യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മഹാരാഷ്ട്ര- കെഎംസിസി

യുഡിഎഫ്  തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മഹാരാഷ്ട്ര- കെഎംസിസി

മുംബൈ /കാസർകോട്:  മഞ്ചേശ്വരം,കാസർകോട്,തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്ക് ചേർന്ന് മഹാരാഷ്ട്ര കെഎംസിസി നേതാക്കൾ . പ്രസിഡന്റ് അസീസ് മാണിയൂർ, ജനറൽ സെക്രട്ടറി മഹാ ഗഫൂർ, ട്രഷറർ പി. എം. ഇക്ബാൽ, വർ‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞബ്ദുള്ള, ഷംനാസ് പോക്കർ, കൗൺസിൽ അംഗങ്ങളായ നാസ്സർ, ബി. യു. അബൂബക്കർ എന്നിവർ മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എകെഎം  അഷ്‌റഫിനെ കുമ്പള ടോൾ പ്ലാസയിൽ സന്ദർശിച്ചു.



സ്ഥാനാർത്ഥി അഷ്‌റഫ്  നേതൃത്വം നൽകിയ ടോൾ വിരുദ്ധ സമരം പ്രദേശത്ത് വലിയ ശ്രദ്ധ നേടിയിരുന്നു. 60 കിലോമീറ്റർ പരിധിക്കുള്ളിൽ ടോൾ പ്ലാസകൾ അനുവദിക്കരുതെന്ന കേന്ദ്ര സർക്കാർ ഉത്തരവ് ലംഘിച്ചാണ് ടോൾ സ്ഥാപിച്ചതെന്ന് ആരോപിച്ച് നടത്തിയ സമരം വിജയകരമായി ടോൾ പൂട്ടിക്കൊണ്ടുവന്നത് മണ്ഡലത്തിനും സംസ്ഥാനത്തിനും ഗുണകരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു.കാസർകോട് മണ്ഡലത്തിൽ നടന്ന പ്രചാരണ പരിപാടി വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനം പ്രസംഗത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കാസർകോട് മെഡിക്കൽ കോളേജിനെ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉൾപ്പെടെ നിരവധി യുഡിഎഫ് നേതാക്കൾ പങ്കെടുത്തു. സ്ഥാനാർത്ഥി കളക്ട്രേ മായൻ ഹാജിയെ ഷാൾ അണിയിച്ച് ആദരിച്ചു.

തൃക്കരിപ്പൂർ മണ്ഡലത്തിലെ പടന്നയിൽ നടന്ന യുഡിഎഫ് പ്രചാരണ യോഗം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി. നിരവധി യുഡിഎഫ് നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.  തഥവസരത്തിൽ സ്ഥാനാർത്ഥി സന്ദീപ് വാരിയർ സംസാരിക്കവെ, തൃക്കരിപ്പൂർ മണ്ഡലത്തിലെ കടലോര മേഖലയിലെ ജനങ്ങൾക്ക് നിലവിലെ എം.എൽ.എയുടെ ഭാഗത്ത് നിന്നും യാതൊരു വികസന പ്രവർത്തനങ്ങളും ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചു. വിജയിച്ചാൽ തൃക്കരിപ്പൂർ മണ്ഡലത്തെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി കെഎംസിസി പ്രതിനിധികൾ പറഞ്ഞു.