ബോംബ് നിർവീര്യമാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ച് ബിഐഎസ്

ബോംബ് നിർവീര്യമാക്കുന്നതിന്  പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ച് ബിഐഎസ്

ന്യൂഡൽഹി: രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബോംബ് നിർമാർജന സംവിധാനങ്ങൾ ഒരുക്കുന്നതിൽ 'IS 19445:2025' എന്ന പേരിൽ പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റേയും ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറിയുടേയും അഭ്യർഥന മാനിച്ചാണ് പുതിയ നടപടി. സ്ഫോടന ലോഡുകൾക്കും സ്പ്ലിൻ്റർ ഇഫക്റ്റുകൾക്കുമെതിരെയുള്ള സമഗ്രമായ മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.അന്താരാഷ്ട്രത്തിലും ആഗോളതലത്തിലും അംഗീകരിക്കപ്പെട്ട മികച്ച ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യൻ പ്രവർത്തന പരിതസ്ഥിതികൾക്ക് അനുയോജ്യമായ രീതിയിലാണ് 'IS 19445:2025' എന്ന പേരിൽ പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചത്. പുതിയ നടപടി ഇന്ത്യൻ സേനയുടെ മത്സരശേഷി വർധിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് മന്ത്രാലയം പറഞ്ഞു.ഇത്തരം മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോട് കൂടി ബോംബ് നിർമാർജന രീതികളിൽ ഏകീകരണം കൊണ്ടുവരാൻ സാധിക്കുന്നു. ഗുണനിലവാരം അടിസ്ഥാനമാക്കിയുള്ള ഉത്‌പ്പാദനം പ്രോത്സാഹിപ്പിക്കാനും ബോംബ് നിർമാർജന രീതികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുമെന്ന് ​​ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരെ പത്രക്കുറിപ്പിൽ പറഞ്ഞു.

ഉപഭോക്തൃ കാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ബോംബ് നിർമാർജന രീതിയുടെ ഫലപ്രാപ്‌തിയെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുന്നതിനായി ബോംബ് നിർമാർജനത്തിനായി ഉപയോഗിക്കുന്ന ടെസ്റ്റ് ഉപകരണങ്ങൾ, നടപടിക്രമങ്ങൾ എന്നിവയ്‌ക്കുള്ള മാനദണ്ഡങ്ങളാണ് ഇതുവരെ നിർദേശിച്ചിരിക്കുന്നത്.ടെസ്റ്റ് സ്പോൺസർമാർ, ബോംബ് നിർമ്മാതാക്കൾ, അംഗീകൃത ടെസ്റ്റിങ് ഏജൻസികൾ എന്നിവർക്കുള്ള ഒരു റഫറൻസായാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് പുറത്തിറക്കിയ മാനദണ്ഡങ്ങളെ കണക്കാക്കുന്നത്. ടെസ്റ്റ് രീതികൾ, ഉപകരണങ്ങൾ, ടെസ്റ്റ് മാതൃകകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ഇതിൽ പറയുന്നുണ്ട്.

നിലവിലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പരമിതമായി മാത്രമേ സ്വീകരിക്കാൻ സാധിക്കൂ. ഇന്ത്യൻ സേനയ്‌ക്ക് ഇത്തരം കാര്യങ്ങളിൽ ഇന്ത്യൻ നിർമ്മിത മാനദണ്ഡങ്ങൾ സ്വീകരിക്കേണ്ട ആവശ്യം ഉയർന്നു വന്നിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്ത്യൻ സായുധ സേനകൾ, കേന്ദ്ര സായുധ പൊലീസ് സേനകൾ, സംസ്ഥാന പൊലീസ്, സിവിലിയൻ ഏജൻസികൾ എന്നിവർ സംഘർഷ മേഖലകളിലും കൻ്റോൺമെൻ്റ് പ്രദേശങ്ങളിലും നിരവധി ഭീഷണികൾ നേരിടേണ്ടി വരുന്നു. പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ബോംബുകൾ, ഇംപ്രൊവൈസ്‌ഡ് സ്‌ഫോടകവസ്‌തുക്കൾ, ഹാൻഡ് ഗ്രനേഡുകൾ എന്നിവയാണ് പ്രധാനമായും സേനകൾക്ക് ഭീഷണിയാവുന്നത്.

ബോംബ് നിർമാർജന സംവിധാനങ്ങളുടെ മൂന്ന് വിഭാഗങ്ങളാണ് ബോംബ് ബ്ലാങ്കറ്റുകൾ, ബോംബ് ബാസ്‌ക്കറ്റുകൾ, ബോംബ് ഇൻഹിബിറ്ററുകൾ എന്നിവ. ഇവ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് സഹായിക്കുന്നു. നിരവധി പൊതു, സ്വകാര്യ ഏജൻസികൾ ഇന്ത്യയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവ ഉപയോഗിക്കാൻ കർശനവും നിലവാരമുള്ളതുമായ വിലയിരുത്തൽ നടത്തേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.