മുംബൈയിൽ, ഓടുന്ന ട്രെയിനിൽ നിന്ന് മരുമകളെ തള്ളിയിട്ടു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

മുംബൈ:ഓടുന്ന ലോക്കൽ ട്രെയിനിൽ നിന്ന് 16 വയസ്സുള്ള മരുമകളെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 28 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ വിവരം അനുസരിച്ച് , നവംബർ 15 ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൻഖുർദിലെവീട്ടിൽ നിന്നും വസായിലുള്ള പ്രതിയുടെ വീട്ടിലേക്ക് പോയി. പെൺകുട്ടി തിരിച്ചുവരാത്തതിനെ തുടർന്ന് അമ്മ വസായിയിലെ വീട്ടിൽ പോയെങ്കിലും മുറി പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.തുടർന്ന് പോലീസിൽ പരാതിനൽകി.പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ വാലിവ് പോലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്‌തു .തുടർന്നു നടന്ന അന്യേഷണത്തിലാണ് ലോക്കൽ ട്രെയിനിൽ രണ്ടുപേരും യാത്രചെയ്യവേ ഭായിന്ദറിനും നായിഗാവിനുമിടയിൽ വെച്ച് യുവാവ് പെൺകുട്ടിയെ തള്ളിയിട്ട കാര്യം അറിയുന്നത് .സംഭവം കണ്ട മറ്റുയാത്രക്കാർ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നുവെന്ന് വാലിവ് പോലീസ്‌സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്റ്റർ ദിലീപ് ഗുഘെ പറഞ്ഞു.
അമ്മയ്ക്കും സഹോദരനുമൊപ്പം താമസിച്ചിരുന്ന പെൺകുട്ടി, മുമ്പ് അവളുടെ പിതാവ് ഉൾപ്പെട്ട ഒരു കേസിൽ പരാതിക്കാരിയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്‌തതിനെ തുടർന്ന് കഴിഞ്ഞ വർഷം പിതാവ് ആത്മഹത്യ ചെയ്തു.ഇതിന് പ്രതികാരമായാണ് യുവാവ് മരുമകളെ ലോക്കൽ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് എന്നാണ് പോലീസ് നൽകിയ വിവരം