"കർഷകനെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ": 'കിഫ' യുടെ പ്രകടന പത്രിക ഫെബ്രുവരി 7-ന് പ്രകാശനം ചെയ്യും.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മലയോര പഞ്ചായത്തുകളിലെ സ്ഥാനാർഥികൾക്ക് 'ഭീഷണി 'യായി മാറിയ "കിഫ" നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക തയാറാക്കുന്നു.'കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്‌സ് അസോസിയേഷ'ന്‍റെ (കിഫ) മാനിഫെസ്റ്റോ ഫെബ്രുവരി 7-ന് ശനിയാഴ്ച തിരുവമ്പാടിയിൽ പ്രകാശനം ചെയ്യും. കർഷക റാലിയും പൊതുയോഗവും നടത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കിഫയുടെ നിലപാട് പ്രഖ്യാപിക്കുക.
'കർഷകനെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ' എന്ന മുദ്രാവാക്യവുമായി കർഷക പ്രതിരോധം തീർക്കാനാണ് കിഫ ഒരുങ്ങുന്നത്. ഇരുട്ടിലൂടെ എങ്ങോട്ടെന്നില്ലാതെയല്ല, കർഷകനാണെന്ന അഭിമാനത്തോടുകൂടി തലയുയർത്തിപ്പിടിച്ച് നേരിന്‍റെ പാതയിൽ മുന്നേറാം, അവകാശങ്ങൾ ചോദിച്ചു വാങ്ങാം. കാട്ടിൽ മതി കാട്ടുനീതി - ഇതാണ് കിഫ ഉയർത്തുന്ന മുദ്രാവാക്യങ്ങളെന്ന് സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ മാധ്യമങ്ങളോട് പറഞ്ഞു.
"തദ്ദേശ തെരഞ്ഞെടുപ്പിൽ കിഫ മുന്നോട്ടുവെച്ച പ്രചാരണം ഒരു ഭരണവിരുദ്ധ വികാരമായാണ് പ്രതിഫലിച്ചത്. 'കാട്ടുമൃഗങ്ങളുടെ ഒപ്പമെങ്കിൽ ഇനി വോട്ടില്ല' എന്ന സംഘടനയുടെ മുദ്രാവാക്യത്തോട് മുഖംതിരിച്ചത് പ്രധാനമായും ഇടതുപക്ഷ സ്ഥാനാർഥികളായിരുന്നു. അതിനുള്ള തിരിച്ചടി മിക്ക പഞ്ചായത്തുകളിലും ഉണ്ടായി.കോഴിക്കോട് ജില്ലയിൽ വന്യജീവി പ്രശ്നം വലിയ ചർച്ചാവിഷയമായ ചക്കിട്ടപ്പാറയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. അതേപോലെ ചങ്ങരോത്ത് പഞ്ചായത്തിലും. കണ്ണൂർ ജില്ലയിൽ കേളകം, ആറളം, കണിച്ചാർ പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. കൊട്ടിയൂർ പഞ്ചായത്ത് ഭരിച്ചിരുന്ന യു.ഡി.എഫ് അംഗബലം വർധിപ്പിച്ചു.
വയനാട് ജില്ലയിൽ 27 മലയോര പഞ്ചായത്തുകളിൽ 24 എണ്ണവും യു.ഡി.എഫിന് അനുകൂലമായി. പാലക്കാട് ജില്ലയിലും ഇത് പ്രതിഫലിച്ചു. ഇടുക്കിയിൽ യു.ഡി.എഫ് തൂത്തുവാരുന്ന അവസ്ഥയാണുണ്ടായത്. അതേപോലെ പത്തനംതിട്ട ജില്ലയിലും. പൊതുവിൽ കിഫയുടെ ആവശ്യത്തോട് മുഖംതിരിച്ചു നിന്നവർ പരാജയപ്പെട്ടു എന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തമായത്.ശക്തമായ ആവശ്യവുമായാണ് നിയമസഭാ തെരഞ്ഞെടുപ്പിലും കിഫ രംഗത്തിറങ്ങുന്നത്. വന്യജീവി ആക്രമണ വിഷയത്തിനൊപ്പം വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മരമുറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങളാണ് കിഫ ഉയർത്തുന്നത്. കർഷകരുടെ അവകാശ പത്രികയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തും. ശക്തമായ ക്യാമ്പയിനുമായി രംഗത്തിറങ്ങും. രാഷ്ട്രീയ പാർട്ടികൾ ഇത് ഉൾക്കൊള്ളാൻ തയ്യാറായില്ലെങ്കിൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി കിഫ നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാനും മടിക്കില്ല" - കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ പറയുന്നു