'സന്നിധാനത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കും, ഭക്തര്‍ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കും' : കെ ജയകുമാർ

പത്തനംതിട്ട: പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് കെ ജയകുമാര്‍. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ 20 ഓളം ക്യൂ കോംപ്ലക്‌സുകളുണ്ട്.

ശബരിമലയിൽ അപകടകരമായ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത് . ശബരിമലയിൽ വൃശ്ചികം രണ്ടിന് ഇത്രയും തിരക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ലോവർ തിരുമുറ്റത്ത് അപകടകരമായ തിരക്കാണെന്നും കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ത ജനങ്ങൾക്ക് ക്യൂവിൽ ഒരുപാട് സമയം നിൽക്കേണ്ടി വരുന്നുവെന്നും ക്യൂവിൽ നിൽക്കുന്നവരെ പതിനെട്ടാം പടി കയറാൻ അനുവദിക്കാനും തിരക്ക് നിയന്ത്രിക്കാനും നിർദേശിച്ചിട്ടുണ്ടെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു.

"ഇങ്ങനെ ഒരു ആൾക്കൂട്ടം ഇവിടെ രൂപപ്പെടാൻ പാടില്ലായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു ആൾകൂട്ടം രൂപപ്പെട്ടത്? ഇനിയത് ഉണ്ടാകാൻ പാടില്ല. എന്തുകൊണ്ടാണ് തിരക്ക് നിയന്ത്രിക്കാനാകാത്തതെന്ന് അന്വേഷിക്കും. എഡിജിപി എസ്‌ ശ്രീജിത്തിന് ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ക്യൂ കോംപ്ലക്‌സുകളുടെ ഉദ്ദേശം നടപ്പായിട്ടില്ലെന്നും കെ ജയകുമാർ പറഞ്ഞു.

ഭക്തർ ക്യൂ കോംപ്ലക്‌സുകളില്‍ കയറുന്നില്ലെന്ന് പൊലീസ് പറയുന്നു. ഭക്തർക്ക് ബിസ്‌കറ്റ് മാത്രമല്ല, കൂടുതൽ സൗകര്യങ്ങൾ നൽകിയാൽ ഭക്തർ അവിടെ കയറി ഇരിക്കും. ഭക്തരെ നിർബന്ധമായും ക്യൂ കോംപ്ലക്‌സിൽ ഇരുത്തണം. അതിനായി അനൗൺസ്‌മെൻ്റ് വേണം. അവരുടെ അവസരം വരുമ്പോൾ കയറ്റിവിടണം.അങ്ങനെയെങ്കിൽ ആളുകൾ കുഴഞ്ഞ് വീഴുന്നത് ഒഴിവാക്കാം. മരക്കൂട്ടം, ശരംകുത്തി തുടങ്ങിയ സ്ഥലങ്ങളിലെ ക്യൂ കോംപ്ലക്‌സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കും അദേഹം പറഞ്ഞു. സ്പോട്ട് ബുക്കിങ്ങിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചനയുമുണ്ട്.ഒരേ സമയം 500-600 ആളുകള്‍ക്ക് അവിടെ വിശ്രമിക്കുന്നതിന് സൗകര്യമുണ്ട്. ക്യൂ കോംപ്ലക്‌സില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇത് തീര്‍ഥാടകര്‍ ഫലപ്രദമായി ഉപയോഗിക്കണം. ക്യൂ കോംപ്ലക്‌സിലെ സൗകര്യങ്ങള്‍ മനസിലാക്കുന്നതിനും അനൗണ്‍സ്‌മെൻ്റ് ഉണ്ടാകും. ഇവിടെ ഏകോപനത്തിനായി കോ ഓര്‍ഡിനേറ്ററെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട് കെ ജയകുമാർ പറഞ്ഞു.തീർഥാടകർക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന പ്രശ്‌നം പരിഹരിക്കാൻ വെള്ളം വിതരണം ചെയ്യാൻ 200 പേരെ അധികമായി നിയമിച്ചിട്ടുണ്ട്. തീർഥാടകർക്ക് ഇടയിലേക്ക് വെള്ളവുമായി ഇവർ എത്തും. നാല് മണിക്കൂറായി ക്യൂ നിൽക്കുന്നവർക്ക് വെള്ളം നൽകും. പമ്പ മലിനമാണെന്ന് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ റിപ്പോർട്ടുണ്ട്. വൃത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തമിഴ്‌നാട്ടിൽ നിന്ന് 200 പേരെ എത്തിക്കും.

