പത്ത് വർഷത്തിന് ശേഷം മാവോയിസ്‌റ്റ് നേതാവ് രൂപേഷ് ജയിൽ മോചിതനായി

തിരുവനന്തപുരം: മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് കേരളത്തിൽ നേതൃത്വo നൽകിയിരുന്ന തൃശൂർ സ്വദേശി രൂപേഷ് ജയിൽ മോചിതനായി. കഴിഞ്ഞ പത്തുവർഷത്തിലേറെയായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന രൂപേഷ് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി നാൽപ്പതിലധികം കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. ഭൂരിഭാഗം കേസുകളും തള്ളുകയായിരുന്നു. ജയിൽ മോചനം അടുത്ത സാഹചര്യത്തിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്ത് രൂപേഷിനെ അനന്തമായി ജയിലിൽ അടയ്ക്കാനുള്ള ഭരണകൂട ഗൂഢാലോചന നടക്കുകയാണെന്ന് പങ്കാളി ഷൈന ആരോപിച്ചിരുന്നു.
സിപിഐ എംഎല്ലിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന രൂപേഷ് പിൽക്കാലത്ത് മാവോയിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമാവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞുകൊണ്ട് പ്രവർത്തിച്ചിരുന്ന രൂപേഷിനെയും സംഘത്തെയും പൊലീസ് പിടികൂടുന്നത് 2015 മെയ് നാലിനാണ്. വിചാരണ നേരിടുന്ന വിവിധ കേസുകളിൽ കോടതി ജാമ്യം നൽകിയിരുന്നെങ്കിലും രൂപേഷിനെ ജയിലിൽനിന്ന് പുറത്തു വിടരുതെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത് . തുടർന്ന് രൂപേഷിൻ്റെ ജാമ്യത്തിന് എതിര് നിൽക്കുന്ന സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം രംഗത്തുവന്നു . ജയിലിൽ രൂപേഷിനെ നോവൽ രചനയ്ക്ക് അനുവദിക്കാത്ത നിലപാടിനെ വിമർശിച്ച് ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാരും രംഗത്ത് വന്നിരുന്നു .

എല്ലാ കേസുകളിലും ജാമ്യം ലഭിക്കുകയും ശിക്ഷാ കാലാവധി അവസാനിക്കുകയും പിഴത്തുക സമാഹരിക്കുകയും ചെയ്തതോടെ രൂപേഷ് പുറത്തിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായതായിരുന്നു. എന്നാൽ, നടപ്പിലാക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ജാമ്യ വ്യവസ്ഥകൾ ചുമത്തിയും അനാവശ്യവും നിസ്സാരവുമായ പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയും രൂപേഷിൻ്റെ ജാമ്യ ബോണ്ട് ഒപ്പിടുന്നത് തടയുന്നതിന് സർക്കാർ രൂപേഷിൻ്റെ മോചനത്തെ പരമാവധി വൈകിപ്പിക്കുകയായിരുന്നെന്ന് ഷൈന ആരോപിച്ചിരുന്നു.
'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചതിനെത്തുടർന്ന് രൂപേഷ് ജയിലിൽ നിരാഹാരം നടത്തിയിരുന്നു. രൂപേഷിൻ്റെ രണ്ടാത്തെ നോവലാണ് ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ. ഒളിവിൽ കഴിയുന്ന കാലത്ത് രൂപേഷ് എഴുതിയ ആദ്യ നോവൽ 'വസന്തത്തിലെ പൂമരങ്ങൾ' എന്ന പേരിൽ ഗ്രീൻ ബുക്‌സും, 'മാവോയിസ്റ്റ്' എന്ന പേരിൽ ഡിസി ബുക്‌സും പ്രസിദ്ധീകരിച്ചിരുന്നു. പുതിയ നോവലിൽ ജയിൽ, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിക്കാൻ ഒരുങ്ങിയത്.
കേരളത്തിലും കർണാടകയിലുമായി രൂപേഷിൻ്റെ 14 കേസുകളിൽ യുഎപിഎ ചുമത്തിയത് നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചല്ലെന്ന കാരണത്താലാണ് വിടുതൽ ചെയ്തത്. കർണാടകയിലുണ്ടായിരുന്ന ഏക കേസിൽ രൂപേഷിനെ വെറുതെ വിടുകയും ചെയ്തിരുന്നു. പത്തുവർഷത്തിലേറെയായ തടവുകാലത്തിൽ എട്ടുവർഷത്തിലധികവും വിചാരണാ തടവുകാരനായിരുന്നു. മകളുടെ വിവാഹം, അച്ഛൻ്റെ മരണം പോലുള്ള ചില അടിയന്തര സാഹചര്യങ്ങളിൽ ലഭിച്ച ഏതാനും മണിക്കൂർ സമയത്തെ പൊലീസ് അകമ്പടിയോടെയുള്ള സന്ദർശനമല്ലാതെ ഇതുവരെ പരോളോ ജാമ്യമോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.