തദ്ദേശതെരഞ്ഞെടുപ്പ് ഫലം: ഒരു കക്ഷിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത 60ലേറെ പഞ്ചായത്തുകൾ

തദ്ദേശതെരഞ്ഞെടുപ്പ്  ഫലം: ഒരു കക്ഷിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത 60ലേറെ പഞ്ചായത്തുകൾ

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വന്നപ്പോള്‍ സംസ്ഥാനത്തെ 62 പഞ്ചായത്തുകളില്‍ ഒരുമുന്നണിക്കും  വ്യക്തമായ ഭൂരിപക്ഷംലഭിച്ചിട്ടില്ല  . ഇടത് വലത് മുന്നണികള്‍ മിക്കയിടത്തും ഒരേ സീറ്റ് നില നേടിയപ്പോള്‍ എന്‍ഡിഎയും സ്വതന്ത്രരും ഇവിടെ ചില സീറ്റുകള്‍ സ്വന്തമാക്കി.  പഞ്ചായത്തുകളുടെ ഭാവിഭരണം  നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതും ഇവരായിരിക്കും.

തിരുവനന്തപുരം ജില്ലയിൽ  അഞ്ച് പഞ്ചായത്തുകളിൽ ഈ ഒരു അവസ്ഥ  അഭിമുഖീകരിക്കുന്നുണ്ട് .നെയ്യാറ്റിന്‍കര താലൂക്കില്‍ പെട്ട വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ഇടത് വലത് എന്‍ഡിഎ മുന്നണികള്‍ ആറ് സീറ്റുകള്‍ വീതം നേടിയപ്പോള്‍ രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ഇവിടെ ഇനി ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ഈ സ്വതന്ത്രരായിരിക്കും.കഴിഞ്ഞ തവണ പതിനേഴ് വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്തില്‍ ബിജെപിക്ക് ആറും കോണ്‍ഗ്രസിന് ആറും സിപിഎമ്മിന് നാലും സിപിഐയ്ക്ക് ഒരു സീറ്റും വീതമാണ് ഉണ്ടായിരുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും തുല്യ അംഗങ്ങളായതിനാല്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കുകയായിരുന്നു. 2015ല്‍ ബിജെപിയുടെ അനില്‍ കുമാര്‍ പ്രസിഡന്‍റും ശാലിനി വൈസ്‌പ്രസിഡന്‍റുമായിരുന്നു. ഇക്കുറി വാര്‍ഡുകളുടെ എണ്ണം 20 ആയി ഉയര്‍ന്നിട്ടുണ്ട്.

അഞ്ചുതെങ്ങ് പഞ്ചായത്തിൽ  ഇടത് വലത് മുന്നണികള്‍ ഏഴ് സീറ്റുകള്‍ വീതമാണ് പങ്കിട്ടെടുത്തിരിക്കുന്നത്. ആകെ പതിനാല് വാര്‍ഡുകളേ ഇവിടെയുള്ളൂ. അത് കൊണ്ട് തന്നെ മറ്റാരും ഇവിടെയില്ല. ഇവിടെ ആര് ഭരിക്കണമെന്ന് നറുക്കെടുപ്പിലൂടെയാകും നിശ്ചയിക്കുക. കഴിഞ്ഞ തവണ പത്ത് സീറ്റുകള്‍ നേടി ഇടതുമുന്നണിയാണ് അഞ്ചുതെങ്ങില്‍ അധികാരത്തിലെത്തിയത്. യുഡിഎഫിന് നാല് സീറ്റും കിട്ടി.

ചെമ്മരുതി പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ 9 സീറ്റുകള്‍ വീതമാണ് ഇക്കുറി നേടിയിട്ടുള്ളത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റും ഉണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ആര് നേടും ഭരണം എന്ന് കാത്തിരുന്ന് തന്നെ കാണണം. കഴിഞ്ഞ തവണ ഇടത് മുന്നണി ഏഴ് സീറ്റില്‍ വിജയിച്ച് അധികാരം പിടിച്ചിരുന്നു. യുഡിഎഫിന് അഞ്ചും എന്‍ഡിഎയ്ക്ക് ആറ് സീറ്റുമാണ് കിട്ടിയിരുന്നത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.

