തദ്ദേശ തെരഞ്ഞെടുപ്പ് :സിപിഎം കോട്ടയിൽ മത്സരിക്കാൻ മമ്പറത്തിൻ്റെ പോരാളിദിവാകരൻ

തദ്ദേശ തെരഞ്ഞെടുപ്പ് :സിപിഎം കോട്ടയിൽ മത്സരിക്കാൻ മമ്പറത്തിൻ്റെ പോരാളിദിവാകരൻ

കണ്ണൂർ:  മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുൻ മന്ത്രി എ കെ ബാലനുമൊക്കെ രാഷ്ട്രീയത്തിനപ്പുറം ബ്രണ്ണൻ കോളജ് പഠനകാലത്ത് ബന്ധമുള്ളവരാണ്. സഹപാഠികളെല്ലാം എംഎൽഎയും എംപിയും മന്ത്രിയുമൊക്കെ ആയപ്പോഴും പാർലമെൻ്ററി രംഗത്ത് വലിയ പദവികളൊന്നും ലഭിക്കാതെപോയൊരു നേതാവാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് മ്പറം ദിവാകരൻ . 

കണ്ണൂർ , മമ്പറത്ത് കോൺഗ്രസിൽ അദ്ദേഹം ഒറ്റയാനായി വളരുകയായിരുന്നു. ദീർഘകാലം തലശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ചെയർമാനായിരുന്നു. ആക്കാലത്തൊക്കെയും കെ സുധാകരനായിരുന്നു മമ്പറത്തിൻ്റെ പാർട്ടിക്കുള്ളിലെ പ്രധാന എതിരാളി. സിപിഎം വിരോധത്തിൻ്റെ നിലപാടുകൾ ചേർത്തുപിടിച്ച അദ്ദേഹം രണ്ട് തവണ ധർമടത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016ൽ സാക്ഷാൽ പിണറായി വിജയനോട് പോലും പൊരുതാൻ ദിവാകരൻ ഇറങ്ങിയിരുന്നു.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ദിവാകരൻ തീരുമാനിച്ചിരുന്നു. പിന്നീട് നേതാക്കൾ ഇടപെട്ടതോടെ തീരുമാനത്തിൽനിന്ന് പിന്മാറി. ഇതിന് ശേഷമാണ് മമ്പറം ദിവാകരനെ പാർട്ടിയിൽ തിരിച്ചെടുത്തത്. ഇപ്പോഴിതാ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുകയാണ് ദിവാകരൻ. വേങ്ങാട് പഞ്ചായത്തിലെ മമ്പറം ടൗൺ വാർഡിലാണ് മത്സരിക്കുക. സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റ് ആയിട്ടുപോലും പാർട്ടിക്ക് വേണ്ടി മത്സരിക്കാൻ തയാറാണെന്ന് മമ്പറം വ്യക്തമാക്കുന്നു.

ഇന്ദിര ഗാന്ധി ആശുപത്രിയും ബന്ധങ്ങളും

തലശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയുടെ വളർച്ചയിൽ മമ്പറം ദിവാകരൻ വഹിച്ച പങ്ക് നിസ്തുലമാണ്. പതിറ്റാണ്ടുകളോളം ആ സ്ഥാപനത്തെ നയിച്ചത് അദ്ദേഹമായിരുന്നു. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെത്തുടർന്ന് അച്ചടക്ക നടപടി നേരിടേണ്ടി വന്നെങ്കിലും, കോൺഗ്രസ് എന്ന വികാരത്തെ അദ്ദേഹം ഒരിക്കലും തള്ളിപ്പറഞ്ഞിരുന്നില്ല. കെ സുധാകരനുമായുള്ള അദ്ദേഹത്തിൻ്റെ പിണക്കങ്ങളും ഇണക്കങ്ങളും കണ്ണൂർ രാഷ്ട്രീയത്തിലെ നിത്യസംഭവങ്ങളായിരുന്നു. എന്നാൽ ഇന്ന് ഇരുവരും ഒരേ വേദിയിൽ എത്തുമ്പോൾ അത് യുഡിഎഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രത്യേകിച്ചും സിപിഎം കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ കരുത്തരായ നേതാക്കൾ തന്നെ വേണമെന്ന തിരിച്ചറിവാണ് നേതൃത്വത്തിനുള്ളത്. സഹകരണ മേഖലയിലെ അദ്ദേഹത്തിൻ്റെ അനുഭവസമ്പത്ത് തദ്ദേശ ഭരണത്തിലും മുതൽക്കൂട്ടാകുമെന്ന് പാർട്ടി വിശ്വസിക്കുന്നു.

