മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; എച്ച്‌ഒഡിക്കെതിരെ പരാതിയുമായി കുടുംബം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ഹരിയാനയിലെ അംബാല സ്വദേശിയായ തന്‍വിയാണ് (23) മരിച്ചത്. ഇന്നലെയാണ് പട്ടേല്‍ നഗറിലെ പാര്‍ക്കിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്.സംഭവത്തിനുപിന്നാലെ മെഡിക്കല്‍ കോളജിലെ എച്ച്‌ഒഡിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി . എച്ച്‌ഒഡിയില്‍ നിന്നും മകള്‍ക്ക് പീഡനം നേരിട്ടിട്ടുണ്ടെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തന്‍വിയുടെ പിതാവ് ലളിത് മോഹന്‍ പട്ടേല്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കി. മുതിര്‍ന്ന ഡോക്‌ടറില്‍ നിന്നും മാനസികമായും അക്കാദമിക് പരായ കാര്യങ്ങളിലും സാമ്പത്തികമായും പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. പഠനത്തിന്‍റെ തുടക്കത്തില്‍ മകള്‍ക്ക് നല്ല മാര്‍ക്ക് ലഭിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് മാര്‍ക്ക് കുറയുകയും ചെയ്‌തിരുന്നു. പരീക്ഷയില്‍ മകളെ തോല്‍പ്പിക്കുമെന്നുള്ള ഭീഷണിയും നേരിട്ടിരുന്നുവെന്നും കുടുംബം പറയുന്നു.
'രാത്രി 11.15ന് മകള്‍ തന്‍റെ ഫോണിലേക്ക് മെസേജ് അയച്ചിരുന്നുവെന്ന്'പിതാവ് പറഞ്ഞു.'11.15നാണ് തനിക്ക് മകളുടെ സന്ദേശം ലഭിച്ചത്. 12.30 ആവുമ്പോള്‍ താന്‍ വീട്ടിലെത്തുമെന്നായിരുന്നു മകള്‍ മെസേജ് അയച്ചത്. എന്നാല്‍ 12.30 കഴിഞ്ഞിട്ടും മകള്‍ വീട്ടിലെത്താത്തിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഫോണ്‍ അണ്‍റീച്ചബില്‍ ആയിരുന്നുവെന്നും' പിതാവ് പറഞ്ഞു.ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതോടെ പിതാവ് രാത്രിയില്‍ അംബാലയില്‍ നിന്നും ഡെറാഡൂണിലേക്ക് യാത്ര തിരിച്ചു. ആശുപത്രിയിലെത്തി മകളെ അന്വേഷിക്കാനാണ് പിതാവ് യാത്ര തിരിച്ചത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിയരികില്‍ മകളുടെ കാര്‍ കണ്ടെത്തി. വാഹനം നിര്‍ത്തിയ പിതാവ് കാറിനടുത്തേക്ക് ചെന്നപ്പോഴാണ് മകളെ ഡ്രൈവര്‍ സീറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കാറിന്‍റെ ഡോര്‍ ലോക്കായിരുന്നത് കൊണ്ട് ഗ്ലാസ് തകര്‍ത്താണ് മകളെ പുറത്തെടുത്തത്. സംഭവത്തിന് പിന്നാലെ ഉടന്‍ തന്നെ മകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍വി മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു.പിതാവിന്‍റെ പരാതിയില്‍ കേസെടുത്ത പൊലീസ് മുതിര്‍ന്ന ഡോക്‌ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണ കാരണം വ്യക്തമാകൂവെന്നും പട്ടേല്‍ നഗര്‍ പൊലീസ് പറഞ്ഞു. തന്‍വിയുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും. മെഡിക്കല്‍ കോളജിലും കൃത്യമായ അന്വേഷണം നടത്തുമെന്നും സുഹൃത്തുക്കള്‍ അടക്കമുള്ളവരില്‍ നിന്നും മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.