.മംഗലപുരം പഞ്ചായത്തില്‍ ഇടത് മുന്നണിക്ക് 7 സീറ്റും  ഐക്യജനാധിപത്യ മുന്നണിക്ക് 6 സീറ്റുംലഭിച്ചു .ലഭിച്ചുള്ളൂ. എന്‍ഡിഎ ആകട്ടെ ഏഴ് സീറ്റും നേടി. മറ്റുള്ളവര്‍ ഇവിടെ  രണ്ട് സീറ്റ് നേടിയിട്ടുണ്ട്.

കഴിഞ്ഞ തവണ ഇവിടെ ആകെ പതിനഞ്ച് സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ ഇടതിന് ഏഴ് സീറ്റുകള്‍ തന്നെയാണ് കിട്ടിയത്. യുഡിഎഫിന് നാലും എന്‍ഡിഎയ്ക്ക് മൂന്നും സീറ്റുകളാണ് കിട്ടിയത്. ഒരു സ്വതന്ത്രനും വിജയിച്ചു.

പുല്ലമ്പാറ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഏഴ് സീറ്റ് വീതമാണ് കിട്ടിയിട്ടുള്ളത്. എന്‍ഡിഎയും സ്വതന്ത്രനും ഓരോ സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്.കഴിഞ്ഞ തവണ പത്ത് സീറ്റ് നേടി ഇടത് മുന്നണിയാണ് ഇവിടെ അധികാരത്തിലെത്തിയത്. യുഡിഎഫിന് നാല് സീറ്റേ കിട്ടിയുള്ളൂ. എന്‍ഡിഎയ്ക്ക് ഒരു സീറ്റും കിട്ടിയിരുന്നു.

കൊല്ലം ജില്ലയില്‍ ഒരു പഞ്ചായത്താണ് ത്രിശങ്കുവിലുള്ളത്. ഉമ്മന്നൂര്‍ പഞ്ചായത്തിലാണ് ഈ സ്ഥിതി. ഇവിടെ ഇടത് വലത് മുന്നണികള്‍ ഒന്‍പത് സീറ്റുകള്‍ വീതം നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ കിട്ടി.കഴിഞ്ഞ തവണ ഇവിടെ ഒന്‍പത് സീറ്റുമായി ഇടതുമുന്നണിയായിരുന്നു അധികാരം പിടിച്ചത്. യുഡിഎഫിന് ആറ് സീറ്റും കിട്ടി. എന്‍ഡിഎയ്ക്ക് അന്നും മൂന്ന് സീറ്റ് ഉണ്ടായിരുന്നു.

പത്തനംതിട്ട ജില്ലയിലെ  കവിയൂര്‍ പഞ്ചായത്തില്‍ ഇടതിനും എന്‍ഡിഎയ്ക്കും അഞ്ച് സീറ്റുകള്‍ വീതമാണ് ഇക്കുറി കിട്ടിയിട്ടുള്ളത്. യുഡിഎഫിന് നാലും.കഴിഞ്ഞ തവണ ആറ് സീറ്റ് നേടി എന്‍ഡിഎയാണ് ഇവിടെ ഭരണത്തിലെത്തിയത്. ഇടതിന് മൂന്ന് സീറ്റ് കിട്ടിയപ്പോള്‍ യുഡിഎഫ് നാല് സീറ്റ് നേടിയിരുന്നു.

നാരങ്ങാനം പഞ്ചായത്തില്‍ ഇക്കുറി ഇടതിന് രണ്ട് സീറ്റുകളേ കിട്ടിയുള്ളൂ. എന്നാല്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ആറ് സീറ്റുകള്‍ വീതമുണ്ട്.കഴിഞ്ഞ തവണ ഏഴ് സീറ്റുമായി ഇടത് മുന്നണിയായിരുന്നു പഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. യുഡിഎഫിന് നാല് എന്‍ഡിഎയ്ക്ക് രണ്ട് എന്നതായിരുന്നു അന്നത്തെ കക്ഷിനില.

നെടുമ്പ്രം പഞ്ചായത്തില്‍ ഇടതിന് ആറ് സീറ്റുകള്‍ കിട്ടി. യുഡിഎഫ് ഒരു സീറ്റിലേക്ക് ചുരുങ്ങി. എന്‍ഡിഎയ്ക്കും ആറ് സീറ്റുണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്.കഴിഞ്ഞ തവണ ആറ് സീറ്റുകള്‍ നേടിയ ഇടതുമുന്നണി ഇവിടെ അധികാരത്തിലെത്തിയിരുന്നു. യുഡിഎഫിന് രണ്ട് സീറ്റും എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു.