കെ സുധാകരൻ കെപിസിസി പ്രസിഡൻ്റായതോടെ ദിവാകരന് ആശുപത്രിക്ക് മേലുള്ള പിടി അയഞ്ഞു. ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക പാനലിനെതിരെ ബദൽ പാനൽ മത്സരിപ്പിച്ചത് അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ദിവാകരനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ അപ്പോഴൊന്നും പാർട്ടി വിട്ട് മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കാൻ മമ്പറം തയാറായില്ല. പതിവിൽനിന്ന് വിഭിന്നമായി ഗ്രൂപ്പ് യുദ്ധം നടത്തി സഹകരണ സ്ഥാപനങ്ങൾ കൈവിട്ടുപോകാറുള്ള പതിവ് ഇത്തവണ ഉണ്ടായില്ല. ആശുപത്രി കോൺഗ്രസിൻ്റെ കൈയിൽ തന്നെ നിലകൊണ്ടു.

മമ്പറം ദിവാകരൻ്റെ ഈ നീക്കം കണ്ണൂർ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സാധാരണഗതിയിൽ നിയമസഭയിലേക്കോ ലോക്സഭയിലേക്കോ മത്സരിച്ച മുതിർന്ന നേതാക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്, അതും ഒരു വാർഡ് മെമ്പറാകാൻ മത്സരിക്കാൻ തയാറാകാറില്ല. എന്നാൽ പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്ന ദിവാകരൻ്റെ നിലപാട് അണികൾക്കിടയിൽ ആവേശം വിതച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലെ വിഭാഗീയതകൾ മാറ്റിവച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കോൺഗ്രസിൻ്റെ തീരുമാനത്തിന് ദിവാകരൻ്റെ സ്ഥാനാർഥിത്വം കരുത്തുപകരും. താഴെത്തട്ടിൽ പ്രവർത്തിച്ച് ശീലമുള്ള നേതാവ് എന്ന പ്രതിച്ഛായ മമ്പറം മേഖലയിൽ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

വേങ്ങാട് പഞ്ചായത്തിലെ മമ്പറം ടൗൺ വാർഡ് പിടിച്ചെടുക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ണാണിത്. അവിടെ വ്യക്തിപ്രഭാവവും രാഷ്ട്രീയ അനുഭവസമ്പത്തും ഉള്ള ഒരു നേതാവിനെ ഇറക്കുന്നതിലൂടെ അട്ടിമറി വിജയമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ബ്രണ്ണൻ കോളജ് കാലഘട്ടം മുതൽ പിണറായി വിജയനുമായി വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുമ്പോഴും രാഷ്ട്രീയമായി കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന ദിവാകരൻ്റെ ശൈലി എതിരാളികൾക്ക് പോലും ബഹുമാനമുള്ളതാണ്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരെ എന്നും ശബ്ദമുയർത്തിയിട്ടുള്ള അദ്ദേഹം, സമാധാനപരമായ സഹവർത്തിത്വത്തിന് പ്രാധാന്യം നൽകുന്ന നേതാവാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ നിർണയിക്കുമെന്നിരിക്കെ, മമ്പറം ദിവാകരനെപ്പോലൊരു മുതിർന്ന നേതാവിൻ്റെ സാന്നിധ്യം യുഡിഎഫ് ക്യാമ്പുകളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. മമ്പറത്തെ പഴയ തട്ടകത്തിൽ വീണ്ടും സജീവമാകുന്നതിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം.