മലയാളി വിദ്യാർഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

ചെന്നൈ: മലയാളി വിദ്യാർഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള താംബരത്തുള്ള ഒരു കോളജ് ഹോസ്‌റ്റലിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി ശരണ്യയാണ് മരിച്ചത്. അതേ ഹോസ്‌റ്റലിൽ താമസിക്കുന്ന ഏഴ് വിദ്യാർഥികൾക്കും ഡെങ്കിപ്പനി ഉള്ളതായി സ്ഥിരീകരിച്ചു. അവരെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടുത്തിടെ ഹോസ്‌റ്റലിൽ വച്ച് ശരണ്യയ്‌ക്ക് പനി വന്നിരുന്നു. എന്നാൽ മരുന്ന് കഴിച്ചിട്ടും പനി കുറഞ്ഞിരുന്നില്ല. തുടർന്ന് ഇന്നലെ (പനി മൂർഛിച്ചപ്പോൾ ഹോസ്‌റ്റൽ അധികൃതർ ശരണ്യയെ അടുത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ രക്ത പരിശോധനയിലാണ് ശരണ്യയ്‌ക്ക് ഡെങ്കിപ്പനി ഉള്ളതായി സ്ഥിരീകരിച്ചത്. പിന്നീട് ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനി മരിക്കുകയായിരുന്നു.ശരണ്യയുടെ മരണം ഹോസ്‌റ്റലിലെ മറ്റ് വിദ്യാർഥികളിൽ ഭീതി സൃഷ്‌ടിച്ചു. താംബരത്തിനടുത്തുള്ള ഭാരത് നഗർ പ്രദേശത്താണ് സ്വകാര്യ എഞ്ചിനീയറിംഗ് കോളജ് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി വിദ്യാർഥികളാണ് കോളജ് ഹോസ്‌റ്റലിൽ താമസിക്കുന്നത്.