ഓരോ വീട്ടിലും ഓരോ സർക്കാർ ജോലി ! സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ: മഹാസഖ്യത്തിൻ്റെ വാഗ്‌ദാനങ്ങൾ

പട്‌ന: ബീഹാർ നിയമസഭാതെരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക പുറത്തിറക്കി മഹാസഖ്യം . മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ തേജസ്വി യാദവും ഇന്ത്യൻ മഹാ സഖ്യത്തിലെ (മഹാഗത്ബന്ധൻ) നേതാക്കളും ചേര്‍ന്നാണ് പ്രകടനപത്രിക പ്രകാശനം ചെയ്‌തത് . 'ബിഹാർ കാ തേജസ്വി പ്രാൺ' എന്ന് പത്രികയ്‌ക്ക് നാമകരണം ചെയ്തിട്ടുണ്ട് .
"സർക്കാർ രൂപീകരിക്കുക മാത്രമല്ല, ബിഹാർ വികസിപ്പിക്കുക എന്ന ലക്ഷ്യവും ഞങ്ങൾക്കുണ്ട്. എല്ലാ മഹാഗത്ബന്ധൻ സഖ്യകക്ഷികളും സംയുക്തമായാണ് പ്രമേയ രേഖ തയ്യാറാക്കിയത്. ബിഹാറിനെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ജീവൻ പോയാലും ഞങ്ങൾ അത് നിറവേറ്റും," മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് തേജസ്വി പറഞ്ഞു. രൂപരേഖ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള 25 പ്രധാന കാര്യങ്ങളും നിരവധി പ്രമേയങ്ങളും ഉൾക്കൊള്ളുന്ന പ്രകടന പത്രികയിൽ തൊഴിലിന് മുൻഗണന നൽകുന്നുണ്ട്.
പ്രധാന വാഗ്‌ദാനങ്ങൾ:
അധികാരത്തിലെത്തി 20 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ ഓരോ കുടുംബത്തിനും ഒരു സർക്കാർ ജോലി നൽകുന്നതിനുള്ള നിയമം സഖ്യം കൊണ്ടുവരുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. സർക്കാർ രൂപീകരിച്ച് 20 മാസത്തിനുള്ളിൽ ജോലി നൽകുന്നതിനുള്ള പ്രക്രിയ ആരംഭിക്കും. എല്ലാ കരാർ തൊഴിലാളികളെയും, സർക്കാർ ഓഫിസുകളിലെ ഔട്ട്‌സോഴ്‌സിങ് ഏജൻസികളിൽ നിന്ന് നിയമിക്കുന്നവരെയും സ്ഥിരം ജീവനക്കാരാക്കും നിലവിലുള്ള നിയമന-പിരിച്ചുവിടൽ മാനദണ്ഡങ്ങൾ ഒഴിവാക്കി തൊഴിൽ സുരക്ഷ കൊണ്ടുവരും.അതുപോലെ, 'ജീവിക' എന്നറിയപ്പെടുന്ന ബിഹാർ ഗ്രാമീണ ഉപജീവന പദ്ധതിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി മൊബിലൈസർമാരെ സ്ഥിരപ്പെടുത്തും. അവർക്ക് സർക്കാർ ജീവനക്കാരുടെ പദവിയും പ്രതിമാസം 30,000 രൂപ ശമ്പളവും നൽകും. ജീവിക ദീദിസ് മുഖേന എടുത്ത വായ്‌പകളുടെ പലിശ എഴുതിത്തള്ളും, രണ്ട് വർഷത്തേക്ക് പലിശയില്ലാതെ തുടർന്നുള്ള വായ്‌പകൾ നൽകും. വിവിധ സർക്കാർ ജോലികളിൽ ഏർപ്പെട്ടാൽ അവർക്ക് പ്രതിമാസം 2000 രൂപ അലവൻസ് നൽകും.സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള 'പഴയ പെൻഷൻ പദ്ധതി' (OPS) തിരികെ കൊണ്ടുവരുമെന്നും വാഗ്‌ദാനം ചെയ്യുന്നു. ഈ വർഷം ഡിസംബർ 1 മുതൽ 'മയി ബഹിൻ യോജന' പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം നൽകും, പ്രതിവർഷം 30,000 രൂപയാകും. വിധവകൾക്കും മുതിർന്ന പൗരന്മാർക്കും നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ നിലവിലുള്ള 1100 രൂപയിൽ നിന്ന് 1500 രൂപയായി ഉയർത്തുമെന്നും, എല്ലാ വർഷവും 200 രൂപ വീതം വർധിപ്പിക്കുമെന്നും, ഭിന്നശേഷിക്കാർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുമെന്നും പത്രികയിൽ പറയുന്നു.സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്നതിനെക്കുറിച്ച് പ്രകടന പത്രികയിൽ പരാമര്‍ശിക്കുന്നുണ്ട്. ഐടി പാർക്കുകൾ, പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ-കൾ), ക്ഷീരോൽപ്പാദന മേഖല , ആരോഗ്യ സേവനങ്ങൾ, കാർഷിക മേഖല, ഭക്ഷ്യ സംസ്‌കരണ സൗകര്യങ്ങൾ എന്നീ മേഖലകളിൽ വികസനം കൊണ്ടു വരും.പുനരുപയോഗ ഊർജ്ജം, ലോജിസ്റ്റിക്‌സ് സൗകര്യങ്ങൾ, നിർമ്മാണം, ടൂറിസം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, നൈപുണ്യ അധിഷ്‌ഠിത തൊഴിൽ സൃഷ്‌ടിക്കുമെന്നും പത്രികയിൽ പറയുന്നു. 2000 ഏക്കർ സ്ഥലത്ത് ഒരു വിദ്യാഭ്യാസ നഗരം, വ്യാവസായിക ക്ലസ്റ്ററുകൾ, അഞ്ച് പുതിയ എക്‌സ്പ്രസ് വേകൾ എന്നിവയും നിർമ്മിക്കും.
"എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. വഖഫ് (ഭേദഗതി) നിയമം നിർത്തലാക്കും... വഖഫ് സ്വത്ത് സുതാര്യവും ക്ഷേമാധിഷ്‌ഠിതവും ഉപയോഗപ്രദവുമാക്കും," ഇന്ത്യാ സഖ്യം പ്രകടനപത്രികയിൽ പറയുന്നു. ബിഹാറിൽ പ്രതിപക്ഷ സഖ്യം അധികാരത്തിൽ വന്നാൽ വഖഫ് (ഭേദഗതി) നിയമം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുമെന്ന് മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.