നിരണം പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ ആറ് സീറ്റുകള്‍ വീതം നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് സീറ്റൊന്നും കിട്ടിയില്ല. രണ്ട് സ്വതന്ത്രരും ഇവിടെ വിജയിച്ചിട്ടുണ്ട്.കഴിഞ്ഞ തവണ ഇടത് മുന്നണിക്ക് നാല് സീറ്റും യുഡിഎഫിന് അഞ്ച് സീറ്റുമാണ് കിട്ടിയത്. സ്വതന്ത്രര്‍ നാല് സീറ്റില്‍ വിജയിച്ചപ്പോള്‍ എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ല.

ആലപ്പുഴ ജില്ലയില്‍ എട്ട് പഞ്ചായത്തുകളാണ് ത്രിശങ്കുവിലായിരിക്കുന്നത്. ചെന്നംപള്ളിപ്പുറം പഞ്ചായത്തില്‍ ഇടത് മുന്നണിക്ക് അഞ്ച് സീറ്റുകള്‍ കിട്ടിയപ്പോള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ഏഴ് സീറ്റുകള്‍ വീതമുണ്ട്.

കഴിഞ്ഞ തവണ ഇവിടെ ഒന്‍പത് സീറ്റുമായി ഇടതുമുന്നണിയാണ് അധികാരത്തിലെത്തിയത്. യുഡിഎഫിന് ആറ് സീറ്റും എന്‍ഡിഎയ്ക്ക് രണ്ട് സീറ്റും ലഭിച്ചിരുന്നു.

ചേപ്പാട് പഞ്ചായത്തില്‍ ഇക്കുറി ഇടത് വലത് മുന്നണികള്‍ ഏഴ് സീറ്റുകള്‍ വീതമാണ് നേടിയത്. എന്‍ഡിഎയും സ്വതന്ത്രനും ഓരോ സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ തവണ പത്ത് സീറ്റുമായി ഇടത് മുന്നണി അധികാരത്തിലെത്തിയിരുന്നു. യുഡിഎഫിന് മൂന്ന് സീറ്റാണ് കിട്ടിയത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.

ചെറിയനാട് പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ ആറ് സീറ്റുകള്‍ വീതം നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് നാല് സീറ്റുകള്‍ കിട്ടി.

കഴിഞ്ഞ തവണ പത്ത് സീറ്റുകളുമായി ഇടത് മുന്നണി അധികാരം പിടിച്ച പഞ്ചായത്താണിത്. യുഡിഎഫിനാകട്ടെ രണ്ട് സീറ്റാണ് കഴിഞ്ഞ തവണ കിട്ടിയത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റേ കിട്ടിയിരുന്നുള്ളൂ. രണ്ട് സ്വതന്ത്രര്‍ക്ക് വിജയിക്കാനായി.

കരുവാറ്റ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഏഴ് സീറ്റുകള്‍ വീതമാണ് കിട്ടിയത്. നാല് സീറ്റ് എന്‍ഡിഎയും പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ഏഴ് സീറ്റ് നേടിയ ഇടതുമുന്നണിയാണ് ഇവിടെ അധികാരത്തിലെത്തിയത്. യുഡിഎഫിന് ആറ് സീറ്റും എന്‍ഡിഎയ്ക്ക് രണ്ട് സീറ്റും കിട്ടിയിരുന്നു.

മാവേലിക്കര-താമരക്കുളം പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഏഴ് സീറ്റുകള്‍ വീതമാണ് കിട്ടിയത്. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുമുണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചു.

കഴിഞ്ഞ തവണ ഏഴ് സീറ്റുമായി യുഡിഎഫാണ് ഇവിടെ അധികാരത്തിലെത്തിയത്. ഇടതിന് നാല് സീറ്റേ കിട്ടിയുള്ളൂ. എന്‍ഡിഎയ്ക്ക് അഞ്ച് സീറ്റ് ലഭിച്ചിരുന്നു.

പാലമേല്‍ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് എട്ട് സീറ്റുകള്‍ വീതമാണ് ഉള്ളത്. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുകള്‍ കിട്ടി. മൂന്ന് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ പതിമൂന്ന് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തിയ പഞ്ചായത്താണിത്. യുഡിഎഫിന് മൂന്നും എന്‍ഡിഎയ്ക്ക് ഒന്നും സീറ്റുകള്‍ വീതം ഉണ്ടായിരുന്നു. മറ്റുള്ളവര്‍ രണ്ട് സീറ്റുകള്‍ നേടി.

