വിമാനത്തവാളത്തിലെത്താൻ വൈകി : ഫ്‌ളൈറ്റ് നഷ്ട്ടപ്പെട്ട മലയാളി തീർത്ഥാടകർക്ക് ആശ്വാസമായി മുംബൈ കെഎംസിസി

മുംബൈ :ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ വിമാനംകിട്ടാതെ നവി മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി തീർത്ഥാടകർക്ക് മുംബൈയിലെ കെഎംസിസി പ്രവർത്തകർ ആശ്വാസമായി.
റിയാദിൽ നിന്നും മുംബൈയിലെത്തിയ 32 അംഗ സംഘം ബസ് മാർഗമാണ് നവി മുംബൈ വിമാനത്താവളത്തിലെത്തിയിരുന്നത് . ഇൻഡിഗോയുടെ വൈകുന്നേരം 6.30-നുള്ള കൊച്ചി ഫ്ലൈറ്റിൽ യാത്ര ചെയ്യാനെത്തിയ സംഘത്തിലെ കുട്ടികളും പ്രായമായ സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേർക്ക് ഫ്ലൈറ്റ് മിസ്സായതോടെയാണ് ഇവർ വിമാനത്താവളത്തിൽ കുടുങ്ങിയത്. അൽ നജ ട്രാവൽസ് മുഖേന ഉംറ നിർവഹിക്കാൻ പോയവരായിരുന്നു ഇവർ.

കഴിഞ്ഞ ഡിസംബർ 25-ന് ഉദ്ഘാടനം ചെയ്ത നവി മുംബൈ വിമാനത്താവളത്തിൽ നിലവിൽ ആഭ്യന്തര സർവീസുകൾ മാത്രമാണുള്ളത്. രാത്രികാലങ്ങളിൽ വിമാന സർവീസുകൾ ഇല്ലാത്ത സാഹചര്യം തീർത്ഥാടകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഈ വിവരം സൗദി ദമ്മാം കെഎംസിസി പ്രവർത്തകനായ അസീസ് ഓൾ ഇന്ത്യ മഹാരാഷ്ട്ര കെഎംസിസി ജനറൽ സെക്രട്ടറി തലശ്ശേരി പുന്നോലിലെ കെ.പി. അബ്ദുൽ ഗഫൂറിനെ വൈകുന്നേരം 7.40-ന് ഫോണിലൂടെ അറിയിക്കുകയായിരുന്നു. അദ്ദേഹം ഉടൻ തന്നെ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട് തീർത്ഥാടകരെ കണ്ടെത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.തുടർന്ന് നവി മുംബൈ കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഉൾവാർ നേരിട്ട് വിമാനത്താവളത്തിലെത്തി തീർത്ഥാടകരെ സമീപത്തെ ഹോട്ടലിൽ സുരക്ഷിതമായി താമസിപ്പിക്കുകയും ഭക്ഷണ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. വിമാനത്താവളത്തിൽ കുടുങ്ങിയ ഒമ്പത് പേരേയും ഇന്നലെ വൈകുന്നേരം 6 മണിയോടെ കൊച്ചിയിലേക്ക് യാത്രയാക്കി.
പാക്കേജ് ഏർപ്പെടുത്തിയ ട്രാവൽ ഏജൻസി വേണ്ട സൗകര്യങ്ങൾ ഒരുക്കിയില്ലെന്നാണ് തീർത്ഥാടകരുടെ ആരോപണം