"AI ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന തെറ്റായ വിവരങ്ങൾക്ക് ജനാധിപത്യ സംവിധാനങ്ങളെ തകർക്കാൻ കഴിയും ":കേന്ദ്ര ജിതിൻ പ്രസാദ്

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വാണിജ്യ വ്യവസായ കേന്ദ്ര സഹമന്ത്രി ജിതിൻ പ്രസാദ് . ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന തെറ്റായ വിവരങ്ങൾക്ക് ജനാധിപത്യ സംവിധാനങ്ങളെ തകർക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടി 2026ൽ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാർഥികൾക്കും അധ്യാപകർക്കും പഠനം മെച്ചപ്പെടുത്താൻ എഐ സഹായിക്കുമെന്നും, എന്നാൽ ചിന്താശക്തിയേയും ജിജ്ഞാസയെയും ദുർബലപ്പെടുത്തുന്ന ഒന്നായതിനാൽ ഇതിനെ ഒരു കുറുക്കുവഴിയായി കണക്കാക്കരുതെന്നും എഐ ഉച്ചകോടിയിൽ ഒരു സെഷനിൽ സംസാരിക്കവെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
"ഡിജിറ്റൽ സാക്ഷരത ഇല്ലെങ്കിൽ സൈബർ ഭീഷണികളിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. സൈബർ സുരക്ഷ വളരെ വലിയ ഒരു പ്രശ്‌നമാണ്. ഇന്ത്യ പോലുള്ള ഒരു രാജ്യം യഥാർത്ഥത്തിൽ ജനാധിപത്യപരമാണ്, വർഷം മുഴുവനും തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്, അത് കേന്ദ്ര തലത്തിലായാലും സംസ്ഥാന തലത്തിലായാലും മുനിസിപ്പാലിറ്റിയിലായാലും. അതിനാൽ തന്നെ എഐ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുകയാണെങ്കിൽ, ജനാധിപത്യത്തെ പാളം തെറ്റിക്കാൻ വരെ അതിന് ശക്തിയുണ്ട്."ജിതിൻ പ്രസാദ പറഞ്ഞു.
"ആളുകളുടെ മനസ്സിനെ തെറ്റായ രീതിയിൽ വഴിതിരിച്ച് വിടാൻ ഇതിന് ശക്തിയുണ്ട്. ജനങ്ങൾ ഒരിക്കൽ ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ, വോട്ടെടുപ്പ് നടക്കുന്നിടത്തോളം, അത് വളരെ വിപരീതഫലമുണ്ടാക്കും. കാരണം തെറ്റായ വിവരങ്ങൾ കേട്ട് വോട്ട് ചെയ്യപ്പെടും. സർക്കാരിനും നമുക്കും ഇത് വെല്ലുവിളിയാണ്," അദ്ദേഹം പറഞ്ഞു.അതേസമയം ഇത് വെറും ഏത് സർക്കാർ വരുമെന്ന കാര്യത്തിൽ മാത്രമല്ല സ്വാധീനിക്കുക. സർക്കാർ നയങ്ങൾ രൂപീകരിക്കുന്നതിലും, പൗരന്മാർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിലും, അവരുടെ ഭാവി സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കുന്നതിലും സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ മേഖലയിലെ ആർടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, എഐ സാങ്കേതികവിദ്യ സ്‌കൂൾ പാഠ്യപദ്ധതിയിൽ മാത്രമല്ല, വിശാലമായ വിദ്യാഭ്യാസ ചട്ടക്കൂടിലുടനീളം ഉൾപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
"ഇത് സ്‌കൂൾ പാഠ്യപദ്ധതിയിലെ ഒരു വിഷയമല്ലെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികളെ സംഭാവന ചെയ്യാൻ പ്രാപ്‌തരാക്കണം. ഇത് കുട്ടികളുടെ ചിന്താശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചാണെന്നും" പ്രസാദ പറഞ്ഞു. കമ്പ്യൂട്ടേഷണൽ ചിന്തയെയും അതിന്‍റെ ഏറ്റവും മികച്ച ഉപയോഗ സാഹചര്യങ്ങളെയും കുറിച്ച് യുവാക്കൾ അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികൾ ആർടിഫിഷ്യൽ ഇന്‍റലിജൻസിനെ ഒരു കുറുക്കുവഴിയായി കാണരുതെന്നും, അത് ജിജ്ഞാസയെയും യുക്തിസഹമായ ചിന്തയെയും പഠന പ്രക്രിയയെയും ദുർബലപ്പെടുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി."വിദ്യാർഥികളുടെ ജീവിതം മെച്ചപ്പെടുത്താനും വേഗത്തിൽ കാര്യങ്ങൾ ചെയ്യാനും ഉള്ള ഒരു ഉപകരണം മാത്രമാണിത്...ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഗൃഹപാഠം ചെയ്യാൻ പാടില്ല. ഇത് ഒരു കുറുക്കുവഴിയല്ല," അദ്ദേഹം പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ എഐ ഒരു കുറുക്കുവഴിയായി ഉപയോഗിക്കുന്നത് വിപരീതഫലം ഉണ്ടാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അധ്യാപകരും എഐ ഒരു സഹായിയെന്നോണം മാത്രം ഉപയോഗിക്കണമെന്നും കൂട്ടിച്ചേർത്തു.
ഫെബ്രുവരി 20 വരെ അഞ്ച് ദിവസങ്ങളിലായാണ് ഇന്ത്യ എഐ ഇംപാക്‌ട് സമ്മിറ്റ് 2026 നടക്കുക. എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആഗോള നേതാക്കന്മാർ ഒത്തുചേരുന്ന പരിപാടിയിലൂടെ ആർടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു വേദി സൃഷ്‌ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.അഞ്ച് ദിവസത്തെ പരിപാടിയിൽ ലോകത്തിലെ മികച്ച ടെക്, എഐ കമ്പനികളുടെ സിഇഒമാരും 45-ലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികളും പങ്കെടുക്കും. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, ഗൂഗിൾ ഡീപ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ്, മിസ്ട്രൽ എഐ സിഇഒ ആർതർ മെൻഷ് എന്നിവരുൾപ്പെടെ പ്രമുഖകർ എഐ ഇംപാക്‌ട് ഉച്ചകോടിയിൽ പങ്കുചേരും.കൂടാതെ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, മൈക്രോസോഫ്റ്റ് പ്രസിഡന്‍റ് ബ്രാഡ് സ്‌മിത്ത്, അഡോബ് സിഇഒ ശന്തനു നാരായൺ, ആക്സെഞ്ചർ സിഇഒ ജൂലി സ്വീറ്റ്, ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോൺ, പാലോ ആൾട്ടോ നെറ്റ്‌വർക്ക്‌സ് സിഇഒ നികേഷ് അറോറ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.