മലയാളം മിഷൻ പഠനയാത്രയും സഹവാസ ക്യാമ്പും ഇന്നുമുതൽ

മലയാളം മിഷൻ പഠനയാത്രയും സഹവാസ ക്യാമ്പും ഇന്നുമുതൽ

മുംബൈ: പഠിതാക്കളിലും അധ്യാപകരിലുമുള്ള സര്‍ഗ്ഗശേഷിയെ പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ സാംസ്കാരിക വിനിമയങ്ങൾ സാധ്യമാക്കുക, പുത്തൻ അറിവുകൾ നേടുക,  കൂട്ടായ്മയും പരസ്പര സഹവർത്തിത്വവും വികസിപ്പിക്കുക, സാമൂഹ്യ ബോധവും നേതൃത്വ പാടവവും വളര്‍ത്തുക  തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി  മലയാളം മിഷൻ മുംബൈ ചാപ്റ്റർ പഠിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട്, നാസിക്കിലേക്ക് ഒരു പഠനയാത്രയും,  ജനുവരി 24, 25, 26 തിയ്യതികളിലായി സഹവാസ ക്യാമ്പും സംഘടിപ്പിക്കുന്നു.



 നാസിക് പത്തര്‍ടി  സെന്റ് തോമസ് ബേഥാന്യ കോൺവെന്റ് സ്കൂളിൽ വെച്ചുനടത്തുന്ന  സഹവാസ ക്യാമ്പിൽ  മലയാളം മിഷൻ മുംബൈ ചാപ്റ്ററിൻ്റെ പന്ത്രണ്ട് മേഖലകളിൽ നിന്നും പഠിതാക്കളും അധ്യാപകരുമായി 200 പേരെയാണ്  ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും മലയാളം മിഷൻ നാസിക് മേഖലയുടെ പരിപൂർണ സഹകരണ ത്തോടെയാണ് മുംബയ് ചാപ്റ്റർ ഈ പഠനയാത്രയും സഹവാസ ക്യാമ്പും  സംഘടിപ്പിച്ചിട്ടുള്ളത് എന്നും  മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി   രാമചന്ദ്രന്‍ മഞ്ചറമ്പത്ത്  അറിയിച്ചു. മറ്റുള്ളവരുമായി ഇടപഴകി ജീവിക്കാനും  സാമൂഹ്യ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കാനും സഹായിക്കുന്ന  ക്യാമ്പ്   കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകളെ  പ്രോത്സാഹിപ്പിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താനും  ഉതകുന്നവിധമാണ്  ആസൂത്രണം ചെയ്തിട്ടുള്ളത്  എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം  പ്രകൃതി രമണീയമായ നാസിക്കിലെ കൃഷിസ്ഥലങ്ങളിലേക്കും ചരിത്രപ്രാധാന്യമുള്ള സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള  പഠനയാത്രയും സവിശേഷതയുള്ളതാണെന്നും മഞ്ചറമ്പത്ത്  പത്രക്കുറിപ്പിലൂടെ അറിയിച്ചു.