തകഴി പഞ്ചായത്തില്‍ ഇടത് മുന്നണി ഇക്കുറി നാല് സീറ്റ് നേടിയപ്പോള്‍ യുഡിഎഫും എന്‍ഡിഎയും അഞ്ച് സീറ്റുകള്‍ വീതം സ്വന്തമാക്കി. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ എട്ടു സീറ്റ് നേടി ഇടത് മുന്നണിയാണ് ഇവിടെ അധികാരത്തിലേറിയത്. യുഡിഎഫ് നാല് സീറ്റും രണ്ട് സീറ്റ് എന്‍ഡിഎയും പിടിച്ചിരുന്നു.

വള്ളികുന്നം പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഏഴ് സീറ്റുകള്‍ വീതമാണ് കിട്ടിയത്. എന്‍ഡിഎയ്ക്ക് അഞ്ച് സീറ്റും കിട്ടിയിട്ടുണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചു.

കഴിഞ്ഞ തവണ പത്ത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തിയ പഞ്ചായത്താണിത്. യുഡിഎഫിന് ആറ് സീറ്റാണ് കിട്ടിയത്. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റ് ഉണ്ടായിരുന്നു.

കോട്ടയം ജില്ലയില്‍ അഞ്ച് പഞ്ചായത്താണ് കയ്യാലപ്പുറത്തുള്ളത്. കാരൂര്‍ പഞ്ചായത്തില്‍ ഇടത് മുന്നണിക്ക് അഞ്ച് സീറ്റുകള്‍ കിട്ടിയപ്പോള്‍ യുഡിഎഫിന് ആറ് സീറ്റുകള്‍ കിട്ടി. മറ്റുള്ളവരും ആറ് സീറ്റുകള്‍ നേടിയിട്ടുണ്ട്. എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ല.

കഴിഞ്ഞ തവണ ആറ് സീറ്റുമായി ഇടത് മുന്നണിയാണ് ഇവിടെ അധികാരത്തിലെത്തിയത്. യുഡിഎഫിന് രണ്ട് സീറ്റ് കിട്ടിയിരുന്നു. എന്‍ഡിഎ ഒരു സീറ്റ് നേടിയപ്പോള്‍ മറ്റുള്ളവര്‍ ആറ് സീറ്റുകള്‍ സ്വന്തമാക്കി.

കറുകച്ചാലില്‍ ഇടത് വലത് മുന്നണികള്‍ എട്ട് സീറ്റുകള്‍ വീതമാണ് നേടിയിരിക്കുന്നത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റുണ്ട്.

കഴിഞ്ഞ തവണ ഒന്‍പത് സീറ്റുമായി ഇടത് മുന്നണിയാണ് ഇവിടെ അധികാരത്തിലെത്തിയത്. ഐക്യജനാധിപത്യ മുന്നണിക്ക് അഞ്ച് സീറ്റേ ഉണ്ടായിരുന്നുള്ളൂ. എന്‍ഡിഎയും സ്വതന്ത്രനും ഓരോ സീറ്റുകള്‍ നേടി.

പായിപ്പാട് പഞ്ചായത്തില്‍ ഇടത് മുന്നണിയും മറ്റുള്ളവരും ആറ് സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്. യുഡിഎഫിന് നാല് സീറ്റാണ് ഉള്ളത്. ഒരു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും വിജയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ആറ് സീറ്റുമായി ഇടത് മുന്നണി അധികാരത്തിലെത്തിയ പഞ്ചായത്താണിത്. അഞ്ച് സീറ്റ് യുഡിഎഫിന് ലഭിച്ചിരുന്നു. എന്‍ഡിഎയ്ക്ക് ഒരു സീറ്റും നേടാനായില്ല. മൂന്ന് സീറ്റ് മറ്റുള്ളവര്‍ നേടി.

തീക്കോയ് പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ അഞ്ച് സീറ്റുകള്‍ വീതം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് കിട്ടി. മറ്റുള്ളവര്‍ മൂന്ന് സീറ്റില്‍ വിജയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ഏഴ് സീറ്റുമായി യുഡിഎഫാണ് ഇവിടെ അധികാരം പിടിച്ചത്. ഇടതിന് നാല് സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. മറ്റുള്ളവര്‍ രണ്ട് സീറ്റുകള്‍ നേടി.

