കരസേനയുടെ ആദരവ് ഏറ്റുവാങ്ങി മലയാളത്തിൻ്റെ മഹാനടൻ

കരസേനയുടെ ആദരവ് ഏറ്റുവാങ്ങി മലയാളത്തിൻ്റെ  മഹാനടൻ

ന്യുഡൽഹി :രാജ്യത്തിൻ്റെ   പരമോന്നത ചലച്ചിത്ര പുരസ്കാരമായ 'ദാദാ സാഹേബ് ഫാൽക്കെ' അവാർഡ് നേടിയ നടൻ മോഹൻലാലിനെ കരസേന പ്രത്യേക ആദരിച്ചു . ടെറിട്ടോറിയൽ ആർമിയിൽ   16 വർഷം പൂർത്തിയാക്കിയതും ചേർത്തുള്ള  ഇരട്ടിമധുരത്തോടെയാണ്  സേന  നടനെ ആദരിച്ചത്. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അദ്ദേഹത്തെ അഭിനന്ദിച്ചു .“ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്,” കരസേനയുടെ ആദരം ഏറ്റുവാങ്ങിയ ശേഷം മോഹൻലാൽ  പ്രതികരിച്ചു.കൂടിക്കാഴ്ചയിൽ ടെറിട്ടോറിയൽ ആർമി ബറ്റാലിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. സൈന്യവുമായി ബന്ധപ്പെട്ട് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നും, ടെറിട്ടോറിയൽ ആർമിയുടെ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുമെന്നും മോഹൻലാൽ കരസേനാ മേധാവിക്ക് ഉറപ്പ് നൽകി. “പുതുതലമുറയെ സൈന്യത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതുൾപ്പെടെ നിരവധി പദ്ധതികൾ മുന്നിലുണ്ട്,” അദ്ദേഹം അറിയിച്ചു.കരസേനാ മേധാവിയിൽ നിന്ന് ലഭിച്ച ഈ അഭിനന്ദനം രാജ്യസേവനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ തനിക്ക് കൂടുതൽ പ്രചോദനമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സിനിമയ്ക്ക് പുറമെ രാജ്യത്തിന്റെ സേനാരംഗത്തും മോഹൻലാൽ വഹിക്കുന്ന പങ്ക് ഈ ആദരവോടെ വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്.2009-ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെൻ്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം. സൈന്യത്തിന്റെ ഭാഗമായി താൻ പൊതുജനങ്ങൾക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടലുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളുടെ സജീവ സാന്നിധ്യം വലിയ ശ്രദ്ധ നേടിയിരുന്നു.,

" ഇന്ന്  സൈനിക ആസ്ഥാനത്ത് വെച്ച്  ഏഴ് കരസേനാ കമാൻഡർമാരുടെ സാന്നിധ്യത്തിൽ എനിക്ക് COAS അഭിനന്ദന കാർഡ് ലഭിച്ചു . ഓണററി ലെഫ്റ്റനന്റ് കേണൽ എന്ന നിലയിൽ ഈ അംഗീകാരം ലഭിക്കുന്നത് വളരെയധികം അഭിമാനത്തിന്റെയും നന്ദിയുടെയും നിമിഷമാണ്. ഈ ബഹുമതിക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്കും ജനറൽ ഉപേന്ദ്ര ദ്വിവേദിയോടും, മുഴുവൻ ഇന്ത്യൻ സൈന്യത്തോടും, എന്റെ മാതൃ യൂണിറ്റായ ടെറിട്ടോറിയൽ ആർമിയോടും ഞാൻ അഗാധമായ നന്ദിയുള്ളവനാണ്." : മോഹൻലാൽ