MLAബോര്‍ഡ് വെച്ച കാറിലെത്തി വോട്ട് ചെയ്‌തു,'ഒളിത്താവളത്തി'ലേക്ക് മടങ്ങി! കൂടെ ഇവിടെയൊക്കെത്തന്നെ കാണുമെന്ന പ്രഖ്യാപനവും

MLAബോര്‍ഡ് വെച്ച കാറിലെത്തി വോട്ട് ചെയ്‌തു,'ഒളിത്താവളത്തി'ലേക്ക് മടങ്ങി!  കൂടെ ഇവിടെയൊക്കെത്തന്നെ കാണുമെന്ന പ്രഖ്യാപനവും

പാലക്കാട്: രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒടുവില്‍ പൊങ്ങി. കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചാണ് വീണ്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത്. എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ എത്തി രാഹുല്‍ വോട്ട് ചെയ്തു. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.ബൂത്തില്‍ ആളൊഴിഞ്ഞ സമയത്ത് വൈകിട്ട് 4.45 രാഹുല്‍ എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂവന്‍കോഴിയുടെ ചിത്രം ഉയര്‍ത്തി കൂകി വിളിച്ചു.മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ എല്ലാം കോടതിയോട് പറഞ്ഞിട്ടുണ്ടെന്നും ഇനി കാര്യങ്ങള്‍ കോടതി പറയട്ടെയെന്നും വ്യക്തമാക്കി. തുടര്‍ന്ന് ഹൈവേയില്‍ കയറി ആശുപത്രി പരിസരത്തുള്ള ചായക്കടയില്‍ കയറി ചായ കുടിച്ചു. വീണ്ടും കാറില്‍ കയറി എംഎല്‍എ ഓഫീസിന് അടുത്തുള്ള ഒരു വീട്ടില്‍ ചെന്ന് വീട്ടുകാരുമായി സംസാരിച്ചു. തുടര്‍ന്നാണ് എം എല്‍ ഓഫീസില്‍ കയറിയത്. സീറ്റിലിരുന്ന രാഹുല്‍ 'എനിക്കെതിരെ പറയാനുള്ളതും എനിക്ക് പറയാനുള്ളതും കോടതിക്ക് മുന്നിലാണ്' എന്ന് ആവര്‍ത്തിച്ചു.രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലായിരുന്നു രാഹുല്‍. രണ്ട് കേസുകളിലും അറസ്റ്റ് തടഞ്ഞതോടെയാണ് രാഹുല്‍ പുറത്തെത്തിയത്. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. എന്നാല്‍, ഇത്രനാളും രാഹുലിന് ഒളിവില്‍ കഴിയാന്‍ പൊലീസ് ഒത്താശ ചെയ്‌തെന്ന ആരോപണവും ശക്തമാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എല്ലാ തിങ്കളാഴ്ചയും രാവിലെ 10-നും 11-നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പിടണമെന്നാണ് പ്രധാന വ്യവസ്ഥ. ആദ്യ ബലാത്സംഗക്കേസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15 തിങ്കളാഴ്ചയാണ് പരിഗണിക്കുക.രണ്ടു ലൈംഗികാതിക്രമ കേസുകളാണ് രാഹുല്‍ നേരിടുന്നത്. ആദ്യ കേസില്‍ രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള 22 പേജുള്ള ഉത്തരവില്‍ തിരുവനന്തപുരം സെഷസ് കോടതി അതീവ ഗൗരവകരമായ നിരീക്ഷണങ്ങളാണ് നടത്തിയിരിന്നത്.ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന വാദം കോടതി തള്ളിയിരുന്നു. ആത്മഹത്യാഭീഷണി മുഴക്കി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും, ആദ്യത്തെ ശാരീരിക ബന്ധത്തിന് ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചതും കോടതി എടുത്തുപറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നേമം പൊലീസ് റജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 1750/2025 കേസില്‍ രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് വകുപ്പുകള്‍ 64(2), 89, 351(3), ഐടി ആക്ട് 66ഇ എന്നിവ പ്രകാരമാണ് കേസ്.വിവാഹജീവിതം തകര്‍ന്ന യുവതിയുമായി സോഷ്യല്‍ മീഡിയ വഴിയാണ് രാഹുല്‍ സൗഹൃദത്തിലാകുന്നത്. കുഞ്ഞുണ്ടായാല്‍ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് അടുപ്പം സ്ഥാപിച്ചത്. ഒരാഴ്ച മാത്രമാണ് ഈ അടുപ്പം നീണ്ടുനിന്നത്. 2025 ജനുവരി 27, 28 തീയതികളില്‍ പാലക്കാട്ടെ ഫ്‌ലാറ്റിലും മാര്‍ച്ച് നാലിന് യുവതിയുടെ തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റിലും വച്ച് പീഡനം നടന്നു. മാര്‍ച്ച് 17ന് ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി. ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും ഏപ്രില്‍ 22ന് വീണ്ടും ബലാത്സംഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

ഗര്‍ഭഛിദ്രത്തിന് തയാറാകാതിരുന്നപ്പോള്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചു. തുടര്‍ന്ന് മെയ് 30ന് രാഹുലിന്റെ നിര്‍ദേശപ്രകാരം രണ്ടാം പ്രതി വഴി ഗുളികകള്‍ എത്തിച്ചു നല്‍കുകയും വിഡിയോ കോളിലൂടെ മരുന്ന് കഴിക്കുന്നത് ഉറപ്പുവരുത്തുകയും ചെയ്തു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ കേസിലാണ് ഹൈക്കോടതി ഈ മാസം 15വരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞത്.ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയുടെ മൊഴിയനുസരിച്ച് അതിക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന കേസാണ് രണ്ടാമത്തെത്. സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും, ശരീരമാകെ മുറിവേല്‍പ്പിച്ച് 'എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണം' എന്ന് പറഞ്ഞുകൊണ്ടിരുന്നതായും മൊഴിയിലുണ്ട്.പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും അതിക്രമം തുടര്‍ന്നെന്നും, പിന്നീട് വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചതോടെ മാനസികമായും ശാരീരികമായും തകര്‍ന്നുപോയെന്നും അതിജീവിത മൊഴി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനായ ഫെന്നി നൈനാനാണ് ഹോം സ്റ്റേയിലേക്ക് രാഹുലിനെ കൊണ്ടുപോയതെന്നും മൊഴിയിലുണ്ട്.

2023-ല്‍ സമൂഹമാധ്യമത്തിലൂടെ രാഹുലിനെ പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. കെ.പി.സി.സി. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ-മെയിലില്‍ ലഭിച്ച പരാതി മാധ്യമങ്ങളില്‍ വന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം അത് സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയത്. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ആണ് കേസ് രജിസ്റ്റര്‍ചെയ്തത്.