വെളിയന്നൂര്‍ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ആറ് സീറ്റുകള്‍ വീതമാണ് കിട്ടിയത്. എന്‍ഡിഎയ്ക്ക് സീറ്റൊന്നും കിട്ടിയിട്ടില്ല. മറ്റുള്ളവര്‍ രണ്ട് സീറ്റില്‍ വിജയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ വെളിയന്നൂര്‍ പഞ്ചായത്തില്‍ ഒന്‍പത് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തി. യുഡിഎഫിനും എന്‍ഡിഎയ്ക്കും പച്ച തൊടാനായില്ല. നാല് സീറ്റ് മറ്റുള്ളവര്‍ നേടി.

ഇടുക്കി ജില്ലയിലെ മുട്ടം പഞ്ചായത്തില്‍ ഇടത് മുന്നണിക്ക് നാല് സീറ്റ് കിട്ടിയപ്പോള്‍ യുഡിഎഫിന് അഞ്ച് സീറ്റ് കിട്ടി. മറ്റുള്ളവരും അഞ്ച് സീറ്റ് നേടി. എന്‍ഡിഎയ്ക്ക് സീറ്റൊന്നും ഇല്ല.കഴിഞ്ഞ തവണ എട്ട് സീറ്റുമായി ഇടതു മുന്നണി അധികാരത്തിലെത്തിയ പഞ്ചായത്താണിത്. യുഡിഎഫിന് നാല് സീറ്റേ കിട്ടിയുള്ളൂ. ഒരു സ്വതന്ത്രനും വിജയിച്ചു.പള്ളിവാസല്‍ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ ആറ് സീറ്റുകള്‍ വീതം നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. മറ്റുള്ളവര്‍ രണ്ട് സീറ്റ് നേടി.

കഴിഞ്ഞ തവണ ആറ് സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തിയ പഞ്ചായത്താണിത്. യുഡിഎഫ് ആറ് സീറ്റുകള്‍ നേടി. മറ്റ് രണ്ട് പേരും വിജയിച്ചു.

രാജകുമാരി പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ ഏഴ് സീറ്റുകള്‍ വീതം സ്വന്തമാക്കി.

കഴിഞ്ഞ തവണ പത്ത് സീറ്റുമായി ഇടതുമുന്നണിയാണ് അധികാരത്തിലെത്തിയത്. മൂന്ന് സീറ്റ് യുഡിഎഫ് നേടി.

ഉപ്പുതറ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ എട്ട് സീറ്റുകള്‍ വീതമാണ് നേടിയത്. എന്‍ഡിഎയ്ക്കും സ്വതന്ത്രനും ഓരോ സീറ്റുകള്‍ വീതമുണ്ട്.

കഴിഞ്ഞ തവണ എട്ട് സീറ്റുമായി എല്‍ഡിഎഫ് ഭരണം നേടി.യുഡിഎഫിന് ഒന്‍പത് സീറ്റ് കിട്ടി ഒരു സ്വതന്ത്രനും വിജയിച്ചു.എന്‍ഡിഎ ഒന്നും നേടിയില്ല.

എറണാകുളം ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളാണ് ആര്‍ക്കും കൃത്യമായ ഭൂരിപക്ഷമില്ലാതെയുള്ളത്. ചെമ്പൂക്കാവ് പഞ്ചായത്തില്‍ ഇടത് മുന്നണിക്ക് അഞ്ച് സീറ്റ് കിട്ടിയപ്പോള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ആറ് സീറ്റുകള്‍ വീതം കിട്ടി. മറ്റുള്ളവര്‍ രണ്ട് സീറ്റ് നേടി.

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തില്‍ ഇടത് മുന്നണിക്ക് നാല് സീറ്റും യുഡിഎഫിന് ആറ് സീറ്റും കിട്ടി. എന്‍ഡിഎയ്ക്ക് ആറ് സീറ്റുണ്ട്. രണ്ട് സീറ്റ് മറ്റുള്ളവര്‍ നേടി.പൂതൃക്ക പഞ്ചായത്തില്‍ ഇടത് മുന്നണി കേവലം രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങി. ഏഴ് സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ മറ്റുള്ളവരും ഏഴ് സീറ്റുകളില്‍ വിജയിച്ചു. എന്‍ഡിഎയ്ക്ക്ഒരു സീറ്റും നേടാനായില്ല.

പോത്താനിക്കാട് പഞ്ചായത്തില്‍ ഇടത് മുന്നണിക്ക് രണ്ട് സീറ്റ് കിട്ടിയപ്പോള്‍ യുഡിഎഫ് ആറ് സീറ്റ് നേടിയിട്ടുണ്ട്. മറ്റുള്ളവരും ആറ് സീറ്റ് നേടി. എന്‍ഡിഎയ്ക്ക് സീറ്റൊന്നും കിട്ടിയില്ല.

