ഒഡിഷയിലെ എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടിത്തം : പത്ത് രോഗികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്

ഒഡിഷയിലെ എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടിത്തം : പത്ത് രോഗികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡിഷയിലെ എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടിത്തം. പത്ത് രോഗികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന്  പുലർച്ചെയാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ട്രോമ കെയർ ഐസിയുവിൽ തീപിടിത്തമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.

ഐസിയുവിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ ആശുപത്രിയിലെ രോഗികളും ജീവനക്കാരും പരിഭ്രാന്തരായി. പിന്നാലെ മുൻകരുതൽ നടപടിയായി ഐസിയുവിലുള്ള പത്തിലധികം രോഗികളെ ഉടൻ തന്നെ ന്യൂ മെഡിസിൻ ഐസിയുവിലേക്ക് മാറ്റി. രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർക്കും മറ്റും പൊള്ളലേറ്റതായി റിപ്പോർട്ടിൽ പറയുന്നു. വിവരം അറിഞ്ഞയുടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ധനസഹായം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി

ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അടക്കുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തത്തിൽ പത്ത് പേർ മരിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്‌തു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മോഹൻ ചരൺ മാജി പ്രഖ്യാപിച്ചു. പരിക്കേറ്റവരെ നേരിൽ സന്ദർശിച്ച് സംസാരിക്കുകയും ചെയ്‌തു.