നിയമ ലംഘനത്തിനെതിരെ 'നടപടിയെടുത്ത ' പ്രഭാവതിയമ്മയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിൻ്റെ ആദരവ്

 നിയമ ലംഘനത്തിനെതിരെ 'നടപടിയെടുത്ത ' പ്രഭാവതിയമ്മയ്ക്ക്  മോട്ടോര്‍ വാഹന വകുപ്പിൻ്റെ ആദരവ്

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ നടപ്പാതയിലൂടെ നിയമലംഘനം നടത്തി സ്കൂട്ടര്‍ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്കൂട്ടര്‍ ഉടമക്കെതിരെ കേസെടുത്ത മോട്ടോര്‍ വാഹന വകുപ്പ്  ഇയാളുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളില്‍ നിയമ ലംഘനം പിടികൂടാന്‍ ഇന്ന് മുതല്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

നിരവധി പേരാണ് പ്രഭാവതി അമ്മയ്‌ക്ക് പിന്തുണയും അനുമോദനങ്ങളുമായിഎത്തിയത്. സംഭവം നാടാകെ അറിഞ്ഞതോടെ ഇപ്പോൾ കോഴിക്കോട് ജില്ലാ കലക്‌ടർ ഉൾപ്പെടെയുള്ളവർ പ്രഭാവതി അമ്മയുടെ ഈപോരാട്ടം സോഷ്യൽ മീഡിയ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ഉൾപ്പെടെയുള്ള നിരവധി പേർ പ്രഭാവതി അമ്മയുടെ വൈറലായ വീഡിയോ സ്‌റ്റാറ്റസ് ആക്കുകയും ചെയ്‌തു.സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ വിനു ജോസിൻ്റെ നേതൃത്വത്തിൽ പ്രഭാവതി അമ്മയെ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. അതിനിടയിലാണ് മാധ്യമങ്ങളിൽ പ്രഭാവതി അമ്മയെ കുറിച്ചുള്ള വാർത്തകളും മറ്റും പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രഭാവതി അമ്മയുടെ എരഞ്ഞിപ്പാലത്തുള്ള വീട്ടിലെത്തി ഇവരെ ആദരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു.

സ്‌കൂട്ടർ യാത്രക്കാരൻ്റെ ലൈസൻസ് റദ്ദാക്കി

ഒറ്റ ദിവസം കൊണ്ട് സൂപ്പർ സ്‌റ്റാറായി മാറിയ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനി പ്രഭാവതി അമ്മയുടെ ഇടപെടലിൽ ഫുട്‌പാത്തിലൂടെ വണ്ടിയോടിച്ച ആളുടെ ലൈസൻസ് കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.എന്നാൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു പ്രഭാവതി അമ്മ നൽകിയ മറുപടി. സംഭവം നാടാകെ വാർത്തയായതോടെ ഇത്തരം നിയമലംഘനങ്ങൾ പിടികൂടുന്നതിന് ഊർജ്ജിതമായി പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അതോടൊപ്പം പൊലീസുമായി ചേർന്ന് വേഷം മാറിയുള്ള കർശന പരിശോധനയും നാളെ മുതൽ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വീഡിയോ വൈറൽ

ചെവ്വാഴ്‌ചയാണ് (ഫെബ്രുവരി 10) സംഭവം നടന്നത്. ബൈപ്പാസിലെ ഗതാഗത കുരുക്കിൽ പെട്ടുപ്പോയ സ്‌കൂട്ടർ യാത്രികൻ നടപ്പാതയിലേക്ക് വണ്ടി ഓടിച്ചു കയറ്റുകയായിരുന്നു. ആ സമയത്താണ് പ്രഭാവതി അമ്മ നടന്ന് വരുന്നത്. ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന നടപ്പാത ആയിരുന്നു അത്. തൻ്റെ മുന്നിലേക്ക് സ്‌കൂട്ടറുമായി എത്തിയ യാത്രക്കാരന് മുന്നിൽ നിന്ന് പ്രഭാവതി അമ്മ മാറിയില്ല.ഇതിനിടെ പല തവണ സ്‌കൂട്ടർ യാത്രക്കാരൻ ഇവരോട് മാറാൻ ആവശ്യപ്പെടുന്നതും വണ്ടി സൈഡിലൂടെ കൊണ്ടുപോവാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. എന്നാൽ ഇതൊന്നും നമ്മുടെ പ്രഭാവതി അമ്മ കാര്യമാക്കുന്നില്ല. സ്‌കൂട്ടർ യാത്രക്കാരനോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. സ്‌കൂട്ടർ യാത്രക്കാരൻ തിരികെ പോകാൻ തയ്യാറാവാത്തതോടെ പ്രഭാവതി അമ്മ ബാഗിൽ നിന്ന് മൊബൈൽ ഫോൺ എടുക്കുന്നതും വാഹനത്തിന്‍റെ വീഡിയോയെടുക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.തൻ്റെ ദൃശ്യങ്ങൾ പകർത്തുന്ന പ്രഭാവതി അമ്മയെ കണ്ടതോടെ ഇത് താൻ വിചാരിച്ച ആളല്ലെന്ന് മനസിലാക്കിയ സ്‌കൂട്ടർ യാത്രക്കാരൻ പതിയെ സ്‌കൂട്ടർ റിവേഴ്‌സെടുത്ത് സ്ഥലം വിട്ടു. തൻ്റെ വീഡിയോ ആരോ പകർത്തുന്നുണ്ടെന്ന് മനസിലാക്കിയ പ്രഭാവതി അമ്മ അവരെ നോക്കി കൈപൊക്കി കാണിച്ച് ചിരിച്ച് ലൈക്കും കൊടുക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ആരോ ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രഭാവതി അമ്മയിപ്പോൾ നാട്ടിലെ സൂപ്പർ സ്‌റ്റാറാണ്.

https://www.worldm.news/keralam/prabhavati-amma-is-now-a--17626