പ്രധാനമന്ത്രിയേയും അദ്ദേഹത്തിൻ്റെ അമ്മയേയും അപകീർത്തിപ്പെടുത്തി അറസ്റ്റിലായ ആൾക്ക് ജാമ്യം

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മരിച്ചുപോയ അദ്ദേഹത്തിന്‍റെ അമ്മ ഹീരാബെൻ മോദിയെയും അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് പട്‌ന ഹൈക്കോടതി. പ്രതിയായ മുഹമ്മദ് റിസ്‌വിയുടെ ഹർജി പരിഗണിക്കുകയായിരുന്നു. ജസ്‌റ്റിസ് അരുൺ കുമാർ ഝായുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.പ്രധാനമന്ത്രിക്കും അദ്ദേഹത്തിൻ്റെ മരിച്ചുപോയ അമ്മയ്ക്കുമെതിരെ റിസ്‌വി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും അത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. അതേസമയം വൈറലായ ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് റിസ്‌വിയെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ റിയാസ് അഹമ്മദ് വാദിച്ചു. ഒരു ക്രിമിനൽ പശ്ചാത്തലം ഇല്ലാഞ്ഞിട്ടും തൻ്റെ കക്ഷി 2025 ഓഗസ്‌റ്റ് 29 മുതൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യാപേക്ഷയെ എതിർക്കുകയായിരുന്നു. ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ പരിഗണിച്ച ശേഷം 10,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലും പ്രതിക്ക് ജാമ്യം നൽകുകയായിരുന്നു. കൂടാതെ പ്രതിയുടെ ക്രിമിനൽ ഹിസ്‌റ്ററി, ശിക്ഷ അനുഭവിച്ച കാലയളവ്, മറ്റ് വസ്‌തുതകളും കോടതി ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'ബീഹാർ വോട്ടർ അവകാശ യാത്ര' യിൽ മോദിക്കും അദ്ദേഹത്തിൻ്റെ മരിച്ചുപോയ അമ്മയ്ക്കുമെതിരെ റിസ്‌വി പരാമർശം നടത്തിയെന്നായിരുന്നു ആരോപണം.