മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ സമരം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ സമരം ഇന്ന് മുതല്‍. ഒപിയും അധ്യാപനവും ബഹിഷ്‌കരിച്ചാണ് സമരം. മെഡിക്കല്‍ കോളജുകളില്‍ ഇന്ന് ധര്‍ണയും നടക്കും.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്ന് വരുന്ന സമര പരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി, അധ്യാപന ബഹിഷ്‌കരണം എന്നിവ നടക്കുന്നത്. സമരം കടുക്കുന്നതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്‌തംഭിച്ചേക്കും. ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകളും 11 മുതല്‍ സര്‍വകലാശാല പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്നും ഡോക്‌ടര്‍മാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.
അതേസമയം അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് പലതവണ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടന്നൂവെങ്കിലും നടപടികളൊന്നുമായില്ലെന്നും സംഘടന കുറ്റപ്പെടുത്തി.രോഗികള്‍ക്ക് ആനുപാതികമായ തസ്‌തികകള്‍ സൃഷ്‌ടിക്കുക, ശബള പരിഷ്‌കരണ കുടിശിക നല്‍കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പ്രവേശന തസ്‌തികകളിലുള്ള ശമ്പള അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 2025 ജൂലായ് 1 മുതല്‍ ഡോക്‌ടര്‍മാര്‍ സമര രംഗത്തുള്ളത്. ഇന്ന് നടക്കാനിരിക്കുന്നത് പോലെ നേരത്തെയും ഒപി ബഹിഷ്‌കരിച്ചും അധ്യാപനം ബഹിഷ്‌കരിച്ചും വിവിധ ഘട്ടങ്ങളില്‍ ഡോക്‌ടര്‍മാര്‍ സമരം ചെയ്‌തു.ഇക്കഴിഞ്ഞ നവംബറില്‍ വിഷയം സംബന്ധിച്ച് ആരോഗ്യ മന്ത്രിയുമായി സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേ തുടര്‍ന്ന് ധനമന്ത്രിമാരുമായും സമരം നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകളൊന്നും ഫലം കാണാത്തത് കൊണ്ടാണ് വീണ്ടും സമരവുമായി ഡോക്‌ടര്‍മാര്‍ എത്തിയത്.