കന്യാകുമാരിയില്‍ മലയാളി സിഎസ്‌ഐ സഭാ നേതാവ് കോൺഗ്രസ്സ് സ്ഥാനാർഥി, തമിഴ്‌നാട്ടിലെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ അതിര്‍ത്തി മണ്ഡലമായ വിളവന്‍കോട്ട് മലയാളിയായ സിഎസ്‌ഐ സഭാ നേതാവിന് സീറ്റു നല്‍കി കോണ്‍ഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. തിരുവനന്തപുരം ആസ്ഥാനമായ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറി ടി ടി പ്രവീണിനാണ് വിളവന്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സിഎസ്‌ഐ സഭയ്ക്കുള്ളില്‍ നിര്‍ണായക സ്വാധീനമാണ് ദീര്‍ഘകാലമായി സഭാ സെക്രട്ടറി എന്ന നിലയില്‍ പ്രവീണിനുള്ളത്.സിഎസ്‌ഐ സഭയ്ക്ക് നിര്‍ണായക സ്വാധീനമുള്ള നെയ്യാറ്റിന്‍കര, പാറശാല, കാട്ടാക്കട, കോവളം, അരുവിക്കര, തിരുവനന്തപുരം, കഴക്കൂട്ടം, നേമം, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളില്‍ പ്രവീണിൻ്റെ സ്ഥാനാര്‍ഥിത്വം ഗുണമാകും എന്ന വിലയിരുത്തലാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. നെയ്യാറ്റിന്‍കര, പാറശാല, മണ്ഡലങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് കന്യാകുമാരി ജില്ലയിലെ വിളവന്‍കോട്. കോണ്‍ഗ്രസിൻ്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന വിളവന്‍കോട് സ്ഥാനാര്‍ഥിത്വം നല്‍കിയതിലൂടെ പ്രവീണിൻ്റെ വിജയം കോണ്‍ഗ്രസ് ഉറപ്പിച്ചെന്നു വേണം വിലയിരുത്താന്‍.കേരളത്തിലെ കോണ്‍ഗ്രസിൻ്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും എല്ലാക്കാലത്തും താന്‍ ഉറച്ച കോണ്‍ഗ്രസുകാരനായിരുന്നെന്നും പ്രവീണ്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ത്യയിലെ ഏറ്റവു വലിയ മതേതര പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. 2021 ല്‍ കോണ്‍ഗ്രസിലെ വിജയധരണി 28,669 വോട്ടിന് എഐഎഡിഎംകെ- ബിജെപി സഖ്യത്തിലെ ജയശീലനെ തോല്‍പ്പിച്ചാണ് വിളവന്‍കോട് നിലനിര്‍ത്തിയത്. 2024 ല്‍ വിജയധരണി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി ജെ പിയില്‍ ചേര്‍ന്ന ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം 40,174 വോട്ടായി ഉയര്‍ത്തിയാണ് ബി ജെ പിയെ അവിടെ പരാജയപ്പെടുത്തിയത്.
ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച വിളവന്‍കോട്ടെ കോണ്‍ഗ്രസ് സിറ്റിംഗ് എം എല്‍ എ ഡോ താരഗൈ കുത്ത്‌ബെര്‍ട്ടിനെ കൊളച്ചല്‍ മണ്ഡലത്തിലേക്കു മാറ്റിയാണ് പ്രവീണിന് വിളവന്‍കോട് സീറ്റ് നല്‍കിയത്. തമിഴ്‌നാട്ടില്‍ ഡി എം കെ- കോണ്‍ഗ്രസ് സഖ്യത്തില്‍ കോണ്‍ഗ്രസിന് 27 മണ്ഡലങ്ങളാണ് ഡി എം കെ നല്‍കിയത്.
കോണ്‍ഗ്രസിൻ്റെ 27 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക
പൊന്നേരി - ദുരൈ ചന്ദ്രശേഖര്‍
വെളച്ചേരി - ജെഎംഎച്ച് ആശാന്‍ മൗലാന
ശ്രീപെരുമ്പത്തൂര്‍ - കെ. ശെല്‍വപുരുന്തഗൈ
ഷോലിങ്കൂര്‍ - എഎം മുനിരത്തിനം
ഉത്തങ്കരൈ - ആര്‍ കുപ്പു സ്വാമി
കൃഷ്ണഗിരി - ഡോ. എ ചെല്ലകുമാര്‍
പെന്നഗരം - ജികെഎം തമിഴ്കുമാരന്‍
ആറ്റൂര്‍- എസ്‌കെ അര്‍ത്തനാരി
ഈറോഡ് ഈസ്റ്റ് - ഗോപിനാഥ് പളനിയപ്പന്‍
ഉദഗമണ്ഡലം - ബി രാമചന്ദ്രന്‍
കവുണ്ടംപാളയം - കെപി സൂര്യപ്രകാശ്
സിങ്കനല്ലൂര്‍ - വി ശ്രിതി നായിഡു
തുറൈയൂര്‍ - എം വിച്ചു ലെനിന്‍ പ്രശാന്ത്
കൂടല്ലൂര്‍ - എ എസ് ചന്ദ്രശേഖരന്‍
മയിലാടുതുറൈ - ജമാല്‍യൂനസ് മുഹമ്മദ്
അരന്തങ്കി - ടി രാമചന്ദിരന്‍
കാരൈകുടി - എസ് മാങ്കുടി
ഉസിലാംപട്ടി - ടി ശരവണകുമാര്‍
ശിവകാശി - ഗണേശന്‍ അശോകന്‍
തിരുവദന - രാമകാരു മാണിക്യം
ശ്രീവൈകുണ്ഠം - എസ് ഊര്‍വ്വശി അമൃതരാജ്
ശങ്കരന്‍കോവില്‍ - സംഗായി ഗണേശന്‍
അംബാസമുദ്രം - വിപി ദുരൈ
നാങ്കുനേരി - റൂബി മനോഹരന്‍
കൊളച്ചല്‍ - ഡോ.താരഗൈ കുത്ത്‌ബെര്‍ട്ട്
കിള്ളിയൂര്‍ - അഡ്വ എസ് രാജേഷ്‌കുമാര്‍