ഓൺലൈൻ ബുക്കിങ് ആദ്യ ദിവസം തന്നെ തീർന്നിരുന്നു. പക്ഷേ സ്പോട്ട് ബുക്കിങ് നൽകാതെ സാധിക്കില്ല. ബുക്കിങ് ഇല്ലെങ്കിൽ നിയന്ത്രണം കൊണ്ടുവരാനുമാകില്ല. ഒരു മിനിറ്റിൽ 80–90 പേർ പതിനെട്ടാം പടി കയറിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ കഴിയില്ല.

കേന്ദ്ര സേനയുമായി ഇത് സംബന്ധിച്ച് ബന്ധപ്പെടും. ഏഴ് അഡിഷണൽ‌ ബൂത്തുകൾ സ്പോട്ട് ബുക്കിങ്ങിനായി ഇന്ന് നിലയ്ക്കലിൽ സ്ഥാപിക്കും. പമ്പയിലേക്കുള്ള സ്പോട്ട് ബുക്കിങ് കുറയ്ക്കും. ജീവനക്കാരുടെ മെസ് തയാറായിട്ടില്ലെന്നും അവർക്ക് അന്നദാന മണ്ഡപത്തിൽ വിളമ്പുമെന്നും 21ന് മാത്രമേ ജീവനക്കാർക്ക് മെസ് തയാറാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയില്‍ ഭക്ത ജനത്തിരക്ക് നിയന്ത്രിക്കുന്നത് പൊലീസാണ്. ഇതുവരെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയിട്ടില്ലെന്ന് ശബരിമല പൊലീസ് ചീഫ് കോ കോർഡിനേറ്റർ എഡിജിപി ശ്രീജിത്ത്‌ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ രണ്ട് തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അത് ജനങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. സ്പോട് ബുക്കിങ് കോടതി നിർദേശപ്രകാരം 20,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതലായി ഭക്തജനങ്ങൾ എത്തുകയാണ്.

വരുന്നവരെല്ലാം ഉടനെ ദർശനം നടത്തണമെന്ന് ശാഠ്യം പിടിക്കുകയാണ്. 20,000 ജനങ്ങൾ എന്ന സ്ഥാനത്ത് ഇപ്പോൾ 37,000 പേർക്കാണ് സ്പോട് ബുക്കിങ് കൊടുക്കേണ്ടി വരുന്നത്. കാരണം വരുന്നവരെ തിരിച്ചു വിടാൻ സംവിധാനമില്ല. അത് ശരിയുമല്ല. രണ്ടാമത്തെ പ്രശ്‌നം ഏതെങ്കിലും ഒരു ദിവസം വെർച്വൽ ക്യു എടുത്തിട്ട് മറ്റൊരു ദിവസം ദർശനത്തിന് വരുന്ന പ്രവണതയാണ്. ഇത്തരം കാര്യങ്ങൾ ഭക്തജനങ്ങൾ മനസിലാക്കി പ്രവർത്തിച്ചാൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് എഡിജിപി പറഞ്ഞു.പൊലീസ് ആവശ്യത്തിന് ഉണ്ടെന്നും ഇതിൽ കൂടുതൽ പൊലീസിനെ നിയമിച്ചാൽ അവർക്ക് ജോലി ചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ക്രമമനുസരിച്ച് വരേണ്ടത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകണമെന്നും ദർശനം നടത്തിയവർ എത്രയും വേഗം തിരിച്ചു പോകണമെന്നും എഡിജിപി കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ നാല് ദിവസം മാത്രമാണ് ഒരു ലക്ഷത്തിലേറെപ്പേര്‍ വന്നത്. ഇത്തവണ ആദ്യ ദിവസം തന്നെ നിരവധി പേര്‍ എത്തി. ക്രമാതീതമായ തിരക്കുണ്ടെന്നത് ശരിയാണ്. കഴിഞ്ഞ തവണ 29,000 പേരാണ് ഒന്നാം ദിവസം വൈകുന്നേരം എത്തിയത്. ഇന്നലെ വൈകുന്നേരം 55,000 പേര്‍ ദര്‍ശനത്തിന് എത്തി.

