"അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല"; കെ. റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി, വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് റഫീഖ്

"അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല"; കെ. റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി, വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് റഫീഖ്

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ സംഭവങ്ങളിൽ വിശദീകരണവുമായി നടൻ മമ്മൂട്ടി. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ മമ്മൂട്ടി നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. തന്നെ വ്യക്തിപരമായി അപമാനിക്കാൻ മമ്മൂട്ടി ശ്രമിച്ചിട്ടില്ലെന്നും വിഷയത്തിലെ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും കെ. റഫീഖ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ടൗൺഷിപ്പ് സന്ദർശനത്തിനിടെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച റഫീഖിനോട് മമ്മൂട്ടി പ്രതികരിച്ച രീതി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. എന്നാൽ, തന്റെ ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്ന് റഫീഖ് പറഞ്ഞു. മമ്മൂട്ടി തന്നെ വീഡിയോ കോളിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങളും വലതുപക്ഷ സൈബർ കേന്ദ്രങ്ങളും ഈ വിഷയത്തെ വക്രീകരിച്ച് പ്രചരിപ്പിച്ചതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. സർക്കാർ പുനരധിവാസത്തിനായി പടുത്തുയർത്തിയ ടൗൺഷിപ്പിന്റെ തിളക്കം കുറയ്ക്കാൻ ഇത്തരം വിവാദങ്ങൾ കാരണമാകരുത്. മമ്മൂട്ടി എന്ന മഹാനായ കലാകാരന്റെ സന്ദർശനത്തെ പോസിറ്റീവായി കാണണമെന്നും, ദുരന്തബാധിതരുടെ പുഞ്ചിരിക്കായി നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും കെ. റഫീഖ് തന്റെ കുറിപ്പിൽ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസമാണ് വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി മമ്മൂട്ടിയെത്തിയത്. കെ റഫീഖും സംഭവസമയത്തുണ്ടായിരുന്നു. ടൗണ്‍ഷിപ്പ് മമ്മൂട്ടിയെ നടന്ന് കാണിക്കുന്നതിനിടെയാണ് റഫീഖിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ''നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ'' എന്നായിരുന്നു മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്. ഈ വിഡിയോ പുറത്ത് വന്നതോടെ നടനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ  ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് നടന്‍ റഫീഖിനെ ഫോണില്‍ വിളിക്കുന്നത്. 

കെ റഫീഖിനോട് മാറി നില്‍ക്കാന്‍ പറഞ്ഞ മമ്മൂട്ടിയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടിയടക്കം  നിരവധി പ്രമുഖരും രംഗത്തുവന്നിരുന്നു.. റഫീഖിന്റെ ഫോട്ടോയോടൊപ്പമാണ് ശാരദക്കുട്ടിയുടെ പ്രതികരണം. 'ഞാനൊഴിഞ്ഞുണ്ടോ രാമന്‍ ഇത്ത്രിഭുവനത്തിലെന്ന് ' സ്‌ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണെന്നാണ് ശാരദക്കുട്ടിഎഴുതിയത് .

എന്നാൽ മന്ത്രി പി.രാജീവ് പറഞ്ഞത്  "ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതല്ല പ്രധാനം. തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി അവിടെയെത്തി എന്നതാണ് കാണേണ്ടത്. മമ്മൂട്ടി എത്തിയതോടെ പദ്ധതിയെക്കുറിച്ച് ലോകം കൂടുതലറിഞ്ഞു" എന്നാണ്.

അതേസമയം, ടൗണ്‍ഷിപ്പിലേത് സ്വകാര്യ സന്ദര്‍ശനം മാത്രമാക്കി നിലനിര്‍ത്താന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി ചെന്നൈയില്‍ നിന്ന് എത്തിയത് ടൗണ്‍ഷിപ്പ് കാണാന്‍ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദര്‍ശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ടൗണ്‍ഷിപ്പിലേക്ക് വരാന്‍ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ല. സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്..