ആള്‍ക്കൂട്ട ആക്രമണം: കൊല്ലപ്പെട്ട രാംനാരായണിന്റെ ബന്ധുക്കള്‍ ഇന്ന് തൃശൂരില്‍ എത്തും

 ആള്‍ക്കൂട്ട ആക്രമണം: കൊല്ലപ്പെട്ട രാംനാരായണിന്റെ ബന്ധുക്കള്‍ ഇന്ന് തൃശൂരില്‍ എത്തും

പാലക്കാട് : വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാംനാരായണന്‍ ഭയ്യയുടെ ബന്ധുക്കള്‍ ഇന്ന് തൃശൂരില്‍ എത്തും. ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ് ഉച്ചയോടെ തൃശൂരില്‍ എത്തുക. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ പിന്നീട് നിലപാട് വ്യക്തമാക്കും. കുടുംബത്തിലെ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ശരിയായ അന്വേഷണവും നടപടിയും കേസില്‍ ഉണ്ടാകണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും അന്വേഷണം. നിലവില്‍ അഞ്ചുപേരുടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷമാകും തുടര്‍നടപടികള്‍.

അതിനിടയിൽ രാം നാരായണന്‍ ബയ്യയെ ആക്രമിച്ചവരിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നു എന്ന പുതിയ റിപ്പോർട്ടും വന്നിട്ടുണ്ട് .

പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഉയര്‍ത്തി ഡിവൈഎഫ്‌ഐയും  രംഗത്തെത്തിയിട്ടുണ്ട് . അറസ്റ്റിലായ അഞ്ചുപേരില്‍ നാലുപേരും ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരും മുന്‍പ് ക്രിമിനല്‍ കേസില്‍ അകപ്പെട്ടിട്ടുള്ളവരുമാണ് എന്ന് ഡിവൈഎഫ്‌ഐ പറയുന്നു.

ബുധനാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണന്‍ ബയ്യ മണിക്കൂറുകള്‍ നീണ്ട വിചാരണയ്ക്കും കൊടും ക്രൂരതയും ശേഷം ചികിത്സയിലിരിക്കെ മരിക്കുന്നത്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ ബയ്യയെ മര്‍ദിച്ചത്. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത് തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികള്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണനെ തടഞ്ഞുവെച്ചു മര്‍ദിക്കുകയായിരുന്നു.

നടുക്കം അറിയിച്ച് പോലീസ് സർജ്ജൻ 

അതിഭീകരമായ മർദ്ദനമാണ് രാം നാരായണന്‍ നേരിട്ടതെന്ന്  പോലീസ് സർജ്ജൻ മാധ്യമങ്ങളോട് പറഞ്ഞു .തല മുതൽ കാലുവരെ മർദ്ദനമേൽക്കാത്ത ഒരുഭാഗംപോലും ബാക്കിയില്ലാ എന്നും താൻ ആദ്യമായാണ് ഇത്തരത്തിലൊരു പോസ്റ്റുമാർട്ടം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.