ശബരിമലയില്‍ ഉള്‍ക്കൊള്ളാവുന്ന ഭക്തര്‍ക്ക് പരിമിതിയുണ്ട്. വെര്‍ച്വല്‍ ക്യൂ പാസ് വഴി മാത്രം ഭക്ത ജനങ്ങൾ എത്തുക. മറ്റ് വഴി വന്ന് മരക്കൂട്ടത്ത് ക്യൂവില്‍ കയറാന്‍ നോക്കിയിട്ട് പറ്റാതെ അവരില്‍ പലരും ചന്ദ്രാനന്ദന്‍ റോഡ് വഴിയും ബെയ്‌ലിപ്പാലം വഴിയും മാളികപ്പുറം ഫ്ലൈ ഓവര്‍ വഴിയുമൊക്കെ എത്തുന്നു. ഇങ്ങനെ എത്തുന്നവരെ തടയാന്‍ സാധിക്കുന്നില്ല. നടപ്പന്തല്‍ ക്യൂ വഴി അല്ലാതെ വരുന്നവരെ തടയാന്‍ സംവിധാനവുമില്ല. നേരായ വഴി അല്ലാതെ എത്തുന്ന ഭക്തരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ് അദ്ദേഹം കൂട്ടിച്ചേർത്തു.      

ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഒരു ദിവസത്തെ റിയൽ ടൈം ബുക്കിങ് (സ്പോട് ബുക്കിങ്) 20,000 പേർക്ക് മാത്രമായി നിജപ്പെടുത്തും. അധികമെത്തുന്ന തീർഥാടകർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി, സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.സ്‌പോട്ട് ബുക്കിങ്ങിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കാൻ പമ്പയില്‍ നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിങ് ബൂത്തുകള്‍ക്ക് പുറമേ നിലയ്ക്കലില്‍ ഏഴ് സ്‌പോട്ട് ബുക്കിങ് ബൂത്തുകള്‍ അധികമായി ഉടന്‍ സ്ഥാപിക്കും. തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണത്തിനായി 200 പേരെ അധികമായി നിയോഗിച്ചു. ഇതിലൂടെ വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും കുടിവെള്ളവും ബിസ്‌കറ്റും ഉറപ്പാക്കും.

ക്യൂ കോംപ്ലക്‌സിലെത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്‌ടമാകില്ല. ക്യൂ കോംപ്ലക്‌സുകളിൽ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പിയും ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്‌സിലും അധികം ജീവനക്കാരെ നിയോഗിച്ചു. പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും.ഇതിനിടെ ശബരിമലയിൽ തിരക്ക് നിയന്ത്രണാതീതമായതോടെ ദർശനം ലഭിക്കാതെ വന്ന ഭക്തർ പന്തളത്തെത്തി ദർശനം നടത്തി മാലയൂരി മടങ്ങുന്നതായും വിവരമുണ്ട്. ബെംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് ശബരിമലയിൽ മണിക്കൂറുകളോളം ക്യൂ നിന്നിട്ടും ദർശനം ലഭിക്കാതെ മടങ്ങിയത്. ദർശനം ലഭിക്കാതെ വന്ന ഭക്തർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. പന്തളത്ത് നെയ്യഭിഷേകം നടത്തി മാല ഊരിയാണ് ഭക്തർ നാട്ടിലേക്ക് മടങ്ങിയത്. ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ കുട്ടികൾ ഉൾപ്പെടെ അവശരായി. പൊലീസ് സംവിധാനം പരാജയമാണെന്ന് ഭക്തരിൽ ചിലർ മാധ്യമങ്ങളോട് പ്രതികരിച്ചു.