ഡൽഹി സ്ഫോടനം: കശ്‌മീരികള്‍ നിരന്തരം വേട്ടയാടപ്പെടുന്നുവെന്ന് മെഹബൂബ മുഫ്‌തി

ഡൽഹി സ്ഫോടനം: കശ്‌മീരികള്‍ നിരന്തരം വേട്ടയാടപ്പെടുന്നുവെന്ന്  മെഹബൂബ മുഫ്‌തി

ശ്രീനഗർ: ഡൽഹി സ്ഫോടനക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രിമെഹബൂബ മുഫ്‌തി. സ്ഫോടന കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിൻ്റെ പിതാവ് ആത്മഹത്യശ്രമം നടത്തിയെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു. ജമ്മു കശ്‌മീർ ജനതയെ നിരന്തരം ഇത്തരം കേസുകളിൽ വലിച്ചിഴക്കുന്ന പശ്ചാത്തലത്തിലാണ് മുൻ മുഖ്യമന്ത്രിയുടെ ഈ വിമർശനം. കസ്റ്റഡിയിലെടുത്ത മകന്‍റെ സുരക്ഷയെക്കുറിച്ച് പിതാവ് ആശങ്കാകുലനാണെന്നും കസ്റ്റഡിയിലുള്ള മകനെ കാണാൻ പിതാവ് ശ്രമിച്ചിരുന്നെങ്കിലും അത് നിഷേധിക്കപ്പെടുകയാണുണ്ടായതെന്നും മെഹബൂബ മുഫ്‌തി ചൂണ്ടിക്കാട്ടി. "പൊലീസ് കസ്റ്റഡിയിലെടുത്ത ജാസിർ ബിലാൽ വാണിയെ കാണാന്‍ സഹോദരൻ നവീൽ വാണിയെത്തിയിരുന്നു. എന്നാല്‍ പൊലീസ് കൂടിക്കാഴ്‌ച നിഷേധിച്ചു. ഇതിന് പിന്നാലെയാണ് കുൽഗാം ജില്ലയിലെ ഖാസിഗുണ്ടിലെ ഡ്രൈ ഫ്രൂട്ട്സ് വ്യാപാരിയായ പിതാവ് ബിലാൽ അഹമ്മദ് വാണി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു.

എന്നാൽ പിഡിപിയുടെ ആരോപണങ്ങളില്‍ ജമ്മു കശ്‌മീർ പൊലീസ് യാതൊന്നും പ്രതികരിച്ചിട്ടില്ല. ഡൽഹി സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡോ. മുസാഫർ അഹമ്മദിൻ്റെയും ഡോ. അദീൽ അഹമ്മദ് റാത്തറിൻ്റെയും അയൽക്കാരനാണ് കസ്റ്റഡിയിലായ വാണി എന്നയാൾ. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് സ്ഫോടനക്കേസിൽ ജമ്മു കശ്‌മീർ പൊലീസ് ഡോ. ആദിലിനെ അറസ്റ്റ് ചെയ്‌തിരുന്നു.സ്ഫോടനക്കേസിൻ്റെ അന്വേഷണം ഇപ്പോൾ എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം മറ്റ് ഏജൻസികളും ഭീകര പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ജമ്മു കശ്‌മീർ പൊലീസിൻ്റെ കൗണ്ടർ ഇൻ്റലിജൻസ് കശ്‌മീർ അനന്ത്‌നാഗ് പട്ടണം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തി. അവിടെ ജിഎംസി അനന്ത്‌നാഗ് പട്ടണത്തിൽ വാടകക്കാരനായി താമസിക്കുന്ന ഒരു ഡോക്‌ടറെയും സംശയത്താൽ ചോദ്യം ചെയ്‌തു.

നവംബർ 10ന് വൈകുന്നേരമാണ് ന്യൂഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക സമീപം കാറില്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പെട്ടിത്തെറിയില്‍ പരിക്കേറ്റ നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.പ്രാഥമിക അന്വേഷണത്തിൽ ഇതൊരു തീവ്രവാദ പ്രവർത്തനമാണെന്ന് സൂചന ലഭിച്ചു. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും 1908ലെ സ്ഫോടക വസ്‌തു നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.അൽ-ഫലാഹ് സർവകലാശാലയിലെ പൂർവ്വ വിദ്യാർഥിയായ ഉമർ നബിയാണ് പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത്. മേവാത്തിലെ കടകളിൽ നിന്ന് വാങ്ങിയ അമോണിയം നൈട്രേറ്റ് നിറച്ചിരുന്ന സ്ഫോടക വസ്‌തുക്കൾ കാറിൽ ഉണ്ടായിരുന്നു. ഫരീദാബാദിൽ നിന്ന് മേവാത്ത് വഴി ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിലേയ്‌ക്ക് നബി യാത്ര ചെയ്‌തതായും റോഡരികിലെ ഒരു ഭക്ഷണശാലയ്‌ക്ക് സമീപം കാർ നിർത്തി രാത്രി സമയം ചെലവഴിച്ചതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.