വോട്ടർ പട്ടികയിൽ മേയർ സ്ഥാനാർഥി വി എം വിനുവിൻ്റെ പേരില്ല :കോഴിക്കോട് കോൺഗ്രസിന് കനത്ത തിരിച്ചടി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർപ്രൈസ് മേയർ സ്ഥാനാർഥിയായി രംഗത്തിറക്കിയ ചലച്ചിത്ര സംവിധായകൻ വിഎം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ലാത്തത് യുഡിഎഫിന് കനത്ത തിരിച്ചടിയായി. കല്ലായി ഡിവിഷനിൽ പ്രചാരണം ആരംഭിച്ചതിന് ശേഷമാണ് പുതിയ വോട്ടർ പട്ടികയിൽ വിഎം വിനുവിൻ്റെ പേര് ഉൾപ്പെട്ടിട്ടില്ലെന്ന വിവരം കോൺഗ്രസിനും യുഡിഎഫിനും വ്യക്തമായത്. കോഴിക്കോട് കോർപ്പറേഷനിൽ പൊതുസ്വീകാര്യൻ എന്ന നിലയിൽ സർപ്രൈസ് സ്ഥാനാർഥിയായി വിഎം വിനുവിനെ മത്സരരംഗത്തിറക്കിയത് കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകിയിരുന്നു.
ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് വിഎം വിനു
വോട്ട് നിഷേധിക്കപ്പെട്ട നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിഎം വിനു പ്രതികരിച്ചു. താൻ മത്സരരംഗത്തിറങ്ങിയതുകൊണ്ടാണ് വോട്ട് നിഷേധിക്കപ്പെട്ടതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ജനങ്ങളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി മനപ്പൂർവം ചെയ്തതാണ് ഈ നടപടിയെന്നും വിഎം വിനു ആരോപിച്ചു. വോട്ട് നിഷേധിക്കപ്പെട്ടെങ്കിലും തൻ്റെ പ്രചാരണ പരിപാടികൾ വിപുലീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു. നാളെ മുതൽ കോഴിക്കോട് കോർപ്പറേഷനിലെ എല്ലാ വാർഡുകളിലും പ്രചാരണത്തിനിറങ്ങാനാണ് അദ്ദേഹത്തിൻ്റെ തീരുമാനം. നിയമപരമായ നീക്കങ്ങളുടെ ഭാഗമായി വിഎം വിനു ഇന്ന് രാത്രി കലക്ടറെ കാണും. നാളെ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോഴിക്കോട് നഗരത്തിൽ ജനിച്ച് വളർന്ന വിഎം വിനുവിൻ്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തത് അതീവ ഗൗരവതരമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതും തെരഞ്ഞെടുപ്പ് കമ്മിഷൻ തിരിച്ചറിയൽ കാർഡ് കൈവശമുള്ളതുമായ വ്യക്തിയാണ് വിനു. ഈ ഗുരുതരമായ പിഴവിൻ്റെ പൂർണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിഎം വിനു ദീർഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് താമസിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മലാപ്പറമ്പ് ഡിവിഷനിൽ നിന്നാണ് അദ്ദേഹം വോട്ട് ചെയ്തിരുന്നത്. താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്യാത്തതിനാൽ മലാപ്പറമ്പ് ഡിവിഷനിലെ വോട്ടർ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതിയിരുന്നത്. വോട്ടർ പട്ടികയുടെ വിവിധ ഘട്ടങ്ങൾ വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിൽ വിഎം വിനുവിൻ്റെ പേര് ഉണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു.
പ്രചാരണ തന്ത്രങ്ങൾക്കുള്ള തിരിച്ചടി
വോർട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടത് കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും കോഴിക്കോട് കോർപ്പറേഷനിലെ പ്രചാരണ തന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കോഴിക്കോട് കോർപ്പറേഷനിലെ 45-ാം വാർഡ് ആയ കല്ലായി ഡിവിഷൻ ഏറെ ശ്രദ്ധേയമായ ഒന്നാണ്. ഇവിടെ മേയർ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച് കോർപ്പറേഷൻ ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്താമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷിച്ചത്. കല്ലായിയിലെ പരമ്പരാഗത യുഡിഎഫ് വോട്ടുകൾക്കൊപ്പം വിഎം വിനുവിൻ്റെ പൊതുസ്വീകാര്യതയിലൂടെ നിഷ്പക്ഷ വോട്ടുകൾ ആകർഷിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടിയിരുന്നു.
നിലവിലെ സാഹചര്യം വോട്ടർമാർക്കിടയിൽ സംശയവും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ സാധ്യതയുണ്ട്. സ്ഥാനാർഥിക്ക് പോലും വോട്ടർ പട്ടികയിൽ ഇടം നേടാൻ സാധിക്കാത്തത് സംഘടനാപരമായ വലിയ വീഴ്ചയായി പ്രതിപക്ഷം ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ട്. വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണത്തിന് മുമ്പ് കൃത്യമായ പരിശോധന നടത്തേണ്ടതിൻ്റെ പ്രാധാന്യം ഈ സംഭവം അടിവരയിടുന്നു.
രാഷ്ട്രീയമായി ഉപയോഗിക്കാൻ എതിർകക്ഷികൾ
സിപിഎം, ബിജെപി ഉൾപ്പെടെയുള്ള എതിർ കക്ഷികൾ ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ഇതിനകം തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. സ്ഥാനാർഥിക്ക് വോട്ടില്ലെങ്കിൽ എങ്ങനെ അദ്ദേഹം ജനപ്രതിനിധിയാകുമെന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായിട്ടുണ്ട്. വോട്ടിങ് ദിനത്തിൽ പോളിങ് ബൂത്തിൽ എത്തിയാൽ പോലും വിഎം വിനുവിന് വോട്ട് ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്.
ഒരാൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനോ ഒഴിവാക്കപ്പെടുന്നതിനോ പിന്നിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടിക്രമങ്ങൾ ഉണ്ടെങ്കിലും, രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന സംശയമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഇരട്ട വോട്ടുകൾ ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾക്കിടയിൽ സ്വാഭാവികമായി സംഭവിച്ച പിഴവാണോ, അതോ ആസൂത്രിത നീക്കമാണോ എന്ന് കോൺഗ്രസ് നിയമപരമായി പരിശോധിക്കും. കോൺഗ്രസ് നേതൃത്വം നിലവിൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ്. നിയമപരമായി ഇതിനെ നേരിടാനാണ് കോൺഗ്രസിൻ്റെ തീരുമാനം.
വിഎം വിനുവിനെപ്പോലെ സാംസ്കാരിക മേഖലയിൽ പ്രമുഖനായ ഒരാളെ സ്ഥാനാർഥിയാക്കിയത് കോൺഗ്രസിന് കോഴിക്കോട് നഗരത്തിൽ ഒരു പുതിയ രാഷ്ട്രീയ തരംഗം സൃഷ്ടിക്കാൻ സഹായിച്ചിരുന്നു. സമൂഹത്തിൽ വലിയ സ്വാധീനമുള്ള വിനുവിൻ്റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പിൽ അനുകൂലമായി മാറുമെന്ന് യുഡിഎഫ് ക്യാമ്പ് ഉറച്ചു വിശ്വസിച്ചിരുന്നു. അദ്ദേഹത്തിൻ്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കോർപ്പറേഷനിലെ മറ്റ് ഡിവിഷനുകളിലെ കോൺഗ്രസ് സ്ഥാനാർഥികൾക്കും കൂടുതൽ ഊർജം ലഭിച്ചിരുന്നു.