Latest News
കേരളത്തിൽ ഇന്ന് മുതൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കാസർകോട്: കേരളത്തിൽ ഇന്ന് മുതൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നവംബർ നാലുവരെ ശക്തമായ മഴ സാധ്യതയില്ല. എന്നാൽ നവംബർ 5, 6 തീയതികളിൽ അല്‍പം മഴ കൂടാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ന്യൂനമർദ സാധ്യതകൾ ഒന്നും കാണുന്നില്ലെന്ന് നിരീക്ഷകർ വ്യക്തമാക്കി.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഉണ്ടായ ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ കേരളത്തിൽ കാലവർഷ സമാനമായ മഴ ലഭിച്ചിരുന്നു. വടക്കു കിഴക്കൻ കാറ്റ് സജീവമാകുന്നതോടെ തുലാ വർഷം വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ. ഇന്ന് എട്ടു തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. ഇവിടെയും ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ നിരീക്ഷണം.