വെങ്ങോല പഞ്ചായത്തില്‍ ഇടതിന് ആറ് സീറ്റ് കിട്ടിയപ്പോള്‍ യുഡിഎഫിന് ഒന്‍പത് സീറ്റ് നേടാനായി. മറ്റുള്ളവര്‍ക്കും ഇതേ അംഗബലമുണ്ട്. എന്നാല്‍ എന്‍ഡിഎ സംപൂജ്യരാണ്.

തൃശൂര്‍ ജില്ലയിലെ അവിനിശേരിയില്‍ ഇടതിന് രണ്ട് സീറ്റും യുഡിഎഫിനും എന്‍ഡിഎയ്ക്കും ഏഴ് സീറ്റുകള്‍ വീതവും കിട്ടി.

ചേലക്കരയില്‍ ഇടത് വലത് മുന്നണികള്‍ക്ക് പന്ത്രണ്ട് സീറ്റുകള്‍ വീതമാണ് ഉള്ളത്.

കൊടകര പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഏഴ് സീറ്റുകള്‍ വീതമുണ്ട്. എന്‍ഡിഎയ്ക്ക് അഞ്ച് സീറ്റുണ്ട്. ഒരു സ്വതന്ത്രനുംവിജയിച്ചു.

മാളയില്‍ ഇടത് വലത് മുന്നണികള്‍ക്ക് എട്ട് സീറ്റുകള്‍ വീതമുണ്ട്. എന്‍ഡിഎയ്ക്ക് നാല് സീറ്റും ഒരു സ്വതന്ത്രനും വിജയിച്ചു.

പറക്കുളം പഞ്ചായത്തില്‍ ഇടതിന് അഞ്ച് സീറ്റ് കിട്ടി. യുഡിഎഫിനും എന്‍ഡിഎയ്ക്കും ആറ് സീറ്റുകള്‍ വീതമുണ്ട്.

തളിക്കുളം പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് അഞ്ച് സീറ്റുകള്‍ വീതമാണ് ഉള്ളത്. എന്‍ഡിഎ നാല് സീറ്റ് പിടിച്ചപ്പോള്‍ മറ്റുള്ളവരും ഇതേ സംഖ്യ നേടിയിട്ടുണ്ട്.

വല്ലച്ചിറ പഞ്ചായത്തില്‍ ഇടത് മുന്നണിക്ക് ആറ് സീറ്റുണ്ട്. യുഡിഎഫിന് നാലും എന്‍ഡിഎയ്ക്ക് ആറും സീറ്റുകളാണ് ഉള്ളത്.

പാലക്കാട് അയിലൂര്‍ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് എട്ട് സീറ്റുകള്‍ വീതം കിട്ടി. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചു.

ചളവറ പഞ്ചായത്തിലും ഇത് തന്നെയാണ് ഇടത് വലത് മുന്നണികളുടെ കക്ഷി നില. ഒരു സീറ്റ് എന്‍ഡിഎയും നേടിയിട്ടുണ്ട്.

എരുത്തേംപതി ഗ്രാമപഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് അഞ്ച് സീറ്റുകള്‍ വീതമാണ് കിട്ടിയിരിക്കുന്നത്. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ കിട്ടി. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകളുണ്ട്.

കോട്ടായി പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ആറ് സീറ്റുകള്‍ വീതമുണ്ട്. എന്‍ഡിഎയ്ക്ക് നാലും.

മാത്തൂര്‍ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് എട്ട് സീറ്റുകള്‍ വീതമാണ് ഉള്ളത്. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുണ്ട്. പറളി പഞ്ചായത്തില്‍ ഇടതിനും എന്‍ഡിഎയ്ക്കും എട്ട് സീറ്റുകള്‍ വീതമുണ്ട്. യുഡിഎഫിന് അഞ്ച് സീറ്റും.

തെങ്കര പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഏഴ് സീറ്റുകള്‍ വീതമാണ് ഉള്ളത്. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചു.

വടക്കാഞ്ചേരിയില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഒന്‍പത് സീറ്റ് വീതമുണ്ട്. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചു.

മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളാണ് കയ്യാലപ്പുറത്തുള്ളത്. എടപ്പാള്‍, പുലമന്തോള്‍ പഞ്ചായത്തുകള്‍ക്കാണ് കക്ഷി നില തുല്യമായി വന്നിട്ടുള്ളത്. ഇവിടെ സ്വതന്ത്രരോ ബിജെപിയോ ഭരണം നിര്‍ണയിക്കും.

