മാണിക്യം ടാഗോർ തമിഴ്നാട് പി.സി.സി അധ്യക്ഷൻ

ചെന്നൈ: വിരുതുനഗർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എം.പി മാണിക്യം ടാഗോറിനെ തമിഴ്നാട് പി.സി.സി അധ്യക്ഷനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. നിലവിലെ അധ്യക്ഷൻ കെ. സെൽവപെരുംതുഗെയെ മാറ്റിയാണ് പുതിയ നിയമനം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്നുവന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി നേതൃത്വത്തിൽ ഈ അഴിച്ചുപണി.കോൺഗ്രസിന്റെ ലോക്സഭയിലെ ചീഫ് വിപ്പായി നിലവിൽ പ്രവർത്തിക്കുന്ന മാണിക്യം ടാഗോർ മൂന്ന് തവണ വിരുതുനഗറിനെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ മുതിർന്ന നേതാവാണ്. തമിഴ്നാട് തെരഞ്ഞെടുപ്പിന് മുൻപ് ഡി.എം.കെ സഖ്യം വിട്ട് നടൻ വിജയിന്റെ തമിഴക വെട്രി കഴകവുമായി സഹകരിക്കണമെന്ന ആവശ്യം ആദ്യഘട്ടം മുതൽ പാർട്ടിയിൽ ശക്തമായി ഉന്നയിച്ച നേതാവാണ് ടാഗോർ.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) പുതിയ അധ്യക്ഷനെ വരും ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന സൂചന. സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നിലവിലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ വൈദ്യുത വകുപ്പ് മന്ത്രിയായി ചുമതലയേറ്റിരുന്നു. ‘ഒരാൾക്ക് ഒരു പദവി’ എന്ന പാർട്ടിയുടെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് സണ്ണി ജോസഫിന് പകരം പുതിയൊരു അമരക്കാരനെ കെ.പി.സി.സിക്ക് കണ്ടെത്തുന്നത്.