മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു
എറണാകുളം: കേരളത്തിലെ ആദ്യ സന്യാസിനിയും ഭാരതത്തിലെ ആദ്യ കർമലീത്ത സന്യാസിനിയുമായ മദർ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മലേഷ്യയിലെ പെനാങ് രൂപതയുടെ മെത്രാനായ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപനം നടത്തി. എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
മദര്‍ ഏലീശ്വയുടെ വിശുദ്ധവും ധീരവും അചഞ്ചലവുമായ വിശ്വാസത്തിൻ്റെയും സ്‌നേഹത്തിൻ്റെയും ജീവിതം അനേകര്‍ക്ക് പ്രചോദനമായി തീരുമെന്ന് പെനാങ് രൂപത മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് പറഞ്ഞു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തി.കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപിച്ചപ്പോള്‍ ദേവാലയത്തിലെ മണികള്‍ മുഴങ്ങി. വത്തിക്കാൻ്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കി. കർദിനാൾ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്‌തു. തുടര്‍ന്ന് മദറിൻ്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്‌ഠിച്ചു.ദിവ്യബലിക്കുശേഷം ഏലീശ്വാമ്മയുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്‌തു. കെആര്‍എല്‍സിബിസി പ്രസിഡൻ്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. ഇന്ത്യയ്ക്കകത്തു നിന്നും വിദേശത്തുനിന്നുമുള്ള നിരവധി കർദിനാൾമാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്തു.
ലിയോ മാർപാപ്പ അനുമതി നൽകിയതോടെയാണ്, മദർ വിട പറഞ്ഞ് 112 വർഷങ്ങൾ കഴിയുന്ന വേളയിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. കേരള സഭയുടെ ചരിത്രത്തിൽ സുവർണ ശോഭ പരത്തിയ മദർ ഏലീശ്വ 1866 ഫെബ്രുവരി പതിമൂന്നാം തീയതിയാണ് കൂനമ്മാവിൽ സ്ത്രീകൾക്കായുള്ള കർമലീത്ത നിഷ്‌പാദുക മൂന്നാം സഭ (TOCD) സ്ഥാപിക്കുന്നത്.കേരളത്തിൽ ആദ്യമായി പെൺകുട്ടികൾക്ക് സ്‌കൂളും ബോർഡിങ് ഭവനവും അനാഥമന്ദിരവും ആരംഭിക്കുക വഴി സ്ത്രീശാക്തീകരണത്തിൽ പുതിയ നാഴികക്കല്ലുകള്‍ സൃഷ്‌ടിച്ചു. 24 വർഷങ്ങൾക്ക് ശേഷം 1890 സെപ്റ്റംബർ 17 ന് ടിഒസിഡി സന്യാസിനി സഭ റീത്ത് അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട് കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് (സിറ്റിസി) കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമൽ (സിഎംസി ) എന്നീ രണ്ട് സന്യാസിനി സഭകൾ രൂപം കൊള്ളുകയും ചെയ്‌തു. മദർ ഏലീശ്വ സ്ത്രീകള്‍ക്കായി കേരളത്തില്‍ ആദ്യമായി പ്രത്യേക സ്‌കൂള്‍ സ്ഥാപിക്കുകയും, കൈത്തൊഴിലുകള്‍ മുഖേന വനിതകളെ ശക്തരാക്കുകയും ചെയ്‌തു.