എടപ്പാള്‍ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ ഏഴ് സീറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ എന്‍ഡിഎയ്ക്ക് അഞ്ചും മറ്റുള്ളവര്‍ക്ക് രണ്ടും സീറ്റുകള്‍ വീതം കിട്ടി. പുലമന്തോളില്‍ ഇടത് വലത് മുന്നണികള്‍ക്ക് എട്ട് സീറ്റുകള്‍ വീതമാണ് ഉള്ളത്. ബിജെപിക്ക് ഒന്നും നേടാനായില്ല. മറ്റുള്ളവര്‍ ഏഴ് സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ നാല് പഞ്ചായത്തുകള്‍ക്കാണ് ഈ വിധിയുള്ളത്. അഴിയൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളും ഏഴ് സീറ്റുകള്‍ വീതമാണ് നേടിയിട്ടുള്ളത്. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുണ്ട്. മറ്റുള്ളവര്‍ നാല് സീറ്റുകളും നേടിയിട്ടുണ്ട്.

നന്മണ്ട പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് എട്ട് സീറ്റുകള്‍ വീതമാണ് കിട്ടിയിട്ടുള്ളത്. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുമുണ്ട്.

സംസ്ഥാനശ്രദ്ധ നേടിയിട്ടുള്ള ഒഞ്ചിയം പഞ്ചായത്തില്‍ ഇടത് മുന്നണിക്ക് ഏഴ് സീറ്റും ആര്‍എംപിയുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നണിക്ക് ഏഴ് സീറ്റുമുണ്ട്. യുഡിഎഫിന് അഞ്ച് സീറ്റുമുണ്ട്. എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല.

കഴിഞ്ഞ തവണ ഒരു സീറ്റിന്‍റെ വ്യത്യസത്തിലാണ് യുഡിഎഫ് -ആര്‍എംപി സഖ്യം പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്. എന്നാല്‍ ഇക്കുറി ജനകീയ മുന്നണിയുടെയും യുഡിഎഫിന്‍റെയും സീറ്റുകള്‍ കൂടുമ്പോള്‍ തന്നെ പന്ത്രണ്ട് സീറ്റോടെ ഇവര്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.

തിരുവള്ളൂര്‍ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് പതിനൊന്ന് സീറ്റുകള്‍ വീതമാണ് ഉള്ളത്. ഇവിടെ മറ്റാര്‍ക്കും സീറ്റുകളൊന്നുമില്ലാത്തതിനാല്‍നറുക്കെടുപ്പിലൂടെയാകും അധ്യക്ഷനെ തെരഞ്ഞെടുക്കുക. കഴിഞ്ഞ തവണ ഇടത് മുന്നണി ഭരിച്ചിരുന്ന പഞ്ചായത്താണിത്.

വയനാട് ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലാണ് ഇരു സഖ്യങ്ങളും തുല്യനിലയിലുള്ളത്. നെന്മേനി, പുല്‍പ്പള്ളി പഞ്ചായത്തുകളിലാണ് ഇടത് വലത് മുന്നണികള്‍ തുല്യരായിട്ടുള്ളത്. നെന്‍മേനി പഞ്ചായത്തില്‍ പതിനൊന്ന് സീറ്റുകള്‍ വീതമാണ് ഇടത് വലത് മുന്നണികള്‍ നേടിയിട്ടുള്ളത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റുണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്.

കഴിഞ്ഞതവണ ഇടതുമുന്നണിയുടെ ഭരണമായിരുന്നു ഇവിടെ.

പുല്‍പ്പള്ളി പഞ്ചായത്തില്‍ എട്ട് സീറ്റുകള്‍ വീതണമാണ് ഇടത് വലത് മുന്നണികള്‍ക്കുള്ളത്. എന്‍ഡിഎയ്ക്ക് നാല് സീറ്റുണ്ട്. ഒരു സീറ്റ് സ്വതന്ത്രനും നേടിയിട്ടുണ്ട്. എന്‍ഡിഎയുടെ നിലപാടാകും ഇവിടെ നിര്‍ണായകമാകുക. ഇടതുമുന്നണി ഭരിച്ച പഞ്ചായത്താണ് പുല്‍പ്പള്ളിയും.

കണ്ണൂര്‍ ജില്ലയിലെ രണ്ട് പഞ്ചായത്തുകളാണ് കയ്യാലപ്പുറത്തുള്ളത്. കടമ്പൂരും മുണ്ടേരിയുമാണ് ഇവ.

