എൻസിഇആർടിയുടെ പുതിയ പാഠപുസ്തകത്തിൽ മനുസ്മൃതി ശ്ലോകവും

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിൻ്റെ (NCERT) പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ മനുസ്മ്യതിയിലെ ശ്ലോകം ഉൾപ്പെടുത്തിയത് വിവാദമാകുന്നു . പ്രാചീന ഇന്ത്യയിലെ വേദകാലഘട്ടത്തിൽ സ്ത്രീകൾക്ക് സമൂഹത്തിൽ ഉന്നതവും ആദരണീയവുമായ പദവിയാണ് ഉണ്ടായിരുന്നതെന്ന് സമർഥിക്കാനാണ് ഈ പരാമർശം ഉൾപ്പെടുത്തിയിരിക്കുന്നത്.എന്നാൽ പിന്നീട് വന്ന സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾക്കനുസരിച്ച് സ്ത്രീകളുടെ പദവിയിൽ വ്യതിയാനങ്ങളും ഇടിവും സംഭവിച്ചതായും പുസ്തകം ചൂണ്ടിക്കാണിക്കുന്നു. ജാതി, ലിംഗസമത്വം എന്നിവയുമായി ബന്ധപ്പെട്ട കടുത്ത വിയോജിപ്പുകളും ചർച്ചകളും നിലനിൽക്കുന്ന പുരാതന സംസ്കൃത ഗ്രന്ഥമാണ് മനുസ്മ്യതി.പാഠപുസ്തകത്തിലെ 'സ്റ്റേറ്റ് ആൻഡ് സൊസൈറ്റി അപ് ടു 1000 സിഇ' (State and Society up to 1000 CE) എന്ന അധ്യായത്തിലാണ് സ്ത്രീകളുടെ പദവിയെക്കുറിച്ചുള്ള വിശദീകരണമുള്ളത്. വേദകാലഘട്ടത്തിൽ സ്ത്രീകൾ വിജ്ഞാന സമ്പാദനത്തിലും പുരുഷന്മാർക്കൊപ്പം ആചാരാനുഷ്ഠാനങ്ങളിലും പൊതുസഭകളിലും സജീവമായി പങ്കെടുത്തതായി ഇതിൽ പറയുന്നു.
പാഠപുസ്തകത്തിലെ മനുസ്മ്യതി ശ്ലോകത്തിൻ്റെ തർജ്ജമ:
"എവിടെയാണോ സ്ത്രീകൾ ആദരിക്കപ്പെടുന്നത്, അവിടെ ദേവന്മാർ സന്തോഷിക്കുന്നു; എന്നാൽ എവിടെയാണോ അവർ അപമാനിക്കപ്പെടുന്നത്, അവിടെ ചെയ്യുന്ന എല്ലാ പുണ്യകർമ്മങ്ങളും ഫലശൂന്യമായി മാറുന്നു."ഋഗ്വേദത്തിലെ പല പ്രധാന സൂക്തങ്ങളും അപാല, വിശ്വവാര, ഘോഷ, ലോപമുദ്ര തുടങ്ങിയ സ്ത്രീ അനിഷേധ്യരായ വനിതാ പണ്ഡിതന്മാരുടേതാണെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു. എന്നാൽ പിൽക്കാലത്ത് വീട്ടുഭരണം, കൃഷി, കരകൗശലം, മതപരമായ ചടങ്ങുകൾ എന്നിവയിൽ സ്ത്രീകൾ പങ്കാളികളായെങ്കിലും അവരുടെ സാമൂഹിക പദവിക്ക് ഇടിവുണ്ടായതായി എൻ സി ഇ ആർ ടി നിരീക്ഷിക്കുന്നു.
ജാതിയും വർണ്ണവും ജനനവിശ്വാസത്തിന് അടിസ്ഥാനമല്ല
സ്ത്രീകളുടെ പദവിക്ക് പുറമെ പുരാതന ഇന്ത്യയിലെ 'വർണ്ണ', 'ജാതി' സമ്പ്രദായങ്ങളെക്കുറിച്ചുള്ള പുനർവായനയും പുതിയ പാഠപുസ്തകം മുന്നോട്ട് വെക്കുന്നുണ്ട്. ആദ്യകാല വേദസമൂഹത്തിൽ ഒരു വ്യക്തിയുടെ സാമൂഹിക ഐഡന്റിറ്റി അല്ലെങ്കിൽ ജാതി എന്നത് ജനനം കൊണ്ട് മാത്രം നിർണ്ണയിക്കപ്പെട്ടിരുന്ന ഒന്നല്ലെന്നാണ് പുസ്തകം വാദിക്കുന്നത്. പകരം പ്രദേശം, ഭാഷ, തൊഴിൽ, ഗോത്രം, സാംസ്കാരിക ബന്ധങ്ങൾ തുടങ്ങിയ സങ്കീർണ്ണവും പരസ്പരം പിണഞ്ഞുകിടക്കുന്നതുമായ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അന്നത്തെ സാമൂഹിക ഘടന രൂപപ്പെട്ടതെന്നാണ് കൗൺസിലിൻ്റെ പുതിയ വിശദീകരണം.ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ പുരാതന ഗ്രന്ഥങ്ങളെയും ശ്ലോകങ്ങളെയും ഉൾപ്പെടുത്തുന്നത് ചരിത്രപരമായ വസ്തുതകളെ സമഗ്രമായി വിലയിരുത്താനാണെന്ന് എൻ സി ഇ ആർ ടി വ്യക്തമാക്കുന്നു. എങ്കിലും, ജാതി-ലിംഗ വിവേചനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന മനുസ്മ്യതി പോലുള്ള ഗ്രന്ഥങ്ങളിലെ വരികൾ സ്കൂൾ പാഠപുസ്തകങ്ങളിൽ ഇടംപിടിക്കുന്നത് വരും ദിവസങ്ങളിൽ രാജ്യത്ത് വലിയ വിദ്യാഭ്യാസ രാഷ്ട്രീയ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവെച്ചേക്കാം.