4 ആവശ്യങ്ങൾ അംഗീകരിച്ചാൽ കീഴടങ്ങാം : ഒഡിഷ സർക്കാരിന് കത്തയച്ച് മാവോയിസ്‌റ്റ് നേതാക്കൾ

ഭുബനേശ്വർ: ഒഡിഷ സർക്കാരിനും ആഭ്യന്തര വകുപ്പിനും തുറന്ന കത്ത് നൽകി രണ്ട് മാവോയിസ്‌റ്റ് നേതാക്കൾ. നാല് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സർക്കാരിന് കത്ത് അയച്ചിരിക്കുന്നത്. മാവോയിസ്‌റ്റ് നേതാക്കളായ നിഖിലും ഇന്ദുവും ആണ് സർക്കാരിന് കത്ത് നൽകിയത്. കൂടാതെ സിപിഐ സംസ്ഥാന കമ്മിറ്റി അംഗമായ രശ്‌മിതലെങ്ക മറ്റ് അംഗങ്ങളായ നിരഞ്ജൻ റൗട്ട്, അങ്കിത എന്നിവരെയും കത്തിൽ പരാമർശിച്ചിരിക്കുന്നു. റായഗഡ മുൻ മാവോയിസ്‌റ്റ് അംഗങ്ങളാണ് നിലവിൽ കത്ത് നൽകിയ നേതാക്കൾ. ഇവരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ കീഴടങ്ങുമെന്നും കത്തിൽ പരാമർശിച്ചിരിക്കുന്നു.
സായുധ പോരാട്ടത്തിൻ്റെ പാത ഉപേക്ഷിച്ച് ഇന്ത്യൻ ഭരണഘടനയനുസരിച്ച് ജനാധിപത്യപരമായി പ്രവർത്തിക്കാൻ താത്‌പ്പര്യം അറിയിച്ചുകൊണ്ട് രണ്ട് ഉന്നത മാവോയിസ്‌റ്റ് നേതാക്കൾ ഒഡിഷ സർക്കാരിനും ആഭ്യന്തര വകുപ്പിനും കത്ത് നൽകിയിട്ടുണ്ടെന്ന് ഒഡിഷ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. മാധ്യമങ്ങൾ പറയുന്നതനുസരിച്ച് കത്തിൽ ഇപ്രകാരം പരാമർശിക്കുന്നു.' രണ്ട് പതിറ്റാണ്ടിലേറെയായി ഞങ്ങൾ മാവോയിസ്‌റ്റ് സംഘടനകളുടെ വിവിധ തലങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നു. നിലവിലെ അർധ കൊളോണിയൽ, ഫ്യൂഡൽ സാമൂഹിക വ്യവസ്ഥയെ നശിപ്പിക്കാനും ദീർഘകാല ജനകീയ യുദ്ധത്തിലൂടെ ഒരു പുതിയ ജനാധിപത്യ സമൂഹം സ്ഥാപിക്കാനും സായുധ പോരാട്ടം നടത്തിവരികയാണ്. കഴിഞ്ഞ കാലങ്ങളിലായി നമ്മുടെ പാർട്ടിയുടെ പോരാട്ടം കാരണം രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ മാറ്റങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ സായുധ വിപ്ലവത്തിൻ്റെ പാത ശരിയല്ല. വിപ്ലവ പ്രസ്ഥാനത്തിന് ഗുണം ചെയ്യുന്നതിനും ബഹുജന പങ്കാളിത്തം വർധിപ്പിക്കുന്നതിനും പകരം പ്രസ്ഥാനം ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും നഷ്‌ടങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സായുധ വിപ്ലവത്തിൻ്റെ പാത ഉപേക്ഷിക്കാനും ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജനങ്ങൾക്കിടയിൽ നിലകൊള്ളാനും വെള്ളം, ഭൂമി, വനം, അന്തസ് എന്നിവയുടെ ആവകാശങ്ങൾക്കായി പോരാട്ടം തുടരാനും തീരുമാനിച്ചിരിക്കുന്നു", എന്ന് കത്തിൽ പരാമർശിച്ചിരിക്കുന്നു.
തുടർന്ന് നാല് നിർദേശങ്ങളും കത്തിൽ മുൻപോട്ട് വച്ചിട്ടുണ്ട്. ഇവ അംഗീകരിച്ചാലേ പൊലീസിന് മുൻപിൽ കീഴടങ്ങു എന്നും പറഞ്ഞിരിക്കുന്നു.
നേതാക്കൾ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങളും തീരുമാനങ്ങളും
1. രാജ്യത്തെ ചൂഷിതരും അടിച്ചമർത്തപ്പെട്ടവരുമായ തൊഴിലാളികൾ, കർഷകർ, മധ്യവർഗം, ഗോത്രവിഭാഗക്കാർ, ദലിതർ, സ്‌ത്രീകൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുവേണ്ടിയും അവരുടെ അവകാശങ്ങൾക്കുവേണ്ടിയും നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കണം.
2. പൊലീസിൽ കീഴടങ്ങിയതിന് ശേഷം മാവോയിസ്‌റ്റ് വിരുദ്ധ സായുധ പ്രചാരണത്തിലും ജനവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടില്ല.
3. മാവോയിസ്‌റ്റ് സംഘടന വിട്ട് നേരത്തെ കീഴടങ്ങിയ ആസാദും സബ്യസാചി പാണ്ഡയും വർഷങ്ങളായി ജയിലിലാണ്. ആയതിനാൽ കീഴടങ്ങുന്ന മാവോയിസ്‌റ്റുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ നടത്തിയ കീഴടങ്ങൽ നയവും വാഗ്‌ദാനങ്ങളും പൂർണമായും നടപ്പിലാക്കണം.
4. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജലം, ഭൂമി, വനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്‌ക്കായുള്ള സംഘടനയുടെ ശ്രമങ്ങളെ അടിച്ചമർത്തുന്നു. ഇത് പരോക്ഷമായി സായുധ സംഘട്ടനത്തെ പ്രേത്സാഹിപ്പിക്കുന്നു. അതിനാൽ ജനാധിപത്യ പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിന് പകരം പൊതുജനാഭിപ്രായത്തെ മാനിക്കണം. ജനാധിപത്യ പ്രസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നതിനുപകരം ജനാധിപത്യ പ്രസ്ഥാനത്തിൻ്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും സ്വതന്ത്ര ചിന്തയുടെയും ഒരു അന്തരീക്ഷം പ്രോത്സാഹിപ്പിക്കണം. ഇത്രയും ആവശ്യങ്ങളാണ് നേതാക്കൾ കത്തിൽ ഉന്നയിച്ചിരിക്കുന്നത്.