കടമ്പൂര്‍ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ ഏഴ് സീറ്റുകള്‍ വീതം നേടി. എന്‍ഡിഎയ്ക്ക് സീറ്റൊന്നുമില്ല. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ഇയാളാകും ഇവിടെ വിധി നിര്‍ണയിക്കുക. വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടത് മുന്നണി അധികാരത്തിലിരുന്ന പഞ്ചായത്താണിത്.

മുണ്ടേരി പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് പതിനൊന്ന് സീറ്റുകള്‍ വീതമുണ്ട്. ഇവിടെ വേറെയാരും ഇല്ലാത്തതിനാല്‍ തന്നെ നറുക്കെടുപ്പിലൂടെയാകും അധ്യക്ഷ പദം നിശ്ചയിക്കുക.

ഇടതുമുന്നണി തന്നെയായിരുന്നു 2020ല്‍ ഇവിടെ അധികാരത്തിലെത്തിയത്.

കാസര്‍കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളാണ് ത്രിശങ്കുവിലുള്ളത്. ബദിയടുക്ക പഞ്ചായത്തില്‍ ഇടത് മുന്നണി കേവലം ഒരു സീറ്റ് മാത്രം നേടിയപ്പോള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും പത്ത് സീറ്റുകള്‍ വീതമുണ്ട്. മറ്റാരും ഇല്ലാത്തതിനാല്‍ ഇടത് കക്ഷിയുടെ നിലപാട് നിര്‍ണായകമാണ്. എന്നാല്‍ യുഡിഎഫിനൊപ്പമോ എന്‍ഡിഎയ്ക്കൊപ്പമോ ഇവര്‍ പോകാന്‍ സാധ്യതയില്ലാത്തതിനാല്‍ നറുക്കെടുപ്പ് തന്നെയാകും അധ്യക്ഷനെ നിശ്ചയിക്കുക. കാല്‍നൂറ്റാണ്ടായി യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തായിരുന്നു ബദിയടുക്ക എന്നതും ശ്രദ്ധേയമാണ്.

ബേളൂര്‍ പഞ്ചായത്തില്‍ ഇടതിന് രണ്ട് സീറ്റുണ്ട്. യുഡിഎഫിന് പച്ചതൊടാനായില്ല. എന്‍ഡിഎയ്ക്കും മറ്റുള്ളവര്‍ക്കും ആറ് സീറ്റുകള്‍ വീതമുണ്ട്. എന്‍ഡിഎ തന്നെയാകും അധികാരത്തിലെത്തുക. കഴിഞ്ഞ തവണ ബിജെപി ആയിരുന്നു ഇവിടെ അധികാരത്തിലുണ്ടായിരുന്നത്.

ദേലം പാടി പഞ്ചായത്തില്‍ ഇടത് മുന്നണിക്കും എന്‍ഡിഎയ്ക്കും അഞ്ച് സീറ്റുകള്‍ വീതമുണ്ട്. യുഡിഎഫിന് നാല് സീറ്റേയുള്ളൂ. പക്ഷേ മൂന്നു സ്വതന്ത്രരുടെ സാന്നിധ്യമാകും ഇവിടെ നിര്‍ണായകമാകുക. കഴിഞ്ഞ തവണ ഇടത് മുന്നണിയായിരുന്നു ഇവിടെ അധികാരത്തിലുണ്ടായിരുന്നത്.

പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഒന്‍പത് വീതമാണ് ഇടത് വലത് മുന്നണികളുടെ കക്ഷി നില. ഒരു സീറ്റ് എന്‍ഡിയ്ക്കുണ്ട്. ഇവരുടെ നിലപാട് നിര്‍ണായകമാകും. കഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിലിരുന്ന പഞ്ചായത്താണിത്.

പുത്തിഗെ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് അഞ്ച് സീറ്റുകള്‍ വീതമുണ്ട്. എന്‍ഡിഎയ്ക്ക് രണ്ടും. നാല് സീറ്റുകളില്‍ മറ്റുള്ളവര്‍ വിജയിച്ചിട്ടുണ്ട്. ഇവരുടെ നിലപാടാകും പഞ്ചായത്തില്‍ ആര് ഭരിക്കുമെന്ന് നിര്‍ണയിക്കുക. കഴിഞ്ഞ തവണ ഇടത് പക്ഷമാണ് ഇവിടെ അധികാരത്തിലിരുന്നത്.