങ്ങളും ശിവസേന പ്രവർത്തകരും  മാതോശ്രീ സേന പ്രവർത്തകരും  ജാഗ്രത പാലിക്കുക. ..": മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ്‌താക്കറെ പറഞ്ഞു .

വേണമെങ്കിൽ ഓയിൽ പെയിന്റ് ഉപയോഗിക്കാം :ദേവേന്ദ്ര ഫഡ്‌നാവിസ്

 "എന്നെയും ഒരു മാർക്കർ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്, അത് മായ്ക്കാൻപറ്റുമോ ? തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയം പരിശോധിച്ച് മറ്റെന്തെങ്കിലും ഉപയോഗിക്കണം, അവർക്ക് വേണമെങ്കിൽ ഓയിൽ പെയിന്റ് ഉപയോഗിക്കാം, തിരഞ്ഞെടുപ്പ് നിഷ്പക്ഷമായിരിക്കണം. എന്നാൽ ഏതുകാര്യത്തിലും  ഒരു പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും അടിസ്ഥനരഹിതമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതും വളരെ തെറ്റാണ്.": രാജ് താക്കറെയുടെ പ്രസ്താവനയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു.